ദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും സാദിയോ മാനെയും കരീം ബെൻസേമയും എത്തിയതിനെ തുടർന്ന് ലോകോത്തരമായി മാറിയ സൗദി പ്രോ ലീഗ് ഫുട്ബാളിനു പിന്നാലെ ഖത്തർ ക്ലബുകളിലേക്കും താരക്കൂടുമാറ്റം. ക്രിസ്റ്റ്യാനോക്കും നെയ്മറിനുമൊപ്പം താരപ്പകിട്ടില്ലെങ്കിലും കളിമികവുകൊണ്ട് അവർക്കു തൊട്ടുതാഴെ ഇടം നേടിയ ഒരുപിടി താരങ്ങളാണ് കഴിഞ്ഞ ആഴ്ചകൾക്കുള്ളിൽ ഖത്തറിലെ വിവിധ ക്ലബുകളിലേക്ക് കൂടുമാറിയത്.
ദോഹ എക്സ്പോ ഖത്തർ സ്റ്റാർസ് ലീഗിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലുമെല്ലാം ഖത്തറിന്റെ ക്ലബുകൾക്കായി ഇവരുടെ മിന്നും പ്രകടനത്തിനാവും ഈ സീസൺ സാക്ഷ്യം വഹിക്കുന്നത്. ലോക ഫുട്ബാളിനെ തന്നെ അതിശയിപ്പിച്ച് സൗദി പ്രോ ലീഗിലേക്കുള്ള വമ്പൻ താരങ്ങളുടെ കൂടുമാറ്റം കണ്ടായിരുന്നു ഈ സീസണിലെ ട്രാൻസ്ഫർ വിപണി അവസാനിച്ചത്. ആഗസ്റ്റ് അവസാനത്തോടെ സൗദി ലീഗ് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഖത്തർ സ്റ്റാർസ് ലീഗിലേക്കുള്ള ശ്രദ്ധേയമായ കരാറുകൾ നടക്കുന്നത്.
ബ്രസീൽ താരവും ബാഴ്സലോണ, ലിവർപൂൾ, ബയേൺ മ്യൂണിക് തുടങ്ങിയ ക്ലബുകളുടെ ഗോൾമെഷീനുമായ ഫിലിപ് കുടീന്യോ സെപ്റ്റംബർ എട്ടിനാണ് ചാമ്പ്യൻ ക്ലബായ അൽ ദുഹൈലിലേക്കുള്ള കൂടുമാറ്റം പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിന്റെ ക്വാളിഫയിങ് റൗണ്ടിൽ ബ്രസീലിന് കളിച്ചശേഷം ടീമിന് പുറത്തായ 31കാരൻ ബാഴ്സലോണയിൽനിന്ന് കഴിഞ്ഞ സീസണിലായിരുന്നു ഇംഗ്ലീഷ് ക്ലബ് ആസ്റ്റൺ വില്ലയിൽ എത്തുന്നത്. നേരത്തേ തന്നെ വില്ലക്കായി ലോണിൽ കളിച്ച താരത്തെ കഴിഞ്ഞ സീസണിൽ ക്ലബ് സ്വന്തമാക്കുകയായിരുന്നു. അവിടെനിന്ന് ലോണിൽ തന്നെയാണ് ദുഹൈലും വിങ്ങറും അറ്റാക്കറുമായി കുതിക്കുന്ന കുടീന്യോയെ ടീമിലെത്തിക്കുന്നത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ദുഹൈലിന് പരിചയസമ്പന്നനായ താരത്തിന്റെ സാന്നിധ്യം കരുത്തായി മാറും. ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോയും മാനെയും കളിക്കുന്ന അൽ നസ്റിനെതിരെ ദുഹൈലിന് ഗ്രൂപ് റൗണ്ടിൽ മത്സരങ്ങളുണ്ട്.
ഇറ്റലിയുടെ മധ്യനിരയിലെ തുറുപ്പുശീട്ടായി മാർകോ വെറാറ്റിയെ പി.എസ്.ജിയിൽനിന്ന് റാഞ്ചിയായിരുന്നു അമീർ കപ്പ് ജേതാക്കളായ അൽ അറബി തങ്ങളുടെ ഗെയിം ചേഞ്ചർ കാർഡിറക്കിയത്. മാഞ്ചസ്റ്റർ യുനൈറ്റഡും ബയേൺ മ്യൂണിക്കുമെല്ലാം പി.എസ്.ജിയുടെ വിശ്വസ്തനായ താരത്തിനുവേണ്ടി രംഗത്തിറങ്ങിയെങ്കിലും അൽ അറബിയുടെ റെക്കോഡ് ഓഫറിൽ താരം ഖത്തറിലേക്ക് വിമാനം കയറുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2012ൽ പി.എസ്.ജിയിലെത്തിയ താരം 11 വർഷമായിരുന്നു ക്ലബിനുവേണ്ടി പന്തുതട്ടിയത്.
നിരവധി കിരീട നേട്ടങ്ങളിലും നിർണായക സാന്നിധ്യമായി. ഇനി അൽ അറബിയുടെ ചുവപ്പൻ കുപ്പായത്തിൽ മധ്യനിരയുടെ ചുക്കാൻ വെറാറ്റിയുടെ ബൂട്ടിലായിരിക്കും. മുൻ ബ്രസീൽ താരവും ബാഴ്സലോണ പി.എസ്.ജി ക്ലബുകൾക്കും കളിച്ച റഫീന്യ അൽകൻറാരയും അൽ അറബിയിൽ വെറാറ്റിക്ക് കൂട്ടായുണ്ട്. കഴിഞ്ഞ വർഷം തന്നെ റഫീന്യ അൽ അറബിയിലെത്തിയിരുന്നു. പി.എസ്.ജിയിൽ നിന്നുതന്നെ അൽ അഹ്ലി സ്വന്തമാക്കിയ യൂലിയൻ ഡ്രാക്സ്ലർ ആണ് മറ്റൊരു ശ്രദ്ധേയ മാറ്റം.
ഗോളടിക്കുന്നതിലും വിങ്ങിലൂടെ പന്തുമായി കുതിച്ചെത്തി സഹതാരങ്ങൾക്ക് അവസരമൊരുക്കുന്നതിലും മിടുക്കനായ ജർമൻ താരത്തിന്റെ പ്രകടനങ്ങൾ പലതവണ ലോകം കണ്ടതാണ്. 2014ൽ ലോകകിരീടമണിഞ്ഞ ജർമൻ ടീമിൽ അംഗമായിരുന്ന ഡ്രാക്സ്ലർ, പിന്നീടുള്ള കാലമായിരുന്നു ദേശീയ ടീമിന്റെ അവിഭാജ്യഘടകമായി മാറിയത്. 2020നു ശേഷം ദേശീയ ടീമിൽ ഇടംലഭിച്ചുമില്ല.
പി.എസ്.ജിയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ താരം ഇടക്കാലത്ത് പോർചുഗൽ ക്ലബ് ബെൻഫികയിലും പന്തുതട്ടിയിരുന്നു. ഇനി അൽ അഹ്ലിയുടെ പച്ചക്കുപ്പായത്തിലാണ് ഡ്രാക്സ്ലറുടെ കളിയഴക് നിറയുന്നത്. പി.എസ്.ജിയിൽനിന്നു തന്നെയെത്തിയ സെനഗാൾ പ്രതിരോധ താരം അബ്ദു ഡിയാലോയുടെ വരരവും ഖത്തർ ക്ലബ് പോരാട്ടത്തിന് പുത്തൻ കരുത്തേകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.