ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മൈതാനത്ത് വാംഅപ് ചെയ്യുന്നതിനിടെ തനിക്ക് ഹസ്തദാനം നൽകാനെത്തിയ വിഖ്യാത ലിവർപൂൾ താരത്തെ മനഃപൂർവം അവഗണിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ-ലിവർപൂൾ മത്സരത്തിന് മുന്നാടിയായി ഓൾഡ് ട്രാഫോർഡിലാണ് ലിവർപൂളിന്റെ വിഖ്യാത താരമായിരുന്ന ജാമി കരാഗറിന് ഹസ്തദാനം നൽകാൻ ക്രിസ്റ്റ്യാനോ വിസമ്മതിച്ചത്.
സ്കൈ സ്പോർട്സിന്റെ കമന്റേറ്ററായാണ് ജാമി ഓൾഡ് ട്രാഫോർഡിലെത്തിയത്. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വിഖ്യാത താരങ്ങളായിരുന്ന ഗാരി നെവിലും റോയ് കീനും കമന്ററി ടീമിൽ ഉണ്ടായിരുന്നു. മൈതാനത്ത് വാംഅപ് ചെയ്യുന്നതിനിടെ ഇവരെ കണ്ട റൊണാൾഡോ അവർക്കരികിലേക്ക് വരികയായിരുന്നു.
റൊണാൾഡോ തങ്ങൾക്കരികിലേക്ക് വരുന്നത് കണ്ട കരാഗർ കൈ കൊടുക്കാൻ മുന്നോട്ടുനീങ്ങി. എന്നാൽ, അദ്ദേഹത്തെ കണ്ടില്ലെന്ന മട്ടിൽ മാഞ്ചസ്റ്റർ താരം നെവിലിന്റെ അടുത്തേക്ക് നീങ്ങി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു. ശേഷം വീണ്ടും കരാഗർ ക്രിസ്റ്റ്യാനോയുടെ അടുത്തേക്ക് നീങ്ങിയെങ്കിലും അപ്പോഴും കണ്ടില്ലെന്ന ഭാവം നടിച്ച് കീനിനെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഒന്നുമറിയാത്ത പോലെ ക്രിസ്റ്റ്യാനോ ഗ്രൗണ്ടിലേക്ക് മടങ്ങുമ്പോൾ 'നിങ്ങൾ എന്നെ പൂർണമായും ഒഴിവാക്കി'യെന്ന് കരാഗർ ഉറക്കെ പറയുന്നുണ്ടായിരുന്നു.
കരാഗർ നിരന്തരം റൊണാൾഡോയെ വിമർശിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഹസ്തദാനം നൽകാതെ അവഗണിച്ചതെന്ന് വിഡിയോക്കടിയിൽ ആരാധകരിലൊരാൾ വിശദീകരിച്ചു. 'റൊണാൾഡോ തിരിച്ചുവന്നതുമുതൽ കരാഗർ അദ്ദേഹത്തിനെതിരെ നിരന്തരം പറയുകയാണ്. ക്രിസ്റ്റ്യാനോ ഒരു പ്രശ്നക്കാരനാണ് എന്നൊക്കെയാണ് ആരോപിക്കുന്നത്. അതുകൊണ്ട് റൊണാൾഡോ തനിക്ക് കൈതരില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരിക്കും'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.