ചാമ്പ്യൻസ് ലീഗിലടക്കം യൂറോപ്യൻ കളിക്കളം അടക്കിവാണ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഏഷ്യൻ വൻകരയുടെ ക്ലബ് ചാമ്പ്യന്മാരെ തീരുമാനിക്കാനുള്ള പോരാട്ടത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. സൗദി പ്രോ ലീഗ് ക്ലബ് അൻ നസ്റിന്‍റെ താരമായാണ് ക്രിസ്റ്റ്യാനോ എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്‍റെ കളത്തിലിറങ്ങുന്നത്.
ഇറാൻ ക്ലബ് പെർസെപോളിസാണ് എതിരാളികൾ. തെഹ്റാനിലെ അസാദി സ്റ്റേഡിയത്തിലാണ് മത്സരം. എന്നാൽ, ആരാധകരുടെ ആവേശത്തിലേക്ക് പറന്നിറങ്ങിയ ക്രിസ്റ്റ്യാനോയും സംഘവും ആളൊഴിഞ്ഞ ഗാലറിയെ സാക്ഷി നിർത്തിയാണ് പന്തു തട്ടുകയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്‍റെ പരാതിയെ തുടർന്നാണ് ഒഴിഞ്ഞ ഗാലറിയിൽ മത്സരം നടത്തുന്നത്.
പ്ലേ ഓഫിൽ ശബാബ് അൽ അഹ്ലിയെ 4-2ന് തകർത്താണ് ചാമ്പ്യൻസ് ലീഗിന് അൽ നസ്ർ യോഗ്യത നേടിയത്. ഗ്രൂപ്പ് ഇയിൽ അൽ -ദുഹൈൽ, ഇസ്തിക്ലോൽ, പെർസെപോളിസ് എന്നിവരാണ് സൗദി ക്ലബിന്‍റെ എതിരാളികൾ. തെഹ്റാനിലെത്തിയ ക്രിസ്റ്റ്യാനോയെ ഒരു നോക്കു കാണാനായി ആരാധകർ ടീമിന്‍റെ ബസിനു പുറകെ ഓടുന്നതിന്‍റെയും ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയതിന്‍റെയും ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു.
എന്നാൽ, സൂപ്പർതാരത്തിന്‍റെ കളി കൺമുന്നിൽ നടക്കുമ്പോഴും കണാൻ കഴിയാത്തതിന്‍റെ നിരാശയിലാണ് ആരാധക ലക്ഷങ്ങൾ. ആസാദി സ്റ്റേഡിയത്തിൽ 78,000 പേർക്ക് കളികാണാനുള്ള സൗകര്യമുണ്ടെങ്കിലും ഇന്നത്തെ മത്സരത്തിൽ ഗാലറിയിൽ കാഴ്ചക്കാരായി ഒരാൾ പോലും ഉണ്ടാകില്ല. 2021-22 എ.എഫ്.സി ചാമ്പ്യൻസ് ലീഗ് സീസണിൽ പെർസെപോളിസ് ടീമിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റാണ് വിലക്കിനു കാരണം. രണ്ടു വർഷം മുമ്പ് എഫ്.സി ഗോവക്കെതിരായ മത്സരത്തിനു മുന്നോടിയായി 18ാം നൂറ്റാണ്ടിൽ ഇറാൻ ഇന്ത്യയിൽ അധിനിവേശം നടത്തിയത് ഓർമപെടുത്തുന്ന ഏതാനും പോസ്റ്റുകൾ പെർസെപോളിസിന്‍റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇത് ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിക്കുകയും വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. പിന്നാലെയാണ് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ക്ലബിന് ഏഷ്യൻ ഫെഡറേഷൻ പിഴ ചുമത്തുകയും കാണികളെ വിലക്കുകയും ചെയ്തു. എന്നാൽ, തൊട്ടടുത്ത സീസണിൽ ഇറാൻ ക്ലബിന് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനായില്ല.
അതിനുശേഷം ഇന്നാണ് ക്ലബ് ആദ്യമായി ചാമ്പ്യൻസ് ലീഗിൽ കളിക്കാനിറങ്ങുന്നത്. അന്ന് ചുമത്തിയ ശിക്ഷാ നടപടികളുടെ ഭാഗമായുള്ള സ്റ്റേഡിയം വിലക്കാണ് ഇന്നത്തെ മത്സരത്തിന് തിരിച്ചടിയായത്. ലോകം കണ്ട മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയുടെ കളി നേരിട്ടുകാണാനുള്ള ആരാധകരുടെ സുവർണാവസരമാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.