ടൂറിൻ: അനായാസ ജയവുമായി യുവൻറസ് ഇറ്റാലിയൻ ഫുട്ബാൾ ലീഗിൽ ഏഴ് പോയൻറ് ലീഡോടെ ഒന്നാം സ്ഥാനം നിലനിർത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊാണാൾഡോ സീസണിലെ 23ാം ഗോൾ സ്കോർ ചെയ്ത മത്സരത്തിൽ ലെച്ചെക്കെതിരെ 4-0ത്തിനായിരുന്നു യുവൻറസിൻെറ വിജയം.
പൗളോ ഡിബാല, ഗോൺസാലോ ഹിഗ്വിൻ, മതിയാസ് ഡിലിറ്റ് എന്നിവരും വിജയികൾക്കായി സ്വന്തം മൈതാനത്തിൽ ലക്ഷ്യം കണ്ടു. ആദ്യ പകുതിയിൽ ഫാബിയോ ലൂസിയോനി പുറത്തുപോയതോടെ 10 പേരുമായാണ് ലെച്ചെ മത്സരം പൂർത്തിയാക്കിയത്.
മത്സരത്തിൻെറ തുടക്കത്തിൽ റൊണാൾഡോയും ഫെഡറികോ ബെർണാഡെഷിയും ഗോളവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും 53ാം മിനിറ്റിൽ ഡിബാല ഗോൾവേട്ടക്ക് തുടക്കമിട്ടു. ഹോംഗ്രൗണ്ടിൽ യുവെക്കായി ഡിബാല നേടുന്ന 50ാം ഗോളായിരുന്നു അത്.
റൊണാൾഡോയായിരുന്നു അസിസ്റ്റ്. 62ാം മിനിറ്റിൽ പോർചുഗീസ് സൂപ്പർ താരം പെനാൽറ്റിയിലൂടെ ടീമിൻെറ രണ്ടാം ഗോൾ നേടി. 83ാം മിനിറ്റിലായിരുന്നു ഹിഗ്വിൻെറ മൂന്നാം ഗോൾ. 85ാം മിനിറ്റിൽ ഡഗ്ലസ് കോസ്റ്റയുടെ പാസിൽ നിന്നും മാത്തിസ് ഡിലിറ്റ് പട്ടിക തികച്ചു.
ഗോളും അസിസ്റ്റും കളിക്കളത്തിലെ ചടുല നീക്കങ്ങളുമായി റെണാൾഡോ നിറഞ്ഞുനിന്ന മത്സരം കൂടിയായിരുന്നു ഇത്. സീരി എയിൽ 20ാം എതിരാളിക്കെതിരെയാണ് റൊണാൾഡോ ഗോൾ സ്കോർ ചെയ്യുന്നത്. ലീഗിൽ ഇതുവരെ നേരിട്ട 21ൽ 20 ടീമുകൾക്കെതിരെയും താരം സ്കോർ ചെയ്തു.
2018 ഏപ്രിലിന് ശേഷം തുടർച്ചയായ ഏഴാം ഹോം മത്സരത്തിലാണ് യുവൻറസ് വിജയിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനക്കാരായ ലാസിയോ അത്ലാൻറയോട് 3-2ന് തോറ്റതോടെയാണ് മൗറീസിയോ സാറിക്കും സംഘത്തിനും ഏഴ് പോയൻറ് ലീഡ് നേടാനായത്.
തുടർച്ചയായ ഒമ്പതാം സീരി എ കിരീടം ലക്ഷ്യം വെച്ച് കുതിക്കുന്ന യുവൻറസിന് 28 മത്സരങ്ങളിൽ നിന്നും 69 പോയൻറുണ്ട്. ഒരുമത്സരം കുറച്ചു കളിച്ച ലാസിയോ 62 പോയൻറുമായി പിറകിലുണ്ട്. ചൊവ്വാഴ്ച ജിനോവക്കെതിരെയാണ് യുവെയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.