യൂറോപ്യൻ ലീഗുകൾ വിട്ടെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകേറി കൂടുതൽ പ്രമുഖർ സൗദി ലീഗിലെത്തുമോ? പ്രമുഖ ലീഗുകൾക്ക് താൽപര്യം കുറഞ്ഞുതുടങ്ങിയ വെറ്ററൻമാരെ ടീമിലെത്തിച്ച് കരുത്തുകൂട്ടാൻ ക്രിസ്റ്റ്യാനോക്ക് താൽപര്യമുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ക്രിസ്റ്റ്യാനോക്കൊപ്പം പന്തുതട്ടിയ സെർജിയോ റാമോസ്, ലുക മോഡ്രിച്, പെപ്പെ തുടങ്ങിയവർ സൗദിയിലെത്തുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
ലോകകപ്പിൽ പോർച്ചുഗൽ പിൻനിരയിലെ പ്രമുഖനായിരുന്നു പെപ്പെ. അടുത്ത ഫെബ്രുവരിയിൽ പ്രായം 40 തൊടുമെങ്കിലും ദേശീയ ജഴ്സിയിൽ മാത്രമല്ല, ക്ലബുകളിലും ഇപ്പോഴും പ്രമുഖ സാന്നിധ്യമാണ് താരം. പോർച്ചുഗൽ ക്ലബായ പോർട്ടോക്കൊപ്പം പന്തുതട്ടുന്ന പെപ്പെ റയലിലും പോർച്ചുഗലിലും ക്രിസ്റ്റ്യാനോയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. പെപ്പെ ടീമിലെത്തിയാൽ അൽനസ്ർ പ്രതിരോധം കൂടുതൽ ശക്തമാകുമെന്നു മാത്രമല്ല, ടീമിൽ താരത്തിന് സ്വാധീനവും കൂടും.
ഒരു പതിറ്റാണ്ടിലേറെയായി റയൽ മഡ്രിഡിനൊപ്പമുള്ള ക്രൊയേഷ്യ നായകൻ ലൂക മോഡ്രിച് പക്ഷേ, ഉടനൊന്നും മറ്റു ക്ലബുകളിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പണമൊഴുകുന്ന അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്കും സൗദി ലീഗിലേക്കും പോകില്ലെന്നായിരുന്നു പ്രഖ്യാപനം. 2018ൽ ക്രൊയേഷ്യയെ രണ്ടാം സ്ഥാനക്കാരാക്കിയ മോഡ്രിച്ചിനു കീഴിൽ ടീം ഖത്തറിൽ മൂന്നാമതുമെത്തി. ലൂസേഴ്സ് ഫൈനലിൽ ടീം മൊറോക്കോയെ ആണ് വീഴ്ത്തിയിരുന്നത്.
പി.എസ്.ജിക്കായി പന്തുതട്ടുന്ന സെർജിയോ റാമോസിന് പക്ഷേ, സീസൺ അവസാനത്തോടെ കരാർ തീരും. ഇതോടെ ഫ്രീ ട്രാൻസ്ഫറിൽ ആർക്കും സ്വന്തമാക്കാം. പ്രായം വെല്ലുവിളിയായതിനാൽ പല ടീമുകളും താൽപര്യം കാണിച്ചേക്കില്ലെന്നാണ് സൂചന. ഇത് അവസരമാക്കി റാമോസിനെ വല വീശിപ്പിടിക്കാനാണ് അൽനസ്ർ ശ്രമം. റാമോസിനെ സ്വന്തമാക്കാൻ താൽപര്യമുള്ളതായി ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അൽനസ്ർ മുന്നേറ്റത്തിൽ കാമറൂൺ താരം വിൻസന്റ് അബൂബക്കർ തുർക്കി ലീഗിലേക്ക് മാറിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മുൻനിര ടീമായ ഫെനർബാഹെയാണ് അബൂബക്കറിൽ താൽപര്യം കാണിച്ച് രംഗത്തെത്തിയത്. മാഞ്ചസ്റ്റർ യുനൈറ്റഡ് വായ്പാടിസ്ഥാനത്തിൽ സ്വന്തമാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.