തെഹ്റാൻ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ അൽ-നസ്ർ എഫ്.സിക്ക് ജയം. ഇറാൻ ക്ലബ് പെർസെപോളിസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അൽ-നസ്ർ പരാജയപ്പെടുത്തിയത്. പെർസെപോളിസിന്‍റെ ഡാനിയൽ ഇസ്മായിലിഫർ 62ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയതിലൂടെ മുന്നിലെത്തിയ അൽ നസ്ർ 72ാം മിനിറ്റിൽ മുഹമ്മദ് ഖാസിമിന്‍റെ ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.
52ാം മിനിറ്റിൽ പെർസെപോളിസിന്‍റെ മിലാദ് സർലാക് ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഇതോടെ അവസാന 40 മിനിറ്റ് 10 പേരുമായാണ് കളിച്ചത്. ജയത്തോടെ അൽ-നസ്ർ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഇ പോയിന്‍റ് പട്ടികയിൽ ഒന്നാമതാണ്.
ഗോൾ നേടാനായില്ലെങ്കിലും പുതിയ റെക്കോഡ് കുറിച്ചാണ് സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം പൂർത്തിയാക്കിയത്. ഇന്നലത്തെ ജയത്തോടെ കരിയറിൽ തോൽവിയറിയാത്ത 1000 മത്സരങ്ങൾ ക്രിസ്റ്റ്യാനോ പൂർത്തിയാക്കി. അന്താരാഷ്ട്ര മത്സരങ്ങളും ക്ലബ് മത്സരങ്ങളും ഉൾപ്പെടെയാണിത്. 776 വിജയങ്ങളും 224 സമനിലയുമാണ് ക്രിസ്റ്റ്യാനോക്കുള്ളത്.
കാണികളില്ലാത്ത സ്റ്റേഡിയത്തിലായിരുന്നു ഇന്നലെ മത്സരം നടന്നത്. പെർസെപോളിസിന്‍റെ മത്സരത്തിൽ കാണികൾ പ്രവേശിക്കുന്നത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ വിലക്കിയിരുന്നു. അതേസമയം, സ്റ്റേഡിയത്തിന് പുറത്ത് ക്രിസ്റ്റ്യാനോക്ക് ഊഷ്മള വരവേൽപ്പാണ് ആരാധകർ നൽകിയത്. ആരാധകർക്കും ഇറാൻ ജനതക്കും ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.