പ്രായമല്ല, കളിയാണ് പ്രധാനമെന്നും തന്റെ പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുണ്ടാകുമെന്നും പ്രഖ്യാപിച്ച പുതിയ പരിശീലകന്റെ മനസ്സ് കാലിലാവാഹിച്ച ക്രിസ്റ്റ്യാനോയുടെ മികവിൽ തകർപ്പൻ ജയവുമായി പോർച്ചുഗൽ. യൂറോ യോഗ്യത പോരാട്ടത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത ആറു ഗോളിനാണ് പുതിയ പരിശീലകൻ റോബർട്ടോ മാർടിനെസിനു കീഴിൽ ഇറങ്ങിയ പറങ്കിപ്പട മുക്കിയത്. രണ്ടു വട്ടം ഗോളടിച്ച് ക്രിസ്റ്റ്യാനോ താരമായ കളിയിൽ യൊആവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒട്ടാവിയോ, റാഫേൽ ലിയോ എന്നിവരും സ്കോർ ചെയ്തു. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യത പോരാട്ടങ്ങളിൽ ടോപ്സ്കോറർ പട്ടം നേരത്തെ സ്വന്തമായുള്ള ക്രിസ്റ്റ്യാനോ ഇതോടെ 37 കളികളിലായി നേടിയ ഗോളുകൾ 35 ആയി. ദേശീയ ജഴ്സിയിൽ മൊത്തം ഗോൾനേട്ടം 122ഉം.
പൂർണമായും പോർച്ചുഗൽ കളംനിറഞ്ഞ കളിയിൽ ഒമ്പതാം മിനിറ്റിൽ വല കുലുക്കി ക്രിസ്റ്റ്യാനോയാണ് തുടങ്ങിയത്. അപ്രതീക്ഷിതമായി കാലിലെത്തിയ പന്ത് ചെറിയ ടച്ചിൽ വലയിലെത്തിച്ച താരം കളി അരമണിക്കുർ പിന്നിട്ടയുടൻ മനോഹര ഫിനിഷിൽ വീണ്ടും വല കുലുക്കി. അതിനിടെ, വെറുതെ വീണതിന് താരം കാർഡ് വാങ്ങുന്നതിനും മൈതാനം സാക്ഷിയായി. ലക്സംബർഗ് പ്രതിരോധ താരം ഫൗൾ ചെയ്തതായി അഭിനയിച്ചതിനാണ് അഞ്ചു തവണ ബാലൻ ദി ഓർ ജേതാവായ താരം മഞ്ഞക്കാർഡ് വാങ്ങിയത്. ദുർബലരായ എതിരാളികളായിട്ടും വെറുതെ വീണതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുമായി ആരാധകർ എത്തുന്നതും കണ്ടു. ‘‘ഡൈവിങ് കിങ്’ എന്നു പേരിട്ടായിരുന്നു ചിലർ ട്രോളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.