കൊൽക്കത്ത: ഐ.എസ്.എല്‍ കിരീടത്തിന് പിന്നാലെ ഡ്യൂറൻഡ് കപ്പും സ്വന്തമാക്കി മോഹൻ ബഗാൻ. കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഡ്യൂറൻഡ് കപ്പിലെ 17ാം കിരീടത്തിൽ മുത്തമിട്ടത്. കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 71ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിന്റെ ബൂട്ടിൽനിന്നായിരുന്നു മോഹൻബഗാന്റെ വിജയഗോൾ. 62ാം മിനിറ്റിൽ അനിരുദ്ധ ഥാപ്പ ചുവപ്പ് കാർഡ് വാങ്ങി പുറത്തായെങ്കിലും വീറോടെ പോരാടിയാണ് മോഹൻ ബഗാൻ ജേതാക്കളായത്. ഇതോടെ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമെന്ന നേട്ടവും അവർക്ക് സ്വന്തമായി. 60 ലക്ഷം രൂപയാണ് ജേതാക്കൾക്കുള്ള സമ്മാനത്തുക.
കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ വംഗനാടൻ ഫുട്ബാളിലെ അതികായരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ഈസ്റ്റ് ബംഗാൾ എഫ്.സിയും തമ്മിലുള്ള പോരാട്ടം കാണാൻ ഒഴുകിയെത്തിയത് 85000ത്തോളം കാണികളായിരുന്നു. പ്രതീക്ഷിച്ച പോലെ വീറും വാശിയും നിറഞ്ഞതായിരുന്നു മത്സരം. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിൽ ഇരുനിരയും ആക്രമിച്ചു കളിച്ചു. 71ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽനിന്നായിരുന്നു ദിമിത്രി പെട്രാറ്റോസിന്റെ വിജയഗോൾ പിറന്നത്. പന്തുമായി ഒറ്റക്ക് മുന്നേറിയ പെട്രാറ്റോസ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഇടംകാലൻ ഷോട്ട് ഗോള്‍കീപ്പറെ നിസ്സഹായനാക്കി പോസ്റ്റിന്റെ ഇടതുമൂലയില്‍ പതിച്ചു. തിരിച്ചടിക്കാൻ ഈസ്റ്റ് ബംഗാൾ ആവുന്നതും ശ്രമിച്ചെങ്കിലും മോഹൻബഗാൻ പ്രതിരോധം ഇളകിയില്ല.
മൂന്ന് മത്സരങ്ങളിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ് ബംഗാളിന്റെ നന്ദകുമാർ ശേഖർ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ സ്വന്തമാക്കി. ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് മുഹമ്മദൻ സ്പോർട്ടിങ്ങിന്റെ ഡേവിഡ് ലാലൻസംഗയും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ മോഹൻ ബഗാന്റെ വിശാൽ കൈത്തും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.