സൗദി പ്രോ ലീഗിൽ കിരീട പ്രതീക്ഷയിലേക്ക് തിരിച്ചെത്തി അൽ നസ്ർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ ഗോൾ നേടിയ മത്സരത്തിൽ അൽ തഇയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്. പോയന്റ് പട്ടികയിൽ ഒന്നാമതുള്ള അൽ ഇത്തിഹാദ് അൽ ഹിലാലുമായി 2-2ന് സമനിലയിൽ പിരിഞ്ഞതും അൽ നസ്റിന് അനുഗ്രഹമായി.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ അൽ നസ്റിന് ഗോൾനേടാൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിനോട് ചാരി പുറത്തുപോയി. 23ാം മിനിറ്റിൽ റൊണാൾഡോയുടെ തകർപ്പൻ ഹെഡർ അൽ തഇ ഗോൾകീപ്പർ ഡൈവ് ചെയ്ത് കൈയിലൊതുക്കി. ആറ് മിനിറ്റിനകം താരത്തിന്റെ ഇടങ്കാലൻ ഷോട്ടും ഗോൾകീപ്പർ വലത്തോട്ട് പറന്ന് തട്ടിയകറ്റി. രണ്ടാം പകുതി തുടങ്ങിയയുടൻ മറ്റൊരവസരം കൂടി ലഭിച്ചെങ്കിലും ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തായി. 52ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ. അൽനസ്ർ താരത്തെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പിഴവില്ലാതെ വലയിലെത്തിക്കുകയായിരുന്നു. കളി തീരാൻ പത്ത് മിനിറ്റ് ശേഷിക്കെ അൽ തഇ പ്രതിരോധ താരം ഹുസൈൻ വരുത്തിയ പിഴവിൽ ബ്രസീലുകാരൻ ടാലിസ്കയും ലക്ഷ്യം കണ്ടതോടെ ഗോൾ പട്ടിക പൂർത്തിയായി.
മൂന്ന് മത്സരങ്ങൾ ശേഷിക്കെ ഒന്നാമതുള്ള അൽ ഇത്തിഹാദിന് 63 പോയന്റാണുള്ളത്. രണ്ടാമതുള്ള അൽ നസ്റിന് 60ഉം മൂന്നാമതുള്ള അൽ ശബാബിന് 53ഉം പോയന്റുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.