ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് സമനിലക്കുരുക്ക്. ഇറ്റാലിയൻ കരുത്തരായ ഇന്റർമിലാനോടാണ് സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ മൂന്ന് ഗോൾ വീതമടിച്ച് സമനില പാലിച്ചത്. ഇതോടെ തുടർച്ചയായ രണ്ടാം സീസണിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുമോ എന്ന ആശങ്കയിലാണ് സ്പാനിഷ് വമ്പന്മാർ. ബാഴ്സക്കായി സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി ഇരട്ട ഗോൾ നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഉസ്മാനെ ഡെംബലെയിലൂടെ 40ാം മിനിറ്റിൽ ബാഴ്സയാണ് ലീഡ് നേടിയത്. എന്നാൽ, 50ാം മിനിറ്റിൽ നിക്കോളോ ബറേലയും 63ാം മിനിറ്റിൽ ലൗറ്ററോ മാർട്ടിനസും ഇന്ററിനായി വലകുലുക്കി. 82ാം മിനിറ്റിൽ ലെവൻഡോസ്കിയുടെ ഗോളിൽ ബാഴ്സ സമനില പിടിച്ചെങ്കിലും 89ാം മിനിറ്റിൽ റോബിൻ ഗോസൻസ് ഇന്ററിനായി വീണ്ടും ഗോളടിച്ചതോടെ ബാഴ്സ തോൽവി മണത്തു. എന്നാൽ, ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ വീണ്ടും വലകുലുക്കി ലെവൻഡോസ്കി സ്പെയിൻകാരുടെ രക്ഷക്കെത്തുകയായിരുന്നു.
സമനിലയിൽ കുരുങ്ങിയതോടെ ഗ്രൂപ്പിൽ നാല് പോയന്റ് മാത്രമുള്ള കറ്റാലന്മാർ മൂന്നാം സ്ഥാനത്താണ്. നാലിൽ നാലും ജയിച്ച് ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് 12 പോയന്റുമായി ബഹുദൂരം മുന്നിലാണ്. ഇന്റർമിലാന് ഏഴ് പോയന്റുണ്ട്. പോയന്റൊന്നുമില്ലാതെ വിക്ടോറിയ പ്ലസൻ അവസാന സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.