യൂറോപ്പ ലീഗിൽ യുവന്റസിനായി തകർപ്പൻ ഹാട്രിക് കുറിച്ച അർജന്റീന താരം എയ്ഞ്ചൽ ഡി മരിയയുടെ മഴവിൽ ഗോളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നാന്റസിനെതിരെ അഞ്ചാം മിനിറ്റിലായിരുന്നു ആ മനോഹര ഗോൾ പിറന്നത്. എതിർടീമിൽനിന്ന് പന്ത് പിടിച്ചെടുത്ത നിക്കോളോ ഫാഗിയോളി ഡി മരിയക്ക് കൈമാറി. ബോക്സിന്റെ മൂലയിൽനിന്ന് ഇടങ്കാൽ കൊണ്ട് അടിച്ച പന്ത് വളഞ്ഞ് എതിർവലയിൽ കയറുകയായിരുന്നു.
ഡി മരിയയുടെ ഹാട്രിക് മികവിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് യുവന്റസ് നേടിയത്. 20, 78 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. നാന്റസ് പ്രതിരോധ നിരക്കാരൻ നിക്കൊളാസ് പലോയിസിന്റെ കൈയിൽ പന്ത് തട്ടിയപ്പോൾ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചായിരുന്നു രണ്ടാം ഗോൾ. ഹെഡറിൽനിന്ന് മൂന്നാം ഗോളും നേടി. ജയത്തോടെ യുവന്റസ് യൂറോപ്പ ലീഗ് പ്രീക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു. ആദ്യപാദത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.
ബാഴ്‌സലോണയെ 2-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുനൈറ്റഡും പ്രീക്വാർട്ടറിലെത്തിയിട്ടുണ്ട്. ആദ്യ പാദത്തിൽ ബാഴ്സയുടെ തട്ടകത്തിൽ 2-2ന് സമനില പിടിച്ച മാഞ്ചസ്റ്റർ യുനൈറ്റഡ് രണ്ടാം പാദത്തിൽ ജയിച്ചു കയറുകയായിരുന്നു. 18ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് റോബർട്ട് ലെവൻഡോസ്കി ബാഴ്സയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ബ്രസീൽ താരങ്ങളായ ഫ്രെഡ്, ആന്റണി എന്നിവർ യുനൈറ്റഡിനായി വല കുലുക്കി. ഇതോടെ ഇരുപാദങ്ങളിലുമായി ബാഴ്സയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് യുനൈറ്റഡ് വീഴ്ത്തിയത്. ബയേർ ലെവർകുസൻ, എ.എസ് റോമ തുടങ്ങിയ ടീമുകളും പ്രീ ക്വാർട്ടറിൽ കയറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.