പോർട്ടോ (പോർചുഗൽ): പ്രായം അയാൾക്കുമുന്നിൽ വെറുമൊരു അക്കംമാത്രമായി തുടരുന്നു. കളിയുടെ സമ്മർദങ്ങൾക്കൊപ്പം പന്തു തട്ടാനാവാതെ താരങ്ങൾ കുപ്പായമഴിച്ച് പടിയിറങ്ങുന്ന 38-ാം വയസ്സിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഇതിഹാസം കളിക്കളങ്ങളെ തന്റെ പ്രതിഭാ സമ്പത്തുകൊണ്ട് ധന്യമാക്കുകയാണ്. പുത്തൻകൂറ്റുകാരും പുകൾപെറ്റ താരഗണങ്ങളുമാക്കെ പിറവിയെടുത്തിട്ടും പോർചുഗലിന്റെ മുന്നണിപ്പോരാളിയായി അനേകവർഷങ്ങൾക്കിപ്പുറവും റൊണാൾഡോ അനിഷേധ്യനായി തുടരുന്നു. ഏറ്റവുമൊടുവിൽ, 2024ലെ യൂറോ കപ്പിലേക്ക് തന്റെ മിന്നുംപ്രകടനംകൊണ്ട് പോർചുഗലിനെ കൈപിടിച്ചുയർത്തി ക്രിസ്റ്റ്യാനോ അതിന് അടിവരയിട്ടു.
ഡ്രഗാവോ സ്റ്റേഡിയത്തിന്റെ പുൽത്തകിടിയിൽ വെള്ളിയാഴ്ച രാത്രി സ്ലൊവാക്യക്കെതിരെ നടന്ന ആവേശകരമായ യൂറോകപ്പ് യോഗ്യത മത്സരത്തിൽ 3-2ന് ജയം നേടിയാണ് പോർചുഗൽ യൂറോകപ്പിന്റെ പോർക്കളത്തിൽ ഇടമുറപ്പിച്ചത്. ടീം പൊരുതി ജയിച്ച കളിയിൽ രണ്ടു ഗോളുകളും റൊണാൾഡോയുടെ വകയായിരുന്നു. 18-ാം മിനിറ്റിൽ ഗോൺസാലോ റാമോസിലൂടെ മുന്നിലെത്തിയ പോർചുഗലിനുവേണ്ടി 29-ാം മിനിറ്റിൽ പെനാൽറ്റികിക്കിൽനിന്നായിരുന്നു റൊണാൾഡോയുടെ ആദ്യഗോൾ. ഡേവിഡ് ഹാൻകോ 69-ാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും തൊട്ടുപിന്നാലെ വല കുലുക്കിയ റൊണാൾഡോ ടീമിന് രണ്ടു ഗോൾ ലീഡ് തിരിച്ചുനൽകി. 80-ാം മിനിറ്റിൽ സ്റ്റാനിസ്‍ലാവ് ലൊബോട്കയിലൂടെ വീണ്ടും ലക്ഷ്യം കണ്ട സ്ലൊവാക്യ അവസാന ഘട്ടത്തിൽ പൊരുതിനോക്കിയെങ്കിലും പോർചുഗൽ വഴങ്ങിയില്ല.
ഗ്രൂപ് ‘ജെ’യിൽ കളിച്ച ഏഴു മത്സരങ്ങളും ജയിച്ച് 21 പോയന്റുമായാണ് പറങ്കിപ്പട ജർമനിയിൽ അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിന് ഒന്നാം സ്ഥാനക്കാരായി യോഗ്യത ഉറപ്പിച്ചത്. ഏഴു കളികളിൽ നാലു ജയമടക്കം 13 പോയന്റുള്ള സ്ലൊവാക്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാമതുള്ള ലക്സംബർഗിന് 11 പോയന്റാണ് സമ്പാദ്യം.
കളിയുടെ തുടക്കത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ കിടിലൻ ഹെഡറിലൂടെയാണ് റാമോസ് പോർചുഗലിനെ മുന്നിലെത്തിച്ചത്. പത്തുമിനിറ്റിനുശേഷം ബോക്സിൽ ഡെനിസ് വാവ്റോ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാൽറ്റി കിക്ക് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ പിഴവൊന്നും കൂടാതെ വലയിലെത്തിച്ചു. ഹാൻകോയുടെ ലോങ് റേഞ്ചർ അന്റോണിയോ സിൽവയുടെ ദേഹത്തുതട്ടി ഗതിയൊന്നു മാറിയാണ് പോർചുഗൽ വലയിൽ പതിച്ചത്.
െസ്ലാവാക്യ കടുത്ത പ്രത്യാക്രമണങ്ങളുമായി ആതിഥേയർക്ക് വെല്ലുവിളി ഉയർത്തിയ ഘട്ടത്തിലാണ് റൊണാൾഡോ രക്ഷകനായത്. ക്ലിയർ ചെയ്യാനുള്ള വാവ്റോയുടെ ശ്രമം പാളി പന്തെത്തിയത് അൽ നസ്ർ താരത്തിന് മുന്നിൽ. ഉടനടി പന്ത് വലയിലേക്ക് തള്ളി റൊണാൾഡോ ലീഡുയർത്തി. 202-ാമത്തെ രാജ്യാന്തര മത്സരത്തിൽ പോർചുഗലിനായി ക്രിസ്റ്റ്യാനോയുടെ 125-ാം ഗോളായി മാറി അത്. അവസാന ഘട്ടത്തിൽ ലോങ് റേഞ്ചിൽനിന്ന് റോക്കറ്റുകണക്കെയൊരു ഷോട്ടിൽ മനോഹര ഗോളുമായി ലൊബോട്ക ലക്ഷ്യം കണ്ടെങ്കിലും െസ്ലാവാക്യക്ക് അതു മതിയായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.