റിയാദ്: അൽ നസ്റിന് ഒരു പക്ഷേ ഒരു ഗോളിന്റെ വിജയത്തോടെ മത്സരം അവസാനിപ്പിക്കാമായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്പോട്സ്മാൻ സ്പിരിറ്റിന് മുന്നിൽ അവർ ഗോൾ രഹിത സമനില വഴങ്ങിയാണ് കളി അവസാനിപ്പിച്ചത്. റിയാദിലെ അൽ അവ്വൽ പാർക്കിൽ ഇറാന്റെ പെര്‍സപൊലിസിനെതിരെ നടന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലാണ് നാടകീയതകൾക്കൊടുവിൽ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുന്നത്.
അൽ നസ്റിന്റെ മുൻനിര താരം ആൻഡേഴ്‌സൺ ടാലിസ്‌കക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനേയുമാണ് അൽ നസ്റിന്റെ മുന്നേറ്റ നിരയെ നയിച്ചത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ബോക്സിൽ റൊണാൾഡോയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ, അത് ഫൗൾ അല്ലെന്നും പെനാൽറ്റി വേണ്ടെന്നും റൊണാൾഡോ റഫറിയോടെ പറയുന്നുണ്ടായിരുന്നു. പിന്നീട് വാർ ചെക്ക് ചെയ്തതിന് ശേഷം റഫറി തീരുമാനം പിൻവലിക്കുകയായിരുന്നു. പെര്‍സപൊലിസിന്റെ താരങ്ങൾ റൊണാൾഡോയുടെ ഈ സത്യസന്ധതയെ അഭിനന്ദിച്ചു.
അതിന് ശേഷമാണ് അൽ നസ്റിന് കനത്ത തിരിച്ചടിയായി ചുവപ്പ് കാർഡ് വരുന്നത്. 17ാം മിനിറ്റിൽ പെര്‍സപൊലിസിന്റെ ഒരു കൗണ്ടർ അറ്റാക്ക് തടയാൻ ശ്രമിക്കുന്നതിനിടെ അൽ നസ്ർ പ്രതിരോധ താരം അൽ നജ്മിക്ക് ചുവപ്പ് കാർഡ് ലഭിക്കുകയായിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ പത്ത് പേരുമായി ചുരുങ്ങിയ അൽനസ്ർ വിജയഗോൾ നേടാൻ അവസാന മിനിറ്റ് വരെ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. കളിയുടെ അവസാനം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കുമൂലം കളം വിട്ടതോടെ ആശങ്കയോടെയാണ് അൽ നസ്ർ കളി അവസാനിപ്പിക്കുന്നത്.
അതേസമയം, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ യിൽ 13 പോയിന്റുമായി അൽ നസ്ർ തന്നെയാണ് മുന്നിൽ. അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച അൽ നസ്റിന് ജയമില്ലാതെ പോകുന്ന ആദ്യ മത്സരമായിരുന്നു പെര്‍സപൊലിസിനെതിരെയുള്ളത്. സെപ്തംബർ 19 ന് ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ ആദ്യ പാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-0 ന് അൽ നസ്ർ വിജയിച്ചിരുന്നു. പെര്‍സപൊലിസ് എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.