ഗുവാഹതി/കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിൽ ഇത്തവണ നോക്കൗട്ടിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ചെന്നൈയിൻ എഫ്.സി. നേപ്പാൾ സംഘമായ ത്രിബുവൻ ആർമിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്പിച്ചത്. തുടർച്ചയായ രണ്ടു മത്സരങ്ങൾ ജയിച്ച് ആറു പോയന്റുമായി ഗ്രൂപ് ഇയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ചെന്നൈയിൻ ഇതോടെ ക്വാർട്ടറിലെത്തി.
കൊൽക്കത്തയിൽ ഗ്രൂപ് സിയിൽ ആദ്യ മത്സരത്തിനിറങ്ങിയ ബംഗളൂരു എഫ്.സിയെ ഇന്ത്യൻ എയർ ഫോഴ്സ് 1-1ന് സമനിലയിൽ തളച്ചു. ത്രിബുവനെതിരെ 22ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയാണ് ചെന്നൈയിന്റെ സ്കോറിങ്ങിന് തുടക്കമിട്ടത്. 40ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി റഹിം അലി ലക്ഷ്യത്തിലെത്തിച്ചു. മത്സരത്തിൽ തമിഴ്നാട് സംഘം ജയം ഉറപ്പിക്കവെ റാഫേൽ ക്രിവേലറോയിലൂടെ (84) മൂന്നാം ഗോളുമെത്തി.
ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും ഉൾപ്പെടുന്ന ഗ്രൂപ്പിൽ എയർഫോഴ്സിനെതിരെ ജയം തേടിയിറങ്ങിയ ബംഗളൂരുവിനെ 20ാം മിനിറ്റിൽ വിവേക് കുമാർ പിറകിലാക്കി. 58ാം മിനിറ്റിൽ സലാം ജോൺസൺ സിങ് സമനില പിടിച്ചു. വിജയഗോൾ നേടാനുള്ള ഇരു ടീമിന്റെയും ശ്രമങ്ങൾ പക്ഷേ, ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.