1986 ജൂൺ രണ്ട്. മെക്സികോ സിറ്റിയിലെ എസ്റ്റേഡിയോ ഒളിമ്പികോ യൂനിവേഴ്സിറ്റാരിയോയിൽ ഗെയിം നമ്പർ വൺ. മെക്സികോ വിശ്വമേളയിലെ അർജന്റീനയുടെ ആദ്യ പോരാട്ടത്തിന് കിക്കോഫ് വിസിൽ മുഴങ്ങി. മറുതലക്കൽ ദക്ഷിണ കൊറിയൻ സംഘം. നീലയും വെള്ളയും വരയിട്ട കുപ്പായത്തിലെ പത്താം നമ്പറുകാരനിലേക്ക് കാമറകൾ പലപ്പോഴും കേന്ദ്രീകരിച്ചു. അയാളുടെ കാലിൽ പന്തെത്തുമ്പോഴൊക്കെ കാമറ ക്ലോസപ്പ് ആംഗിളിലേക്ക് മാറി. ആ ടൂർണമെന്റിൽ മുമ്പ് അയാൾ എന്തെങ്കിലും അദ്ഭുതം പ്രവർത്തിച്ചതു കൊണ്ടായിരുന്നില്ല അത്. സ്പോട്ട് ലൈറ്റുകൾ തന്നിൽ കേന്ദ്രീകരിക്കാൻ വേണ്ടത്ര സ്റ്റാർ അട്രാക്ഷനൊന്നും അപ്പോൾ അവനുണ്ടായിരുന്നതുമില്ല.
ആ പത്താം നമ്പറുകാരന്റെ പേര് ഡീഗോ അർമാൻഡോ മറഡോണ എന്നായിരുന്നു. അങ്ങ് നാപ്പോളിയിൽ നിന്നു വന്ന ചെറു സൂചനകളായിരുന്നു മെക്സിക്കോയിൽ ഡീഗോയെ പരിചയപ്പെടുത്തിയ ആമുഖക്കുറിപ്പുകൾ. എന്താണവൻ ചെയ്തു കാട്ടുകയെന്ന ഒരാകാംക്ഷ ഡീഗോയെക്കുറിച്ച് വായിച്ചും കേട്ടുമറിഞ്ഞ കളിക്കമ്പക്കാരുടെ ഉള്ളിലുണ്ടായിരുന്നു. ദക്ഷിണ കൊറിയൻ കളിക്കാരുടെയുള്ളിൽ ആ ആകാംക്ഷ ആശങ്കയായി മാറിക്കഴിഞ്ഞിരുന്നു.
വംശീയ പരാമർശങ്ങളുമായി എതിരാളിയെ പ്രകോപിപ്പിക്കുന്ന സ്റ്റീരിയോടൈപ്പ് രീതികൾക്കു പകരം ഡീഗോയെ നേരിടാൻ കൊറിയക്കാർ സ്വീകരിച്ച തന്ത്രം മറ്റൊന്നായിരുന്നു. അയാളുടെ കാലിൽ പന്തു കിട്ടുന്ന മാത്രയിൽ അവർ കായികമായി നേരിട്ടു. എല്ലാവരും ഡീഗോയെ ഫൗൾ ചെയ്യാൻ മത്സരിച്ചു. പലപ്പോഴും അതയാൾ ഇഷ്ടപ്പെടുന്ന പോലെയും തോന്നി. ശാരീരിക കരുത്തിന്റെയും കുറഞ്ഞ സെന്റർ ഓഫ് ഗ്രാവിറ്റിയുടെയും പിൻബലത്തിൽ കൊറിയക്കാരുടെ ടാക്ലിങ്ങിനെ മിക്കപ്പോഴും കുതറിത്തെറിച്ചു മുന്നേറി.
തന്റെ നേരേക്ക് അവർ ഒന്നിച്ചെത്തുമ്പോൾ അതിശയകരമായി ആ പത്മവ്യൂഹം കടന്ന് പുറത്തെത്തിയ അയാൾക്ക് ഇന്ദ്രജാലം കാട്ടാൻ പൊടുന്നനെ കൂടുതൽ സ്പേസ് തുറന്നു കിട്ടി. അവരുടെ ഫൗളുകൾക്ക് പകരമായി കിട്ടിയ ഡെഡ്ബാളുകളെ തന്റെ മാന്ത്രികതയിലേക്ക് പറത്തി വിടാൻ ഡീഗോ വെമ്പി.എല്ലാറ്റിനുമൊടുവിൽ പന്ത് അയാൾക്കൊപ്പമായിരുന്നു. കാരണം, ഡീഗോ എല്ലാവരേക്കാളും മിടുക്കനായിരുന്നു. ആ മത്സരത്തിൽ പക്ഷേ, മറഡോണ ഒരു ഗോൾ പോലും സ്കോർ ചെയ്തില്ല.
എന്നാൽ, കൊറിയയുടെ കോട്ടകൊത്തളങ്ങൾ പിളർന്ന് അർജൻറീന നേടിയ മൂന്നു ഗോളുകളിലും ആ മഹാമാന്ത്രികന്റെ കൈയൊപ്പുണ്ടായിരുന്നു. ആദ്യത്തെ ഗോളുകൾ പിറന്നത് ആ ഡെഡ് ബാൾ ക്വാളിറ്റിയിൽ നിന്നായിരുന്നു. മൂന്നാമത്തേത് തകർപ്പൻ ഡ്രിബ്ലിങ്ങിനു ശേഷം ഗോൾ ഏരിയയിലേക്ക് ഡീഗോ ഉതിർത്തുവിട്ട നിലം പറ്റെയുള്ള ക്രോസിൽ നിന്നും. ആ മത്സരം എല്ലാംകൊണ്ടും മറഡോണയുടേത് തന്നെയായിരുന്നു. അയാളുടെ അതിഗംഭീര പടയോട്ടത്തിന്റെ അത്യുജ്വല തുടക്കവും.
'അയാൾ അതാഗ്രഹിച്ചാൽ നിങ്ങൾക്ക് തടയാനാവില്ല...'
മൂന്നു ദിവസത്തിന് ശേഷം അർജൻറീന വീണ്ടും കളത്തിലേക്ക്. 90 മൈൽ അകലെയുള്ള പ്യൂബ്ലയാണ് വേദി. എതിരാളികളാകട്ടെ, കരുത്തരായ ഇറ്റലിയും. അഞ്ചു ദിവസത്തെ വിശ്രമം കഴിഞ്ഞ് ഒരുങ്ങിയാണ് അസൂറികൾ ഇറങ്ങുന്നത്.ഇന്നത്തേതുപോലെ പ്രസ്സിങ് ഗെയിം അത്രകണ്ട് ഫാഷനല്ലാതിരുന്ന കാലത്ത് അർജന്റീന നിരന്തരം ആക്രമിച്ചു തന്നെ കളിച്ചു. കാര്യങ്ങൾ അവർക്ക് എളുപ്പമായിരുന്നു. ആക്രമിക്കണമെന്ന് തോന്നുമ്പോഴൊക്കെ അവർ ഡീഗോക്ക് നിരന്തരം പന്തെത്തിച്ചുകൊണ്ടിരുന്നു. ജോർജ് വാൾഡാനോയും ജോർജ് ബുറുഷാഗയും ഇടംവലം ഡീഗോക്ക് പിന്തുണയുമേകി.
ചരിത്രത്തിൽ എൻസോ ബിയർസോട്ടിന്റെ 86 ടീമിനേക്കാളും മികച്ച ഇറ്റാലിയൻ ടീമുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ബിയർസോട്ടിന്റെ ടീമും ഒട്ടും മോശക്കാരായിരുന്നില്ല. 'ഫൗൾ ചെയ്യുക' എന്നതിനപ്പുറത്തേക്ക് മറഡോണക്കെതിരെ കൊറിയക്കാർക്ക് വ്യക്തമായ പദ്ധതികളൊന്നും ഇല്ലായിരുന്നെങ്കിൽ ഇറ്റലി ഡിഫൻസീവായി കൂടുതൽ കൃത്യതയും സ്ട്രാറ്റജികളുമുള്ള ടീമായിരുന്നു. നാപ്പോളിയിലെ സഹതാരം സാൽവതോർ ബാഗ്നിയെയാണ് മറഡോണയെ മാർക്ക് ചെയ്യാൻ ഇറ്റലി ചുമതലപ്പെടുത്തിയത്. കൂട്ടായി അയാളെ തടയുന്നതിനുള്ള മാർഗങ്ങളും അതോടൊപ്പം ആലോചിച്ചുറപ്പിച്ചിരുന്നു.
എന്നാൽ, മറഡോണ അതാഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കയാളെ തടയാൻ കഴിയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു മെക്സികോ ലോകകപ്പ്. ഇറ്റലി അയാളെ കെട്ടിപ്പൂട്ടണമെന്ന് ആഗ്രഹിക്കുന്നതിന്റെ പതിന്മടങ്ങ് വാശിയിൽ ആ കത്രികപ്പൂട്ട് പൊട്ടിച്ചുചാടാൻ ഡീഗോ വെമ്പൽ കൊണ്ടു. പിന്നിലേക്കിറങ്ങി പന്തെടുത്ത് ഡ്രിബ്ൾ ചെയ്ത് കയറുകയോ അതീവ കൃത്യതയുള്ള ത്രൂബാളുകൾ കളിക്കുകയോ ചെയ്ത് അയാളവരെ നിരായുധരാക്കി. ആറാം മിനിറ്റിൽ അലസ്സാന്ദ്രോ ആൽട്ടോബെല്ലിയുടെ ഗോളിൽ മുന്നിലെത്തിയ അസൂറികൾക്കെതിരെ 34-ാം മിനിറ്റിൽ ഡീഗോ നേടിയ സമനിലഗോളിൽ ഏതു മാർക്കിങ്ങിന്റെയും നിലതെറ്റിക്കാൻ കഴിയുന്ന അതുല്യമായ ക്രാഫ്റ്റിന്റെ കൈയൊപ്പുണ്ടായിരുന്നു.
അഞ്ചു ദിവസങ്ങൾക്കുശേഷം വീണ്ടും ഒളിമ്പികോ യൂനിവേഴ്സിറ്റാരിയോയിൽ. മുഖാമുഖം വരുന്നത് ബൾഗേറിയ. അർജന്റീനയുടെ കൂടുതൽ സമ്പൂർണമായ ആക്രമണത്തിന്റെ ചൂടും ചൂരും കണ്ട മത്സരമായിരുന്നു അത്. വാൾഡാനോയും ബുറുഷാഗയും ഡീഗോയുടെ ഒത്ത കൂട്ടുകാരെന്ന് തെളിയിച്ച മത്സരം. ഡിഫൻഡർമാർ അയാളെ വട്ടമിട്ടുപറന്നപ്പോൾ വാൾഡാനോക്കും ബുറുഷാഗക്കും വേണ്ടത്ര സ്‍പേസും സമയവും കിട്ടിയ ആക്രമണ നീക്കങ്ങൾ.
ഡീഗോയാകട്ടെ, േപ്ലമേക്കറുടെ റോളിലേക്ക് ഇറങ്ങിനിന്നു. നാലാംമിനിറ്റിൽ വാൾഡാനോയുടെ ഗോളിൽ മുൻതൂക്കം. കളി തീരാൻ 13 മിനിറ്റ് ശേഷിക്കേ, ബുറുഷാഗക്ക് ലീഡുയർത്താൻ പാകത്തിൽ നൽകിയ എണ്ണംപറഞ്ഞ ക്രോസടക്കം ആ മത്സരത്തിലും ഡീഗോ തന്റെ റോൾ ഭംഗിയാക്കി. സ്വതസിദ്ധമായ തലത്തിലേക്ക് ഉയർന്നില്ലെങ്കിൽപോലും തന്റെ സ്റ്റഫ് ബൾഗേറിയക്കെതിരെയും അയാൾ തെളിയിച്ചു.
ജൂൺ 16ന് പ്യൂബ്ലയിലായിരുന്നു പ്രീ ക്വാർട്ടർ. എതിരാളികൾ അയൽക്കാരായ ഉറുഗ്വെ. സീനിയർ തലത്തിൽ മറഡോണ അവരെ നേരിടുന്നത് ആദ്യം. കേട്ടറിഞ്ഞ ഡീഗോയെ പൂട്ടാൻ അവർ ഫലപ്രദമായ പദ്ധതികളാവിഷ്കരിച്ചു. നീക്കങ്ങൾ ഓപറേറ്റു ചെയ്യാൻ അയാൾ ആഗ്രഹിക്കുന്ന വഴികളെല്ലാം തടയുകയെന്നതായിരുന്നു അവരുടെ പ്രധാന ഉന്നം. അവിടെ ഡീഗോക്ക് സ്‍പേസ് നൽകാതിരിക്കുകയെന്ന തന്ത്രം അവർ വിജയകരമായി നടപ്പാക്കി. എന്നാൽ, അതിനും മറുമരുന്നുണ്ടായിരുന്നു മറഡോണക്ക്. അയാൾ സമർഥമായി വൈഡ് ഏരിയയിലേക്ക് വ്യതിചലിച്ചു.
പന്ത് ഗോൾമുഖത്തേക്ക് ക്രോസ് ചെയ്ത് കൊടുക്കുകയോ വിങ്ങിൽ മാർക്ക് ചെയ്യാനെത്തുന്നവനെ കട്ട്ചെയ്ത് കയറി അപകടം വിതയ്ക്കുകയോ ചെയ്തു. ഉറുഗ്വെ പ്രശംസനീയമായി നിയന്ത്രിച്ചു നിർത്തിയപ്പോഴും തന്റെ 'പ്ലാൻ ബി'യിലൂടെ അയാൾ പഴുതുകൾ കണ്ടെത്തിക്കൊണ്ടിരുന്നു. അതിന് കഴിഞ്ഞത് അയാൾ മറഡോണയായതുകൊണ്ടു മാത്രമായിരുന്നു. പാേബ്ലാ പാസ്കുലിയുടെ ഗോളിൽ കളി ജയിച്ച് ഡീഗോയും സംഘവും അവസാന എട്ടിലേക്ക് മുന്നേറിക്കഴിഞ്ഞു.
കളിയെ വിസ്മയിപ്പിച്ച ഡ്രിബ്ലിങ്ങിന്റെ മാസ്മരികത..
പിന്നീടാണ് ഫുട്ബാൾ ചരിത്രത്തെ വിസ്മയിപ്പിച്ച ജൂൺ 22 എത്തുന്നത്. ആസ്ടെക്ക സ്റ്റേഡിയം. എതിരാളികൾ പീറ്റർ ഷിൽട്ടന്റെയും ഗാരി ലിനേക്കറുടെയും ഇംഗ്ലണ്ട്. ഒരു മത്സരത്തെക്കുറിച്ച് ലോകത്തെ ഏതു സാധാരണ ഫുട്ബാൾ ആരാധകനുപോലും എക്കാലവും ഹൃദിസ്ഥമായ രീതിയിൽ നാടകീയതകളാലും മഹാദ്ഭുതങ്ങളാലും ഇതിഹാസമായി മാറിയ കളി. ഫുട്ബാൾ മാനേജരെന്ന നിലയിൽ അതിവിശിഷ്ടനായ സർ ബോബി റോബ്സന്റെ എല്ലാ കണക്കുകൂട്ടലുകളും ഒരു കുറിയ മനുഷ്യനുമുന്നിൽ തകർന്നുപോയ ദിവസം.
ഒരു ടാക്ടിക്കൽ തിങ്കറല്ല ബോബി റോബ്സനെന്ന മുദ്ര അദ്ദേഹത്തിന് പതിച്ചു കൊടുത്ത മത്സരമായിരുന്നു അത്. ഡീഗോയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തതിന്റെ തിക്ത ഫലം കൂടിയായിരുന്നു ആ മത്സരഫലം. 'അയാളെ പരുക്കനായി കൈകാര്യം ചെയ്യൂ' എന്ന് ഡീഗോയിലേക്ക് പന്തെത്തുമ്പോഴൊക്കെ റോബ്സനും അദ്ദേഹത്തിന്റെ സഹായി ഡോൺ ഡോവും ക്യാപ്റ്റൻ ഷിൽട്ടനും അലമുറയിട്ടുകൊണ്ടിരുന്നു.
അതിന്റെ ഫലം അപകടകരമായ നിരവധി ഫൗളുകളായിരുന്നു. അതിനിടയിലാണ് അയാൾ 'നൂറ്റാണ്ടിന്റെ വിസ്മയ ഗോൾ' സ്കോർ ചെയ്തതെന്നാണ് അതിശയം. ഫൗളുകളെ കർശനമായി കൈകാര്യം ചെയ്യുന്ന ഇന്നാണെങ്കിൽ ആ മത്സരം കളിച്ചുതീരുമ്പോൾ ഇംഗ്ലണ്ട് ടീമിൽ ആറോ ഏഴോ കളിക്കാരായി ചുരുങ്ങുമായിരുന്നുവെന്ന് കളിയെഴുത്തുകാരൻ ഗ്രേസ് റോബർട്സൺ ചൂണ്ടിക്കാട്ടുന്നു. ഡീഗോയുടെ കാലിൽ പന്ത് കിട്ടുമ്പോഴേക്കും ഓരോ വെള്ളക്കുപ്പായക്കാരും അയാളെ കൈകാര്യം ചെയ്യാൻ കാത്തിരുന്നുവെന്ന് റോബർട്സൺ എഴുതുന്നു. ഡ്രിബ്ലിങ്ങിന്റെ മാസ്മരികതയാലാണ് ഡീഗോ ആ വെല്ലുവിളിയെ അതിജയിച്ചത്. അതിനു കഴിയുമെന്ന ഉറച്ച വിശ്വാസം ആ മത്സരത്തിലുടനീളമുള്ള അയാളുടെ പന്തടക്കത്തിലുണ്ടായിരുന്നു.
അതിനിടയിൽ 'ദൈവത്തിന്റെ കൈ' കൊണ്ട് അയാൾ ഗോളടിച്ചത് തനിക്കുനേരെ ഉയർന്ന വയലൻസിനോടുള്ള പ്രതികാരമായിരുന്നുവെന്ന് നിരീക്ഷിക്കുന്നവരുമേറെ. എന്തായാലും മറഡോണയെന്ന മനുഷ്യൻ, തന്നെ ചുറ്റിവരിയാൻ നിലയുറപ്പിച്ച 11 എതിരാളികൾക്കിടയിൽ നൃത്തസമാനമുള്ള ചടുലചലനങ്ങളാൽ ഇംഗ്ലണ്ടിന്റെ കൈയിൽനിന്ന് ഒറ്റക്കെന്നോണം ആ മത്സരം പൂർണമായും റാഞ്ചി. അന്ന് അർജന്റീന തൊടുത്ത 15 ഷോട്ടുകളിൽ ഏഴും ഡീഗോയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. വരാൻ പോകുന്ന ദുരന്തം തിരിച്ചറിഞ്ഞ് ഇംഗ്ലണ്ട് ആക്രമണം തുടങ്ങുമ്പോഴേക്ക് വല്ലാതെ വൈകിപ്പോയിരുന്നു.
ബെൽജിയത്തിനെതിരായ സെമിഫൈനലിലായിരുന്നു അയാളുടെ ഏറ്റവും കംപോസ്ഡ് ആയ പെർഫോർമൻസ് പുലർന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തെ അപേക്ഷിച്ച് സമ്മർദം കുറവുള്ളതുപോലെ തോന്നിച്ച കളിയിൽ ആസ്ടെക്കയിലെ 114,500 കാണികൾക്കുമുമ്പാകെ ഡീഗോ അസാമാന്യനായി. കളി അർജന്റീനയുടെ വഴിയേ കൊണ്ടുപോയത് അയാളെന്ന ഓർക്കസ്ട്രേറ്ററായിരുന്നു. ആദ്യത്തെ ചിപ് ഗോളും പിന്നീട് ബെൽജിയൻ ഡിഫൻസിനെ പിളർത്തി നടത്തിയ കുതിപ്പിലൂടെ നേടിയ രണ്ടാം ഗോളും അർജന്റീനയെ ആധികളില്ലാതെ അവസാന പോരിലേക്ക് കൈപിടിച്ചുകയറ്റി.
വീണ്ടും ആസ്ടെക്ക. ലക്ഷത്തിലേറെ കാണികൾ. കലാശപ്പോരിൽ പശ്ചിമ ജർമനി. ആ കളിയിലും പിച്ചിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരൻ അയാളായിരുന്നു. ട്രേഡ് മാർക്ക് ഡ്രിബ്ലിങ്ങുകളുമായി നിരവധി അവസരങ്ങൾ ഡീഗോ തുറന്നെടുത്തു. ജോസ് ബ്രൗണും വാൾഡാനോയും നേടിയ ഗോളുകൾക്ക് മറുപടിയായി കാൾ റുമനിഗ്ഗെയും റൂഡി വോളറും വല കുലുക്കിയപ്പോൾ ഒമ്പതു മിനിറ്റുശേഷിക്കേ സ്കോർ 2-2. ഈ ഘട്ടത്തിൽ, 84-ാം മിനിറ്റിൽ ബുറുഷാഗക്ക് വിജയഗോൾ നേടാൻ നൽകിയ തകർപ്പൻ അസിസ്റ്റിലൂടെ അയാളിലെ ഹീറോ അനിവാര്യ ഘട്ടത്തിൽ അവസരത്തിനൊത്തുയർന്നു.
ചരിത്രത്തിൽ അത്രയും സമാനതകളോടെ മുമ്പില്ലാത്ത വിധം ഒരു ലോകകപ്പിൽ തന്റെ ടീമിനെ ഒരാൾ വിശ്വത്തിന്റെ നെറുകയിലേക്ക് എടുത്തുയർത്തുകയായിരുന്നു. അതുവഴി അയാൾ എക്കാലത്തേയും ഇതിഹാസമെന്ന പദവിയിലേക്കും. ആ ലോകകപ്പിൽ ഡീഗോ കാഴ്ചവെച്ചതൊക്കെ അദ്ഭുതമായിരുന്നു. ഒരുപക്ഷേ, അതിനൊത്ത രീതിയിൽ വരുംകാലങ്ങളിലും ആർക്കും അരങ്ങുനിറഞ്ഞാടാൻ കഴിയാതെപോയേക്കാവുന്ന അതിശയം. ആ പാരസ്പര്യം കൊണ്ടാണ് മറഡോണയെന്നു കേൾക്കുമ്പോൾ 1986 ലോകകപ്പും 1986 ലോകകപ്പ് എന്ന് കേൾക്കുമ്പോൾ മറഡോണയും ക്ഷണത്തിൽ നമ്മുടെ മനോമുകരങ്ങളിൽവന്നു നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.