യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ അറ്റ്ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവർപൂൾ പുറത്ത്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന ആദ്യപാദ മത്സരത്തിലെ കനത്ത തോൽവിയാണ് ചെമ്പടക്ക് തിരിച്ചടിയായത്. ആദ്യപാദത്തിൽ 3-0ത്തിന് തോറ്റ യുർഗൻ ക്ലോപ്പിന്റെ സംഘം രണ്ടാംപാദത്തിൽ എതിരില്ലാത്ത ഒറ്റ ഗോളിനാണ് ജയിച്ചുകയറിയത്. ആകെ 3-1 സ്കോറിലാണ് അത്‍ലാന്റ സെമിയിലേക്ക് മുന്നേറിയത്.
ആറ് മാറ്റങ്ങളോടെയാണ് ക്ലോപ്പ് ടീമിനെ ഇറക്കിയത്. മത്സരത്തിൽ 70 ശതമാനവും പന്ത് നിയന്ത്രണത്തിലാക്കുകയും ഏഴാം മിനിറ്റിൽ തന്നെ മുഹമ്മദ് സലാഹിന്റെ പെനാൽറ്റി ഗോളിൽ മുന്നിലെത്തുകയും ചെയ്തെങ്കിലും പിന്നീട് എതിർ പ്രതിരോധം ഭേദിക്കാനായില്ല. അലക്സാണ്ടർ ആർനോൾഡ് ബോക്സിലേക്കടിച്ച ക്രോസ് എതിർതാരത്തിന്റെ കൈയിൽ തട്ടിയതിനായിരുന്നു പെനാൽറ്റി. ഇതിന്റെ ആത്മവിശ്വാസത്തിൽ ലിവർപൂൾ ആക്രമിച്ചുകയറിയെങ്കിലും ലൂയിസ് ഡയസിന്റെയും സൊബോസ്‍ലായിയുടെയും ശ്രമങ്ങൾ എതിർ ഗോൾകീപ്പർ പരാജയപ്പെടുത്തി. ഇടവേളക്ക് തൊട്ടുമുമ്പ് അറ്റ്ലാന്റ ഗോൾ തിരിച്ചടിച്ചെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ അറ്റ്ലാന്റയുടെ രണ്ട് ഗോൾശ്രമങ്ങൾ അലിസൺ ബെക്കർ കൈയിലൊതുക്കി. ഡാർവിൻ ന്യൂനസ്, ഡിയോഗോ ജോട്ട, ഹാർവി എലിയട്ട് തുടങ്ങിയവരെ കൊണ്ടുവന്നെങ്കിലും പിന്നീട് എതിർ വല കുലുക്കാൻ ലിവർപൂളിനായില്ല. ഇതോടെ പുറത്തേക്കുള്ള വഴിയും തെളിഞ്ഞു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് സമനില വഴങ്ങുകയും ക്രിസ്റ്റൽ പാലസിനോട് തോൽക്കുകയും ചെയ്തതോടെ പോയന്റ് പട്ടികയിൽ ലിവർപൂൾ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു.
എ.സി മിലാനെ 2-1ന് തോൽപിച്ച് (മൊത്തം സ്കോർ 3-1) എ.എസ് റോമയും സെമിയിലേക്ക് മുന്നേറി. ബെൻഫിക്കയെ 1-0ത്തിന് തോൽപിച്ചതോടെ മൊത്തം സ്കോർ 2-2ലെത്തിച്ച മാഴ്സലെ പെനാൽറ്റിയിൽ 4-2ന് ജയിച്ച് അവസാന നാലിലെത്തി. വെസ്റ്റ്ഹാമുമായി 1-1ന് സമനില പിടിച്ച ബയേർ ലെവർകുസൻ 3-1 അഗ്രഗേറ്റിലാണ് സെമിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.