കൊൽക്കത്ത: ഡ്യൂറൻറ് കപ്പിൽ കലാശപ്പോര് തേടി കാൽപന്തിലെ കൊമ്പന്മാർ ഇന്ന് മുഖാമുഖം. മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയിറങ്ങുന്ന ബംഗളൂരുവും നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനും തമ്മിൽ കൊൽക്കത്ത സാൾട്ട് ലേക് മൈതാനത്താണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ടൂർണമെന്റിന്റെ രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്നത്. ടൂർണമെന്റിലെ പ്രകടനം പരിഗണിച്ചാൽ കിരീടമുയർത്താൻ ഏറ്റവും സാധ്യതയുള്ള രണ്ട് ടീമുകളാണ് ഇരുവരും. ഇതുവരെ 10 ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയ ബഗാൻ മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്. എന്നാൽ, അതുക്കും മീതെ നിൽക്കുന്ന റെക്കോഡിന്റെ ആനുകൂല്യമുള്ള ബംഗളൂരു 11 ഗോളുകൾ നേടിയപ്പോൾ രണ്ടെണ്ണമാണ് തിരിച്ചുവാങ്ങിയത്.
കരുത്തരായ മഞ്ഞപ്പടയായിരുന്നു ബംഗളൂരുവിന് ക്വാർട്ടറിൽ എതിരാളികൾ. അവസാന വിസിലിന് നിമിഷങ്ങൾ ബാക്കിനിൽക്കെ, ജോർജ് പെരേര ഡയസ് ആണ് ടീമിന് വിജയമൊരുക്കിയത്. ഗോളി ഗുർപ്രീത് സന്ധു, രാഹുൽ ഭെക്കെ, സുരേഷ് വാങ്ജാം, ഛേത്രി എന്നിവർ തന്നെയാണ് ടീമിന്റെ കുന്തമുനകൾ. മുമ്പ്, ബഗാനിൽ ബൂട്ടുകെട്ടാൻ ക്ഷണം കിട്ടിയതിന്റെ ഓർമകൾ ബാക്കിയുള്ളതിനാൽ താരത്തിനിത് കൊൽക്കത്തൻ കളിമുറ്റത്തേക്ക് തിരിച്ചുവരവ് കൂടിയാകും. മറുവശത്ത്, പഞ്ചാബിനെ സമാനമായ ഹൈവോൾട്ടേജ് കളിയിൽ കടന്നാണ് മോഹൻ ബഗാൻ അവസാന നാലിൽ ഇടമുറപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.