അനിശ്ചിതത്വങ്ങൾക്ക് അവസാനം കുറിച്ച് പരിശീലകനെ പ്രഖ്യാപിച്ച് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ. ലോകകപ്പ് ഫൈനലിൽ അർജന്റീനക്കു മുന്നിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങിയ ടീമിന്റെ പരിശീലക പദവിയിൽ ദിദിയർ ദെഷാംപ്സ് തന്നെ തുടരും. ഖത്തർ ലോകകപ്പോടെ കരാർ അവസാനിച്ചതാണെങ്കിലും നാലു വർഷം കൂടി ദീർഘിപ്പിക്കാൻ ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു. 2024 യൂറോ ചാമ്പ്യൻഷിപ്പ് വരെ രണ്ടു വർഷത്തേക്ക് നൽകാനായിരുന്നു തീരുമാനമെങ്കിലും അടുത്ത ലോകകപ്പ് വരെ സമയം നൽകണമെന്ന ദെഷാംപ്സിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് 2026ലെ ലോകകപ്പ്.
1998ൽ ഫ്രാൻസ് ആദ്യ ലോകകപ്പ് കിരീടം ചൂടുമ്പോൾ ടീമിന്റെ നായകനായിരുന്ന ദെഷാംപ്സ് 2012 മുതൽ പരിശീലക പദവിയിലെത്തി. 2016ൽ ടീമിനെ യൂറോ ചാമ്പ്യൻമാരാക്കിയതിനു പിറകെ റഷ്യൻ ലോകകപ്പിൽ കിരീടവും സമ്മാനിച്ചു. ക്രൊയേഷ്യയെ 4-2ന് മുക്കിയായിരുന്നു ഫ്രാൻസ് 2018ൽ ലോകജേതാക്കളായത്.
ഇത്തവണയും സ്വപ്നക്കുതിപ്പുമായി എതിരാളികളെ കടന്ന് കലാശപ്പോരിനെത്തിയ ഫ്രാൻസ് 90 മിനിറ്റിലും അതുകഴിഞ്ഞ് അധിക സമയത്തും അർജന്റീനയെ ഒപ്പം പിടിച്ചാണ് ഷൂട്ടൗട്ടിൽ കീഴടങ്ങിയത്. ഫൈനലിൽ കിലിയൻ എംബാപ്പെ ഹാട്രിക് കുറിക്കുകയും ചെയ്തു.
ലോകകപ്പ് തോൽവിയോടെ ദെഷാംപ്സ് ഒഴിയുമെന്ന് സൂചന നൽകിയിരുന്നു. പകരക്കാരനായി സിനദിൻ സിദാനെ ഫ്രഞ്ച് ഫെഡറേഷൻ പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ വന്നു. അതിനിടെ, സിദാനെ ബ്രസീൽ പരിശീലകനായി പരിഗണിക്കുന്നതായും വാർത്ത വന്നു. അഭ്യൂഹങ്ങൾക്ക് അറുതി കുറിച്ചാണ് ദെഷാംപ്സിനെ നിലനിർത്തുന്നതായി ഫെഡറേഷൻ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.