ദോഹ: വിജയം കൊതിച്ചെത്തിയ ഇന്ത്യക്ക് ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ അഫ്ഗാെൻറ പൂട്ട്. 1-1നാണ് സുനിൽ ഛേത്രിയെയും സംഘത്തെയും അഫ്ഗാൻ തളച്ചത്. സമനിലയിൽ കുടുങ്ങിയെങ്കിലും ഗ്രൂപിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ലോകകപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടിലേക്കുള്ള ഇന്ത്യയുടെ സാധ്യത നേരത്തേ അവസാനിച്ചിരുന്നു.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 75ാം മിനിറ്റിൽ അഫ്ഗാൻ ഗോളി ഉവൈസ് അസീസിയുടെ പിഴവിലാണ് ഇന്ത്യ മുന്നിൽ കടന്നത്. ഇടതുവിങ്ങിലൂടെ മുന്നേറി മലയാളി താരം ആഷിഖ് കുരുണിയൻ ഉയർത്തിവിട്ട ക്രോസ് ഗോളിക്ക് അനായാസം കൈയിലൊതുക്കാവുന്നതായിരുന്നു. എന്നാൽ, പന്ത് അസീസിയുടെ കൈയിൽനിന്ന് വഴുതി നേരെ വലയിലെത്തി. ഏഴു മിനിറ്റിനകം അഫ്ഗാൻ ഒപ്പമെത്തി. മനോഹര ഗോളിലൂടെ ഹുസൈൻ സമാനിയാണ് സന്ധുവിനെ കീഴടക്കിയത്. പരിക്കേറ്റ ആഷിഖിന് മത്സരം പൂർത്തിയാക്കാനായതുമില്ല.
ഗോൾവലക്കു മുന്നിൽ ഗുർപ്രീത് സിങ് സന്ധു, പ്രതിരോധത്തിൽ സന്ദേശ് ജിങ്കാൻ, സുഭാശിഷ് ബോസ്, ചിൻഗ്ലെസേന സിങ്, വിങ് ബാക്കുകളായി ആഷിക് കുരുണിയൻ, രാഹുൽ ബെക്കെ, മധ്യനിരയിൽ സുരേഷ് വാങ്ജം, ഗ്ലാൻ മാർട്ടിൻസ്, ബ്രൻഡൻ ഫെർണാണ്ടസ്, മുൻനിരയിൽ നായകൻ സുനിൽ ഛേത്രി, മൻവീർ സിങ് എന്നിവരാണ് ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇറങ്ങിയത്. ഗോകുലം കേരള താരം ശരീഫ് മുഹമ്മദ്, മുൻ ഗോകുലം താരം ഹാറൂൺ അമീരി എന്നിവർ അഫ്ഗാൻ ഇലവനിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.