നാപോളിയിലെ ഒരു തെരുവ്. ആ വീട്ടിൽ വെളിച്ചം നൽകി എരിഞ്ഞു തീരുന്ന ആ മെഴുകുതിരി നാളത്തിനടുത്തു അദ്ദേഹം തൻെറ ദൈവത്തിന്റെ ഫോട്ടോ പ്രതിഷ്ഠിച്ചിട്ടുണ്ട് . ദൈവവിശ്വാസം കൂടുതൽ ഉള്ള അദ്ദേഹം മനുഷ്യരുടെ മുഴുവൻ പാപവുമായി നടന്നു കയറിയ യേശുവിൻെറ ഫോട്ടോക്ക് മുന്നിൽ മെഴുകുതിരി കത്തിക്കുന്നതിൽ നമുക്ക് അസ്വാഭാവികത കാണാൻ സാധിക്കില്ല. എന്നാൽ തൊട്ടരികിൽ തന്നെ അദ്ദേഹം മറ്റൊരു ഫോട്ടോയും വെച്ചിട്ടുണ്ടായിരുന്നു.അയാളെ കുറിച്ച് പറയുമ്പോൾ അയാളുകളുടെ കണ്ണുകൾ ഭക്തി കൊണ്ട് നിറയുന്നുണ്ടായിരുന്നു . യേശുവിനോളം അല്ലെങ്കിൽ അതിനു മുകളിൽ അദ്ദേഹം ആരാധിക്കുന്ന മറ്റൊരു ദൈവം : ഡീഗോ അർമാർഡോ മറഡോണ. ദൈവത്തിൻെറ കൈയുമായി മെക്സിക്കോയിൽ നിന്ന് ഫുട്ബോൾ ലോക കിരീടമെന്ന മോഹ കപ്പുമായി വന്ന സാക്ഷാൽ മറഡോണ.
മഹാഭാരതം തുടങ്ങുന്നത് ആദി പർവത്തോടെയാണ് . ആദി എന്ന് വെച്ചാൽ തുടക്കം. പതിനെട്ടോളം പുസ്തകങ്ങൾ അടങ്ങുന്ന ഇതിഹാസം ആരംഭിക്കുന്നത് ആദിപർവമെന്ന പുസ്‌തകത്തോടെ ആണ്. ഏതൊരു ഇതിഹാസത്തിനും ഒരു ആദിപർവമുണ്ട്. ഏത് കഥക്കും തുടക്കമുണ്ട്, ഏതൊരു യോദ്ധാവിനും ഒരു അരങ്ങേറ്റമുണ്ട്. ഡീഗോ മറഡോണ അർജൻറീനക്ക് വേണ്ടി കളത്തിലിറങ്ങി വേട്ടയാടാൻ തുടങ്ങിയതിനും ഒരു തുടക്കമുണ്ട്. 52000 കാണികൾ ഇരമ്പി ആർത്തു വിളിച്ചിരുന്ന സ്റ്റേഡിയത്തിൽ ദൈവം വരവറിയിച്ച ടൂർണമെൻറുണ്ട് , ആരും അധികം പ്രകീർത്തിക്കാത്ത യൂത്ത് ടൂർണമെൻറ്. ഫിഫ യൂത്ത് ചാംപ്യൻഷിപ് ജപ്പാൻ 1979 . ഫിഫ എന്ന ഫുട്ബോൾ നടത്തിപ്പുകാർ തങ്ങളുടെ രണ്ടാമത് യൂത്ത് ചാംപ്യൻഷിപ് നടത്താൻ കണ്ടെത്തിയ രാജ്യം ജപ്പാൻ ആയിരുന്നു. ഏഷ്യയിലെ തന്നെ ആദ്യ ഫുട്ബോൾ ടൂർണമെൻറ് അങ്ങനെ 1979 ഇത് ജപ്പാനിൽ എത്തി. 16 ടീമുകളും നാലു ഗ്രൂപ്പും നാലു സ്ഥലങ്ങളിലുമായി ജപ്പാൻ ടൂർണമെൻറിനെ വരവേറ്റു. ആരാധകൻെറ ഭാഷയിൽ പറയുകയാണെങ്കിൽ അവർ ദൈവത്തിന്റെ അരങ്ങേറ്റത്തിന് കളമൊരുക്കി കാത്തിരുന്നു എന്നുപറയാം.
ഒരു മരത്തിനു ചുവട്ടിൽ ഇരുന്നുകരഞ്ഞു കൊണ്ടിരുന്ന മറഡോണയുടെ ദൃശ്യം ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല എന്ന് മാധ്യമ പ്രവർത്തകൻ കാർലോസ് എയ്റിസ് തൻെറ പുസ്തകമായ Vivir en los Medios യിൽ പറയുന്നുണ്ട്. 1978 ലോകകപ്പിന് അർജൻറീന ക്യാമ്പിൽ കവർ ചെയ്യാൻ എത്തിയതായിരുന്നു എയ്റിസ് . എന്നാൽ മറഡോണക്ക് അനുഭവ സമ്പത്തു കുറവായതിനാൽ ലോകകപ്പിൽ നിന്ന് അവസാന നിമിഷം കോച്ച് മറഡോണയുടെ പേര് മാറ്റുകയാണ് ഉണ്ടായത്. ഞാൻ അത്താഴം വരെ ക്യാമ്പിൽ ഉണ്ടായിരുന്നു, അതിനു ശേഷം ഒറ്റക്ക് പുറത്തിറങ്ങിയപ്പോളാണ് കരച്ചിൽ കേൾക്കുന്നത്. ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് പുറത്താക്കപ്പെട്ട വേദനയിൽ കരയുകയായിരുന്നു മറഡോണ. ഞാൻ അവൻെറ അടുത്തേക്ക് ചെന്ന് ചോദിച്ചു, എത്ര ലോകകപ്പുകൾ ആണ് നീയിനി കളിയ്ക്കാൻ പോകുന്നതെന്ന് നിനക്കറിയാല്ലോ?
കണ്ണ് തുടച്ചു കൊണ്ട് അവൻ പറഞ്ഞത് ഞാൻ ഇനി എൻെറ അച്ഛനോട് എന്ത് പറയും എന്നതായിരുന്നു. ഉർവശി ശാപം ഉപകാരം എന്ന് പറയുന്നതുപോലെ ആയിരുന്നു മറഡോണയുടെ അടുത്ത നീക്കങ്ങൾ. അടുത്ത വര്ഷം ജപ്പാനിൽ അരങ്ങേറുന്ന യൂത്ത് ചാമ്പ്യൻഷിപ്പിലേക്ക് മറഡോണ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ പടി സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ആയിരുന്നു. പ്രഥമ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെ പോയ ആൽബിസെൽസ്റ്റൻസിനു ഇത്തവണ യോഗ്യത നേടാൻ വലിയ പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല. ജനുവരി 31ന് ബ്രസീലിൻെറ നെഞ്ചിൽ ഒരു പിടി മണ്ണ് വാരിയിട്ടു ഉറുഗ്വ ക്കു താഴെ രണ്ടാം സ്ഥാനക്കാരായി അര്ജൻറീന ജപ്പാൻ ലോകകപ്പിലേക്ക് . ലോകം മറഡോണയെന്ന ദൈവത്തിൻെറ അർജന്റീനയിലെ അത്ഭുതങ്ങൾ ദർശിക്കാൻ അവിടെ തുടങ്ങുന്നു.
''The best of the lot, no question. In my generation, my era, he was simply the best. I saw Maradona do things that God himself would doubt were possible'' സീക്കോ യുടെ വാക്കുകളിൽ നിന്ന് തുടങ്ങിയാൽ മറഡോണ യെ സ്നേഹിക്കുന്നവർ പലരും വികാരത്തിന് അടിപ്പെട്ടവരായിരിക്കും . ചിലർ അയാളെ ദൈവമായി ആരാധിക്കുന്നു , ചിലർ ദൈവപുത്രനാക്കുന്നു.. അയാളെ ഒരിക്കലും ആർക്കും ഒരു മനുഷ്യനായി കാണാൻ പലരും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അവസാന കണ്ണീരും കളിക്കളത്തിൽ വീഴ്ത്തി അയാൾ സ്റ്റേഡിയം വിടുമ്പോൾ പോലും ഉള്ളുപൊട്ടി കരഞ്ഞവർ പറഞ്ഞത് അമേരിക്കയുടെ ഗൂഡോലോചനയുടെ ഇര മാത്രമാണ് അതെന്നായിരുന്നു.
നാപോളിയിയിലെ തെരുവുകൾ പോലും അയാളെ ആരാധിക്കുന്നു, അതും ഒരു ഇറ്റാലിയൻ നഗരം. കാരണം അയാൾ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ ആണ്, ഒന്നുമില്ലായ്മയിൽ നിന്ന് അയാൾ പലതും നാപോളിക്കും അർജൻറീനക്കും നേടി കൊടുത്തിട്ടുണ്ട്. അയാൾ ദൈവമല്ലെങ്കിൽ 5 അപ്പം കൊണ്ട് വിരുന്നൊരുക്കിയ യേശുവിനെ പോലെ ഒന്നുമല്ലാത്ത നാപോളിയെ യൂറോപ്യൻ കിരീടമണിയിക്കും ? സ്വേച്ഛാധിപത്യവും കോളോണിയലിസവും തകർത്ത അർജൻറീനക്ക് വേണ്ടി നൂറ്റാണ്ടിന്റെ ഗോളുകൊണ്ടു ആരു പകരം ചോദിക്കും ?. നിങ്ങൾ യേശുവിനെ കുറ്റം പറയുമോ, ഇല്ല എന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങൾ മറഡോണയെയും കുറ്റം പറയില്ല. കാരണം യേശുവിനെ പോലെ തന്നെ ദൈവപുത്രനാണ് മറഡോണയും. അര്ജൻറീനയിലും നാപോളിയിലുമൊക്കെ ചോദിച്ചാൽ കിട്ടുന്ന ടിപ്പിക്കൽ ഉത്തരം മതി മറഡോണയുടെ റേഞ്ച് എന്താണെന്നു മനസിലാക്കാൻ. അയാളുടെ ഇംഗ്ലണ്ടിനെതിരെയുള്ള ആ കുതിപ്പ് മാത്രം മതിയായിരുന്നു , ലോകം പുതിയ ദൈവ പുത്രനെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നു എന്ന സന്ദേശം പടർത്താൻ.
അദ്ദേഹം ജപ്പാനിലെ യൂത്ത് ടൂർണമെൻറിൽ മാന്ത്രികത കൊണ്ട് വരവറിയിച്ചിരുന്നു. ഇരുപതു ഗോളുകൾ ആണ് അർജൻറീന ടൂർണമെൻറിൽ അടിച്ചു കൂട്ടിയത്. സമ്പൂർണ ആധിപത്യം. അർജൻറീനക്ക് ലോകകപ്പ് നേടിക്കൊടുത്ത കോച്ചും ഇന്നത്തെ അർജൻറീനയുടെ സ്പോർട്സ് ഡയറക്ടറും ആയ മെനോട്ടി പിള്ളേരെ ജപ്പാനിൽ അഴിച്ചു വിടുകയായിരുന്നു. കാട്ടിൽ നിന്ന് നാട്ടിലിറങ്ങിയ പുലിയെ പോലെ അല്ലെങ്കിൽ കരിമ്പുങ്കാട്ടിൽ കേറിയ കാട്ടാനയെ പോലെ പിള്ളേർ ഓരോ രാജ്യത്തെയും വലിച്ചു കീറി. റോമൻ ഡയസും ഡീഗോ മറഡോണയുമായിരുന്നു മെനോട്ടിയുടെ ആയുധങ്ങൾ. ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത് 14 ഗോളുകൾ. എട്ടെണ്ണം ഡയസും ആറെണ്ണം മറഡോണയും. ഗ്രൂപ്പ് ബി യിൽ യൂഗോസ്ലാവ്യ , പോളണ്ട് , ഇന്തൊനേഷ്യ എന്നിവരുമായി ആണ് അർജൻറീന ജപ്പാനിൽ തൻെറ പടയോട്ടം ആരംഭിച്ചത്. ഓമിയ സ്റ്റേഡിയത്തിൽ ആണ് ഗ്രൂപ്പ് ബി മത്സരങ്ങൾ അരങ്ങേറിയത്. ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്കുമായി ഡയസും ഇരട്ട ഗോളോടെ മറഡോണയും ആഞ്ഞടിച്ചപ്പോൾ 5 ഗോൾ വിജയത്തോടെ ഇന്തൊനേഷ്യയെ തറ പറ്റിറ്റ് തങ്ങൾ വന്നത് വെറും കയ്യോടെ മടങ്ങാനല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു. പിന്നീട് യൂഗോസ്ലാവ്യയെ ഒരു ഗോളിനും പോളണ്ടിനെ 4 - 1 നു വീഴ്ത്തിയും ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഒൻപത് പോയേൻറടെ അടുത്ത റൗണ്ടിലേക്ക്. മൂന്നു ഗോളുകളോടെ കളം അടക്കിവാണ മറഡോണയും ഡയസും സൃഷ്‌ടിച്ച ഡെഡ്ലി കോംബോയെ എതിരിടാൻ തക്കവണ്ണം ഉള്ള പ്രതിരോധം ആർക്കുമുണ്ടായിരുന്നില്ല എന്നതാണ് സത്യം . ആദ്യ രണ്ടും കളിയും ജയിച്ച സ്പെയിനിനെ അവസാന മത്സരത്തിൽ തോൽപിച്ച് നോക്ഔട്ട് റൗണ്ടിലേക്ക് വന്ന അൾജീരിയ ആയിരുന്നു അർജൻറീനയെ കാത്തിരുന്നത്.
ടോക്കിയോ യിലെ നാഷണൽ സ്റ്റേഡിയത്തിൽ 20000 ഓളം വരുന്ന കാണികളെ സാക്ഷികയാക്കി മറഡോണയും സംഘവും പുൽമൈതാനത്തിലേക്കിറങ്ങി. മത്സരത്തിന്റെ 25ാം മിനുറ്റിൽ മറഡോണ ആദ്യ വെടി പൊട്ടിച്ചു. അൾജീരിയ നോക്കി നിൽക്കേ മറഡോണയും ഡയസും നിറഞ്ഞു തുള്ളി. റഫറി ജോർജ് ജോസഫ് വിസിലൂതുമ്പോൾ അൾജീരിയയുടെ വലയിൽ 5 ഗോളുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു. അൾജീരിയക്ക് എതിരെ ഉള്ള മതസരത്തിനു ശേഷം സെമി ഫൈനലിൽ മറഡോണക്ക് വേണ്ടത് ചിര വൈരികളായ ഉറുഗ്വയെ ആയിരുന്നു. പഴയ കണക്കുകൾ തീർക്കാൻ വെമ്പുന്ന മറഡോണക്ക് മുന്നിലേക്ക് ഉറുഗ്വ വന്നു. സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ അർജൻറീനക്ക് ഉറുഗ്വയെ തോൽപിക്കാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല ആദ്യ കളി അവരോട് തോൽക്കുകയും ചെയ്തിരുന്നു. ലോകകിരീടത്തിലേക് രണ്ടു വിജയം മാത്രം അകലമുള്ളപ്പോൾ ഉറുഗ്വ അന്ന് മറഡോണക്ക് ഒന്നുമായിരുന്നില്ല. ടോക്യോയിൽ തന്നെ അരങ്ങേറിയ ചിര വൈരികളുടെ ആദ്യ സെമി ഫൈനൽ കാണാൻ 20000ത്തോളം പേരെത്തി. ഗോൾ രഹിത പകുതിക്ക് ശേഷം 52 ആം മിനുറ്റിൽ ഡയസ് ഉറുഗ്വക്ക് മേൽ ആദ്യ പ്രഹരം ഏല്പിച്ചു. 74 ആം മിനുറ്റിൽ മറഡോണ ഉറുഗ്വ വധം പൂർത്തീകരിച്ചു. ഒരു വർഷത്തിന് ശേഷം അർജൻറീന വീണ്ടും മറ്റൊരു ലോക കിരീടത്തിന്റെ കലാശ പോരിലേക്ക്. ഫൈനലിൽ അർജൻറീനയെ നേരിടാനുണ്ടായത് പ്രഥമ ജേതാക്കളായ സോവിയറ്റ് യൂണിയൻ.
''Men, you are already champions, I don't care about the result of this game, you have already shown you are the best in the world. No fouls or crazy stuff. Go out, play and entertain the 35,000 Japanese who are in the stands''. മെനോട്ടി അർജൻറീനയുടെ പുതു രക്തങ്ങളെ ഉത്തേജിപ്പിച്ചു കലാശ പോരാട്ടത്തിനിറക്കി. 52000 ത്തോളം വരുന്ന കാണികൾക്ക് മുന്നിൽ മറഡോണയും ടീമംഗങ്ങളും അവസാന പോരിന് ഇറങ്ങി. അർജൻറീനയുടെ പ്രതീക്ഷ മുഴുവൻ 10 , 9 നമ്പറുകളായിരുന്നു. പ്രതീക്ഷകൾ തെറ്റിച്ച് സോവിയറ്റ് യൂണിയൻ ആദ്യ ഗോൾ നേടി. 67 മിനിറ്റ് വരെ അര്ജൻറീന ഒരു ഗോളിന് പിറകിൽ ആയിരുന്നു. എന്നാൽ കളത്തിൽ മറഡോണയുടെ കവിത എഴുത്തിനായിരുന്നു അമ്പതിനായിരത്തോളം വരുന്ന കാണികൾ പിന്നീട് സാക്ഷ്യം വഹിച്ചത്. മറഡോണയുടെ അപ്രമാദിത്യം തുടങ്ങി. പാസിങ് , ഫ്രീ കിക്ക് , ഡ്രിബ്ലിങ് തുടങ്ങി കളിക്കളം അടക്കി വാണ ആ പത്താം നമ്പറുകാരൻെറ മികവിൽ അൽവെസും ഡയസും ഗോളുകൾ അടിച്ചു അർജൻറീനയെ മുന്നിലെത്തിച്ചു. അവസാനം കേക്കിലെ ചെറി പോലെ 76 ആം മിനുറ്റിൽ മറഡോണയുടെ ഗോളും. ടൂർണമെൻറിലെ പ്രകടനത്തിന് ഗോൾഡൻ ബോളുമായാണ് മറഡോണ ടോക്യോയിൽ നിന്ന് വണ്ടി കയറുന്നത്.
മറഡോണയെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ തീരാത്തത്ര ഉണ്ട്. അയാൾ രചിച്ച ഇതിഹാസം അത്ര വലുതാണ്. പകുതിയിൽ വീണു പോയിട്ടും അയാൾ നൽകിയ ഓർമ്മകൾ അത്ര വലുതാണ്. അറുപതാമതു ജന്മദിനം ആഘോഷിക്കുന്ന ദൈവത്തിന് പിറന്നാളാശംസകൾ മിഷേൽ പ്ലാറ്റിനിയുടെ വാക്കുകളിൽ നേരുന്നു "What Zidane can do with a football, Maradona could do with an orange."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.