പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കു പിന്നാലെ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയും യൂറോപ്പ് വിട്ടതോടെ ആധുനിക ഫുട്ബാളിലെ ഗോട്ടുകൾ തമ്മിലുള്ള നേരങ്കം ഇനിയുണ്ടാകില്ലെന്ന നിരാശയിലായിരുന്നു ഫുട്ബാൾ പ്രേമികൾ.
സൂപ്പർതാരങ്ങൾ നേർക്കുനേർ വരുന്നത് ഫുട്ബാൾ ലോകത്തിന് എന്നും ഹരമായിരുന്നു. ഫുട്ബാളിലെ ആ മനോഹര നിമിഷങ്ങൾ വലിയ ആവേശത്തോടെയാണ് അവർ കണ്ടത്. ഒരു ദശാബ്ദത്തിലേറെ യൂറോപ്യൻ കളിത്തട്ട് അടക്കിവാണ രണ്ടു മഹാരഥന്മാർ. ഒടുവിൽ ക്രിസ്റ്റ്യാനോ സൗദി പ്രോ ലീഗിലേക്കും പിന്നാലെ മെസ്സി അമേരിക്കൻ മേജർ സോക്കർ ലീഗിലേക്കും ചുവടുമാറ്റി.
ഇനി ഒരിക്കലും ഫുട്ബാളിലെ ആ സുന്ദര മുഹൂർത്തം ഉണ്ടാകില്ലെന്ന് നിരാശപ്പെട്ടവർക്ക് ഇതാ സന്തോഷവാർത്ത. വീണ്ടുമൊരു മെസ്സി - ക്രിസ്റ്റ്യാനോ ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു. ജനുവരിയില്‍ ചൈനയിൽ നടക്കുന്ന ക്ലബ് സൗഹൃദ മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ ക്ലബായ അല്‍ നസ്റും മെസ്സിയുടെ ഇന്‍റർ മയാമിയും പരസ്പരം ഏറ്റുമുട്ടുമെന്നാണ് പുറത്തുവരുന്ന വിവരം.
സൗദി മാധ്യമപ്രവർത്തകനായ അലി അലബ്ദല്ലയുടെ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പാണ് മെസ്സി-ക്രിസ്റ്റ്യാനോ മത്സരം നടക്കുമെന്ന സൂചന നൽകുന്നത്. ഒരു ചൈനീസ് അന്താരാഷ്ട്ര മാര്‍ക്കറ്റിങ് ഓര്‍ഗനൈസേഷനാണ് ഇരു ക്ലബുകളും തമ്മിലുള്ള സൗഹൃദ മത്സരം സംഘടിപ്പിക്കാനൊരുങ്ങുന്നത്. ഈവർഷം ജനുവരിയിലാണ് ഇരുവരും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത്.
ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള സൗദി പ്രോ ലീഗ് ആൾ സ്റ്റാര്‍സും മെസ്സിയുടെ പി.എസ്.ജിയും തമ്മിലായിരുന്നു മത്സരം. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിലായി ഇരുവരും 36 തവണയാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. 16 തവണ മെസ്സിയുടെ ടീമും 11 തവണ ക്രിസ്റ്റ്യാനോയുടെ ടീമും ജയിച്ചു. 22 തവണ മെസ്സി വലകുലുക്കി. ക്രിസ്റ്റ്യാനോ 21 ഗോളുകളും നേടി.
മെസ്സിയില്ലാത്ത ഇന്റർമയാമി പഴയ മയാമി തന്നെയാണ് വ്യക്തമാക്കുന്ന പ്രകടനമാണ് യു.എസ് ഓപൺ കപ്പ് ഫൈനലിൽ കഴിഞ്ഞദിവസം കണ്ടത്. ലീഗ്സ് കപ്പിന് പിന്നാലെ മറ്റൊരു കിരീടം ഷോക്കേസിലേക്കെത്തിക്കാനുള്ള മയാമിയുടെ ശ്രമത്തിന് പരിക്കേറ്റ മെസ്സിയുടെ അഭാവം തിരിച്ചടിയായി.
മയാമിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ചാണ് ഹൂസ്റ്റൺ ഡൈനാമോ കിരീടമുയർത്തിയത്. മെസ്സിയില്ലാതെ ഇറങ്ങിയ എം.എൽ.എസ് ലീഗ് മത്സരത്തിലും മയാമി തോറ്റിരുന്നു. ലീഗിൽ 14ാം സ്ഥാനത്താണ് ഇപ്പോൾ മയാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.