ബോളിവുഡിന്‍റെ ബാദുഷ ഷാറൂഖ് ഖാന് ഹൃദയസ്പർശിയായ വാക്കുകളിൽ നന്ദി പറഞ്ഞ് ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം. യുനിസെഫ് ഗുഡ്‌വിൽ അംബസാഡറെന്ന നിലക്ക് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബെക്കാമിന് ഷാറൂഖ് മുംബൈയിലെ മന്നത്ത് വസതിയിൽ വിരുന്നൊരുക്കിയിരുന്നു.
ക്രിക്കറ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും ശക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ പദ്ധതിയിൽ യുനിസെഫും പങ്കാളിയാണ്. ഇതിന്‍റെ ഭാഗമായി മുംബൈയിലെ വാംഖഡെയിൽ ഇന്ത്യ-ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ മത്സരം കണാനും സൂപ്പർതാരം എത്തിയിരുന്നു. കൂടാതെ, വിവിധ പരിപാടികളിലും ബെക്കാം പങ്കെടുത്തു. മുൻ ഇംഗ്ലീഷ് താരം നടി സോനം കപൂർ ഒരുക്കിയ വിരുന്നിലും പങ്കെടുത്തിരുന്നു.
ഷാറൂഖിനെ സുഹൃത്തേ എന്നു വിളിച്ചാണ് ബെക്കാമിന്‍റെ കുറിപ്പ് തുടങ്ങുന്നത്. ‘ഈ വലിയ മനുഷ്യന്‍റെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടതിൽ അഭിമാനിക്കുന്നു. ഷാറൂഖ് ഖാൻ, ഗൗരി ഖാൻ, അവരുടെ സുന്ദരികളായ കുട്ടികൾ, അടുത്ത സുഹൃത്തുക്കൾ എന്നിവർക്കൊപ്പം ഇരുന്ന് ഭക്ഷണം ആസ്വദിച്ചു -എന്‍റെ ആദ്യ ഇന്ത്യാ സന്ദർശനം അവസാനിപ്പിക്കാൻ ഇതിലും മികച്ചൊരു വഴിയില്ല... നന്ദി സുഹൃത്തേ -നിങ്ങൾക്കും കുടുംബത്തിനും എപ്പോൾ വേണമെങ്കിലും എന്‍റെ വീട്ടിലേക്ക് സ്വാഗതം...’ -ബെക്കാം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മറ്റൊരു കുറിപ്പിൽ സോനം കപൂറിനും ബെക്കാം നന്ദി പറയുന്നുണ്ട്. ‘സോനം കപൂർ, ആനന്ദ് അഹൂജ, ഊഷ്‌മളവും സ്നേഹവും നിറഞ്ഞ വിരുന്നൊരുക്കി എന്നെ സ്വീകരിച്ചു, നിങ്ങളൊരുക്കിയ അത്ഭുതകരമായ സായാഹ്നത്തിന് നന്ദി -ഉടൻ വീണ്ടും കാണാം’ -ബെക്കാം പോസ്റ്റ് ചെയ്തു. ഷാറൂഖിനും സോനത്തിനും കൂടെയുള്ള ചിത്രങ്ങൾ കൂടി ഈ കുറിപ്പുകൾക്കൊപ്പം ഫുട്ബാളർ പങ്കുവെച്ചിട്ടുണ്ട്.
‘ഒരു ഐക്കണൊപ്പം, മാന്യവ്യക്തിക്കൊപ്പമായിരുന്നു ഇന്നലത്തെ രാത്രി. ഒരു വലിയ ആരാധകനായിരുന്നു, പക്ഷേ, അദ്ദേഹത്തെ കണ്ടുമുട്ടുകയും കുട്ടികളുമായുള്ള ഇടപെടലും നേരിട്ടുകണ്ടപ്പോൾ, അവനിലെ ഫുട്ബാൾ ചെയ്യുന്നത് ദയയും സൗമ്യമായ പെരുമാറ്റവുമാണെന്ന് എനിക്ക് മനസ്സിലായി. നിങ്ങളുടെ കുടുംബത്തിന് എന്‍റെ സ്നേഹം. സുഹൃത്തേ, സുഖമായും സന്തോഷമായും ഇരിക്കൂ, ഉറങ്ങൂ...’ -ബെക്കാം വിരുന്നിൽ പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെ ഷാറൂഖ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.