ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലും കേരളാ ബ്ലാസ്റ്റേഴ്സിനായി ഗ്രീക് സ്‌ട്രൈക്കർ ദിമിത്രി ഡയമന്‍റകോസ് പന്തുതട്ടും. ക്ലബുമായി താരം ഒരു വർഷത്തേക്ക് കൂടി കരാർ ഒപ്പിട്ടു. കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
താരത്തിന്‍റെ പ്രതികരണവും ബ്ലാസ്‌റ്റേഴ്‌സ് പങ്കുവെച്ചു. ‘ഇന്ത്യയും കേരളവും എനിക്ക് വളരെ മികച്ചൊരു അനുഭവമാണ് നൽകിയത്. കഴിഞ്ഞ സീസണിൽ എനിക്ക് വല്ല വിജയവും ഉണ്ടായിട്ടുണ്ടെങ്കിൽ, അത് സഹതാരങ്ങളുടെയും പരിശീലകന്റെയും അതിലേറെ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്‍റിന്റെയും വലിയ പിന്തുണയോടെയാണ് നേടാനായത്. അതിനാൽ ബ്ലാസ്‌റ്റേഴ്‌സ് കുടുംബവുമായി കരാർ നീട്ടുന്നത് പെട്ടെന്നുണ്ടായ തീരുമാനമാണ്. അടുത്ത സീസണിൽ തിരിച്ചുവരാനും ടീമിനും സ്നേഹമുള്ള ആരാധകർക്കും വേണ്ടി പ്രകടനം നടത്താനുമാണ് ഞാൻ കാത്തിരിക്കുന്നത്’ -ഡയമന്‍റകോസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഐ.എസ്.എൽ 2022-23 സീസണിൽ 21 മത്സരങ്ങളിൽനിന്നായി പത്ത് ഗോളുകളാണ് താരം നേടിയത്. മൂന്ന് അസിസ്റ്റും താരത്തിന്‍റെ പേരിലുണ്ട്. സൂപ്പർ കപ്പിൽ രണ്ടു ഗോളുകളും നേടിയിട്ടുണ്ട്. 30കാരനായ ഡയമന്റകോസ് 2022ൽ ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിന് മുമ്പ് രണ്ടു വർഷം ക്രൊയേഷ്യൻ ക്ലബിനുവേണ്ടിയാണ് കളിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.