റിയാദ്: ദമാക് എഫ്.സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് അൽ നസ്ർ സൗദി പ്രൊ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ഗോളിലൂടെയാണ് അൽ നസ്ർ വിജയമുറപ്പിച്ചത്.
റിയാദിലെ സ്വന്തം തട്ടകമായ കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോക്കൊപ്പം സാദിയോ മാനെ, ആൻഡേഴ്സൺ ടെലിസ്ക, ഒക്ടാവിയോ എന്നിവരാണ് അൽ നസ്ർ മുന്നേറ്റ നിര നയിച്ചത്. അസ്സൻ സീസെയുടെ നേതൃത്വത്തിലുള്ള ഡമാക് സംഘം ആദ്യപകുതിയിൽ അൽ നസ്റിനുമേൽ വ്യക്തമായ മേധാവിത്വം പുലർത്തി.
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ എങ്കുദുവിലൂടെ ദമാകാണ് ആദ്യ ലീഡെടുത്തത് (1-0). രണ്ടാം പകുതിയിൽ 52ാം മിനിറ്റിൽ ടെലിസ്കയുടെ ഫ്രീകിക്ക് ഗോളിലൂടെയാണ് അൽ നസ്ർ സമനില പിടിക്കുന്നത്. ബോക്സിന് തൊട്ടരികിൽ ദമാക് താരം ഹാൻഡ്ബോൾ വരുത്തിയതിനെ തുടർന്ന് ലഭിച്ച ഫ്രീകിക്ക് റൊണാൾഡോ കിക്കെടുക്കും എന്ന് കരുതിയിരിക്കെ എതിർടീമിനെ കബളിപ്പിച്ച് ടെലിസ്ക പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തൊടുക്കുകയായിരുന്നു (1-1).
അഞ്ചുമിനിറ്റിനകം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിടിലൻ ഫ്രീകിക്ക് ഗോളെത്തി. 57ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് റൊണാൾഡോ ദമാക് ഗോൾ കീപ്പറുടെ കണക്ക് കൂട്ടൽ തെറ്റിച്ച് വലയിലെത്തിച്ചു. ഈ വർഷം റോണാൾഡോ നേടുന്ന 41ാം ഗോളായിരുന്നു.
പത്ത് മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായ അൽ നസ്ർ പ്രൊ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 26 പോയിന്റുമായ അൽ ഹിലാലാണ് പട്ടികയിൽ ഒന്നാമത്. അൽ താവോൺ എഫ്.സി 23 പോയിന്റുമായി രണ്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.