ചാമ്പ്യൻസ് ലീഗിൽ കളിക്കണം; ഒടുവിൽ ശമ്പളം വെട്ടിക്കുറക്കാനും തയാർ; ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർതാരത്തെ വാങ്ങുമോ?

ചാമ്പ്യൻസ് ലീഗിൽ എങ്ങനെയെങ്കിലും കളിക്കണമെന്ന അതിയായ മോഹത്തിലാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗീസ് താരം മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ഏറെ നാളായി ശ്രമം നടത്തുന്നുണ്ട്. എന്നാൽ, താരത്തിനായി ക്ലബുകളൊന്നും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.

യുനൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാകാതെ വന്നതോടെയാണ് താരം ക്ലബ് വിടാനുള്ള നീക്കങ്ങൾ തുടങ്ങിയത്. എല്ലാ വഴികളും അടഞ്ഞതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിൽ യുനൈറ്റഡിനൊപ്പം കളിത്തിലറങ്ങാൻ താരം ഒടുവിൽ നിർബന്ധിതനായി.

എന്നാൽ, സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും തോൽവിയോടെയാണ് യുനൈറ്റഡ് തുടങ്ങിയത്. മൂന്നാം മത്സരത്തിൽ വമ്പന്മാരായ ലിവർപൂളിനെ മലർത്തിയടിച്ച് ക്ലബ് വിജയവഴിയിൽ തിരിച്ചെത്തിയെങ്കിലും സ്ട്രൈക്കർ ക്രിസ്റ്റ്യാനോക്കും നായകൻ ഹാരി മഗ്വയറിനും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. ഇതിനിടെ സമ്മർ വിൻഡോ അടയുന്നതിനു മുമ്പായി താരം ഏതെങ്കിലും ചാമ്പ്യൻസ് ലീഗ് ക്ലബിൽ ചേക്കേറാനുള്ള നീക്കങ്ങൾ ശക്തമാക്കിയതായാണ് വിവരം.

താരത്തിന്‍റെ ഏജന്‍റ് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടുമായി ചർച്ച നടത്തിയെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ശമ്പളം വരെ വെട്ടിക്കുറക്കാമെന്ന വാഗ്ദാനം താനം ക്ലബിനു മുന്നിൽ വെച്ചതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. താരത്തിന്‍റെ വയസ്സും ഭീമമായ ശമ്പളവുമാണ് ക്ലബുകളെ പിന്തിരിപ്പിക്കാനുള്ള പ്രധാന കാരണം.

റോണാൾഡോയുടെ ശമ്പളം തന്നെയാണ് കരാറിന് ബൊറൂസിയ നോ പറയാനുള്ള കാരണം. തുടർന്നാണ് ശമ്പളം വരെ വെട്ടിക്കുറക്കാൻ താരം തയറായിരിക്കുന്നത്. അതേസമയം, താരവുമായി ചർച്ച നടത്തിയെന്ന കാര്യം ക്ലബ് വൃത്തങ്ങൾ പൂർണമായി നിഷേധിച്ചു.

'ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ അവനെ സ്നേഹിക്കുന്നു, ഇത് തീർച്ചയായും ഒരു ആകർഷകമായ ആശയമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഹോംഗ്രൗണ്ടായ സിഗ്നൽ ഇഡുന പാർക്കിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചകളും നടന്നിട്ടില്ല. അതുകൊണ്ട് ഈ നിമിഷം മുതൽ നിങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുന്നത് നിർത്തണം' -ഡോർട്മുണ്ട് സി.ഇ.ഒ ഹാൻസ് ജോക്കിം വാട്സ്കെ പറഞ്ഞു.

മാഞ്ചസ്റ്റർ യുനൈറ്റഡിൽ 37കാരനായ ക്രിസ്റ്റ്യാനോക്ക് ഒരു വർഷം കൂടി കരാർ കലാവധിയുണ്ട്.

Tags:    
News Summary - Cristiano Ronaldo was willing to take pay-cut in order to join Borussia Dortmund:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.