സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നസ്ർ ക്ലബിന് ട്രാൻസ്ഫർ വിപണിയിൽ വമ്പൻ തിരിച്ചടി. പുതിയ താരങ്ങളുമായി സൈനിങ്ങിലെത്തുന്നതിന് സൗദി ക്ലബിനെ ഫിഫ വിലക്കി. പ്രീമിയർ ലീഗിലെ ലെസ്റ്റർ സിറ്റിയുമായുള്ള കരാറിലെ ബാക്കി തുക കൊടുത്തുതീർക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഫിഫയുടെ നടപടി.
മൂന്നു ട്രാൻസ്ഫർ സീസണുകളിലേക്കാണ് വിലക്കേർപ്പെടുത്തിയത്. നൈജീരിയൻ താരം അഹ്മദ് മൂസയെ ലെസ്റ്ററിൽനിന്ന് 14 മില്യൺ യൂറോക്ക് അൽ-നസ്ർ ക്ലബിലെത്തിച്ചിരുന്നു. ഈ കരാറിലെ ട്രാൻസ്ഫർ ഫീസ് അടച്ചെങ്കിലും കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സ് വിധി പ്രകാരമുള്ള അധിക തുക നൽകിയിരുന്നില്ല. 2021ലാണ് ഇതുമായി ബന്ധപ്പെട്ട് ലെസ്റ്റർ നിയമനടപടി സ്വീകരിച്ചത്. 390,000 യൂറോയാണ് സൗദി ക്ലബ് ഇനിയും കൊടുക്കാനുള്ളത്.
2018-19 സീസണിൽ മൂസയുടെ പ്രകടനമാണ് അൽ-നസ്റിന് കിരീടം നേടികൊടുത്തത്. സൗദി സർക്കാറിന്‍റെ പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് അൽ-നസ്ർ ഉൾപ്പെടെ രാജ്യത്തെ നാലു ക്ലബുകളെ ഏറ്റെടുത്തിരുന്നു. അതിനാൽ ഈ തുക നൽകി വിലക്ക് നീക്കാനുള്ള നടപടികൾ ക്ലബ് വേഗത്തിലാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ട്രാൻസ്ഫർ വിപണിയിൽ സജീവമാണ് അൽ-നസ്ർ.
കഴിഞ്ഞദിവസം ഇന്റർ മിലാന്‍റെ ക്രൊയേഷ്യൻ മധ്യനിര താരം മാർസെലോ ബ്രോസോവിചുമായി അൽ-നസ്ർ കരാറിലെത്തിയിരുന്നു. ചെൽസിയിൽനിന്ന് ഹക്കീം സിയെച്ചിനെ ക്ലബിലെത്തിക്കാനുള്ള നീക്കവും സജീവമാക്കിയിട്ടുണ്ട്. റൊണാൾഡോയുടെ പേരിൽ ഒരു സീസൺ അതിജീവിച്ച സൗദി ലീഗ് യൂറോപ്പിലെ മുൻനിര താരങ്ങളെ പുതിയ സീസണിൽ കളത്തിലിറക്കാനാണ് നീക്കം നടത്തുന്നത്.
നിലവിൽ ഒരു പിടിയോളം കളിക്കാരാണ് സൗദി അറേബ്യൻ ക്ലബുകളുടെ ഭാഗമായത്. സൗദി ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് ബാലൺ ഡി ഓർ ജേതാവ് കരിം ബെൻസെമയെ ടീമിലെത്തിച്ചു. ഫ്രഞ്ച് താരം എംഗോളോ കാന്റെയും ക്ലബിലെത്തി. സെനഗാലിന്റെ കാലിദൊ കൗലിബാലിയെയും വോൾവ്‌സിന്റെ പോർചുഗൽ മിഡ്ഫീൽഡർ റൂബൻ നെവെസിനേയും അൽ ഹിലാൽ തട്ടകത്തിലെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.