മഡ്ഗാവ്: കളി തീരാൻ നിമിഷങ്ങൾ മാത്രമിരിക്കേ, കോർണർ കിക്കിൽ സ്കോട്ട് നെവില്ലെ തൊടുത്ത തകർപ്പൻ ഹെഡറിൽ േകരള ബ്ലാസ്റ്റേഴ്സിന്റെ വിജയമോഹങ്ങൾ തകർന്നു. ജയമുറപ്പിച്ച ബ്ലാസ്റ്റേഴ്സിനെ ഇഞ്ചുറിടൈമിന്‍റെ അഞ്ചാം മിനിറ്റിൽ നെവില്ലെ നേടിയ ഗോളിൽ ഈസ്റ്റ്ബംഗാൾ 1-1ന് സമനിലയിൽ കുരുക്കി. 64ാം മിനിറ്റിൽ ജോർഡൻ മറെയുടെ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് ജയത്തിലേക്ക് ആഘോഷമുറപ്പിച്ചിരിക്കെയായിരുന്നു ഇടിത്തീയായി ഈസ്റ്റ്ബംഗാളിന്റെ പ്രഹരം.
കളിയുടെ ആദ്യനിമിഷങ്ങളിൽ എതിർഗോൾമുഖം നിരന്തരം റെയ്ഡ് ചെയ്ത ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തിയിരുന്നു. എന്നാൽ, ഫിനിഷിങ്ങിലെ പാളിച്ചകൾ വിനയായി. ജെസൽ കാർണീറോയുടെ പാസിൽ മറെയുടെ ഷോട്ട് ദേബ്ജിത് മനസ്സാന്നിധ്യത്തോടെ തടഞ്ഞിട്ടു. തുടക്കത്തിലെ പതർച്ച മാറ്റി പതിയെ കളിയിൽ കാലുറപ്പിച്ച ഈസ്റ്റ് ബംഗാൾ പന്തിന്മേൽ നിയന്ത്രണം നേടിത്തുടങ്ങി. മിലൻ സിങ്ങിന്‍റെ പാസിൽ ഹർമൻ സിങ്ങിന് ലഭിച്ച സുവർണാവസരം പക്ഷേ, ആൽബിനോ നിലംപെറ്റ വീണുകിടന്ന് തടഞ്ഞിട്ടു. പിന്നാലെ ഈസ്റ്റ് ബംഗാൾ ബോക്സിൽ വിസെന്‍റെ ഗോമസിന്‍റെ രണ്ടു തകർപ്പൻ ഹെഡറുകൾ ക്രോസ്ബാറിനു മുകളിലൂടെ പറന്നു. ആദ്യ 20 മിനിറ്റിൽ നിർഭാഗ്യം കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നേടാൻ കഴിയാതിരുന്നത്. ഇരുടീമും അവസരങ്ങൾ തുലച്ചപ്പോൾ ആദ്യ പകുതി ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയിലും കൂടുതൽ അവസരങ്ങൾ തുറന്നെടുത്ത ബ്ലാസ്റ്റേഴ്സിന് ലീഡിലേക്ക് വഴി തുറന്നത് ആൽബിനോയുടെ ലോങ്ബാളായിരുന്നു. ഗോൾകീപ്പർ നീട്ടിയടിച്ച പന്ത് മുന്നോട്ടുകുതിച്ച് നിയന്ത്രണത്തിലെടുത്ത മറെ തടയാനെത്തിയ രണ്ടു ഡിഫൻഡർമാരെയും മറികടന്ന് ബോക്സിലെത്തിയെങ്കിലും ഷോട്ടുതിർക്കാനായില്ല. മറെയുടെ കാലിൽതട്ടി തെറിച്ച പന്ത് വീണുകിടന്ന ദേബ്ജിതിന്റെ കൈകൾക്ക് പിടികൊടുക്കാതെ ഗോൾവര കടന്നപ്പോൾ ഈ സീസണിൽ ആസ്ട്രേലിയക്കാരന്റെ ആറാം ഗോളായിരുന്നു അത്.
സമനില ഗോളിനുവേണ്ടി അവസാന നിമിഷങ്ങളിൽ ആക്രമണം കനപ്പിച്ച വംഗനാട്ടുകാർക്കും ഗോൾ സ്കോററായി ഒരു ആസ്ട്രേലിയൻ താരം അവതരിക്കുകയായിരുന്നു. ഡിഫൻഡറായ നെവില്ലെയുടെ ഹെഡർ നിലത്തുകുത്തി വലയുടെ മോന്തായം ചേർന്ന് കയറിയതോടെ നിരന്നുനിന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് രക്ഷാപ്രവർത്തനത്തിന് പഴുതുണ്ടായിരുന്നില്ല. 11 കളികളിൽ 10 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണിപ്പോൾ. 11 പോയന്‍റുള്ള ഈസ്റ്റ്ബംഗാൾ ഒമ്പതാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.