ലണ്ടൻ: പരിക്ക് കാരണം 149 ദിവസം കളത്തിൽനിന്ന് വിട്ടുനിന്ന സ്റ്റാർ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിൻ തിരിച്ചെത്തിയ മത്സരം വമ്പൻ ജയത്തോടെ ആഘോഷമാക്കി മാഞ്ചസ്റ്റർ സിറ്റി. എഫ്.എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ഹഡർസ്ഫീൽഡിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് അവർ തകർത്തുവിട്ടത്. സിറ്റിക്കായി ഫിൽ ഫോഡൻ ഇരട്ടഗോൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ്, ജെറമി ഡോകു എന്നിവർ ഓരോ തവണ ലക്ഷ്യംകണ്ടു. അവശേഷിച്ച ഗോൾ എതിർ ടീം അംഗം ബെൻ ജാക്സന്റെ ‘സംഭാവന’യായിരുന്നു.
ആദ്യ അരമണിക്കൂർ സിറ്റിയെ ഗോളടിക്കാൻ വിടാതെ പിടിച്ചുകെട്ടിയ ഹഡർസ്ഫീൽഡിന് പക്ഷെ എതിരാളികളുടെ കനത്ത ആക്രമണത്തിൽ കൂടുതൽ നേരം പിടിച്ചുനിൽക്കാനായില്ല. 33ാം മിനിറ്റിൽ ഫിൽ ഫോഡനാണ് സിറ്റിയുടെ അക്കൗണ്ട് തുറന്നത്. അൽവാരസിന്റെ ഷോട്ട് ബോക്സിൽ തടഞ്ഞിട്ടപ്പോൾ പന്ത് ലഭിച്ച ഫോഡൻ ഉശിരൻ ഇടങ്കാലൻ ഷോട്ടിലൂടെ എതിർ വലയിലെത്തിക്കുകയായിരുന്നു. നാല് മിനിറ്റിനകം അൽവാരസും ലക്ഷ്യം കണ്ടു. ലൂയിസിന്റെ കാലിൽതട്ടി വഴിമാറിയ പന്ത് അൽവാരസ് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
58ാം മിനിറ്റിൽ മൂന്നാം ഗോളുമെത്തി. ഓസ്കാർ ബോബ് പോസ്റ്റിനരികിലേക്ക് നൽകിയ ക്രോസ് എതിർതാരം ജാക്സന്റെ ദേഹത്ത് തട്ടി സ്വന്തം പോസ്റ്റിനുള്ളിൽ പതിക്കുകയായിരുന്നു. ഏഴ് മിനിറ്റിനകം ഫിൽഫോഡൻ രണ്ടാമതും ലക്ഷ്യം കണ്ടു. പകരക്കാരനായെത്തിയ ഡിബ്രൂയിനിൽനിന്ന് എത്തിയ പന്ത് കൊവാസിച് ഫോഡന് കൈമാറുകയും താരം പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 74ാം മിനിറ്റിൽ സിറ്റി പട്ടിക തികച്ചു. വലതുവിങ്ങിൽനിന്ന് ഡിബ്രൂയിൻ നൽകിയ ക്രോസ് ജെറമി ഡോകു എതിർഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ 84 ശതമാനവും പന്ത് കൈവശം വെച്ചത് സിറ്റിയായിരുന്നു. സിറ്റി 18 ഷോട്ടുകളുതിർത്തപ്പോൾ രണ്ട് ഷോട്ടുകൾ മാത്രമായിരുന്നു എതിരാളികളുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.