ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന കപ്പ് നേടിയത് മുതൽ ക്യാപ്റ്റൻ ലയണൽ മെസ്സിയെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറയുകയാണ്. സത്യവും അസത്യവുമായ പല പ്രചാരണങ്ങളും ഇതിനിടെയുണ്ടായി.
ഇതിലൊന്നായിരുന്നു മെസ്സിയുടെ പേരിൽ 1000 പെസോ കറൻസി അർജന്റീന ഇറക്കുന്നെന്ന വാർത്ത. ഇതിന് അർജന്റീന സെൻട്രൽ ബാങ്ക് നിർദേശിച്ചതായി ഫൈനാൻഷ്യൽ ന്യൂസ്‍പേപ്പറായ എൽ ഫൈനാൻസിയേറോ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ മെസ്സിയുടെയും അർജന്റീന ടീമിന്റെയും ചിത്രങ്ങൾ അടങ്ങിയ കറൻസിയുടെ മാതൃക സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
എന്നാൽ, അർജന്റീന സെൻട്രൽ ബാങ്കിലെ ചില അംഗങ്ങൾ ഇക്കാര്യം തമാശയായി നിർദേശിച്ചതാണെന്നും പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ഇത്തരം നോട്ടുകൾ ഇറക്കുന്നത് ആളുകളിൽ ശേഖരണത്തിനുള്ള താൽപര്യം ഉണ്ടാക്കുമെന്ന് ചില ഡയറക്ടർമാർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. കറൻസി ഇറക്കുന്ന കാര്യം അർജന്റീന ഗൗരവമായി പരിഗണിക്കുകയാണെങ്കിൽ രാജ്യചരിത്രത്തിൽ സ്പോർട്സുമായി ബന്ധപ്പെട്ട് ഇറങ്ങുന്ന ആദ്യ കറൻസിയാകും അത്. 1978ൽ അർജന്റീന ആദ്യമായി ലോകകപ്പ് ജേതാക്കളായപ്പോൾ പ്രത്യേക നാണയങ്ങൾ ഇറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.