സ്പാനിഷ് ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് കടുത്ത വെല്ലുവിളിയുയർത്തി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ച ജിറോണക്ക് തോൽവി. അത്‍ലറ്റിക് ക്ലബാണ് രണ്ടിനെതിരെ മൂന്ന് ഗോളിന് ജിറോണയെ വീഴ്ത്തിയത്. അലെജാന്ദ്രൊ റെമിറൊയുടെ ഇരട്ട ഗോളുകളാണ് അത്‍ലറ്റിക്കിന് വിലപ്പെട്ട മൂന്ന് പോയന്റ് സമ്മാനിച്ചത്.
സ്റ്റാർട്ടിങ് വിസിൽ മുഴങ്ങി രണ്ട് മിനിറ്റിനകം ജിറോണ വലയിൽ പന്തെത്തി. ജിറോണ താരത്തിന്റെ മിസ്പാസ് പിടിച്ചെടുത്ത റെമിറൊ പ്രതിരോധിക്കാനെത്തിയ താരത്തെ വെട്ടിച്ച് പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ആറ് മിനിറ്റിനകം ലീഡ് വർധിപ്പിച്ചെന്ന് തോന്നിച്ചെങ്കിലും ഇനാകി വില്യംസ് സുവർണാവസരം തുലച്ചു. 25ാം മിനിറ്റിൽ താരത്തിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇത്തവണ പോസ്റ്റിൽ തട്ടി വഴിമാറി.
രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം ജിറോണ ഗോൾ തിരിച്ചടിച്ചു. ഇടതു വിങ്ങിൽനിന്ന് ലഭിച്ച ക്രോസ് വിക്ടർ സിഗാൻകോവ് പോസ്റ്റിനുള്ളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. എന്നാൽ, ജിറോണയുടെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. 56ാം മിനിറ്റിൽ അലെജാന്ദ്രൊ റെമിറൊ അത്‍ലറ്റിക് ക്ലബിനെ വീണ്ടും മുന്നിലെത്തിച്ചു. വലതുവിങ്ങിൽനിന്ന് ലഭിച്ച പാസ് താരം അനായാസം ഫിനിഷ് ചെയ്യുകയായിരുന്നു. നാല് മിനിറ്റിനകം ഇനാകി വില്യംസിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. സ്വന്തം ഹാഫിൽനിന്ന് ലഭിച്ച ലോങ് പാസ് ഓടിയെടുത്ത താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി വലയിൽ കയറുകയായിരുന്നു. വൈകാതെ അത്‍ലറ്റിക് ക്ലബിന് ലീഡ് വർധിപ്പിക്കാൻ രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ജിറോണ ഗോൾകീപ്പർ തടസ്സംനിന്നു.
എന്നാൽ, 75ാം മിനിറ്റിൽ ജിറോണ ഒരു ഗോൾ തിരിച്ചടിച്ചു. ഫ്രീകിക്കിനെ തുടർന്ന് ബോക്സിലെത്തിയ പന്ത് എറിക് ഗാർസ്യ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകളിൽ ജിറോണ സമനില പിടിച്ചെന്ന് തോന്നിച്ചെങ്കിലും ആദ്യം ഗോൾകീപ്പറുടെ തകർപ്പൻ സേവും തുടർന്ന് പ്രതിരോധ താരത്തിന്റെ ഗോൾലൈൻ സേവും അവരുടെ വഴിമുടക്കി.
25 മത്സരങ്ങളിൽ 62 പോയന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള ജിറോണക്ക് 56ഉം മൂന്നാമതുള്ള ബാഴ്സക്ക് 54ഉം നാലാമതുള്ള അത്‍ലറ്റികോ മാഡ്രിഡിന് 51ഉം പോയന്റാണുള്ളത്. അഞ്ചാമതുള്ള അത്‍ലറ്റിക് ക്ലബിന് ജയത്തോടെ 49 പോയന്റായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.