കൊൽക്കത്ത: കഴിഞ്ഞ രണ്ട് സീസണുകളിൽ ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന ഗ്രീക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമൻറക്കോസ് ഈസ്റ്റ്ബംഗാളിൽ ചേർന്നു. ഏഷ്യയിലെ ഏറ്റവും മഹത്തരമായ ആരാധക കൂട്ടങ്ങളിൽ ഒന്നാണ് ഈസ്റ്റ്ബംഗാളെന്നും അവർക്ക് മുന്നിൽ കളിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ലെന്നും വാർത്തകുറിപ്പിൽ ദിമിത്രിയോസ് പറഞ്ഞു.
‘ലക്ഷ്യം നേടാനും ആരാധകർക്ക് സന്തോഷമേകാനും ടീമിനെ സഹായിക്കാൻ പരമാവധി ശ്രമിക്കും. കൊൽക്കത്തയിൽ കാണാം’ -ദിമിത്രിയോസ് ഡയമന്റക്കോസ് പറഞ്ഞു. 2012ൽ ഗ്രീസിലെ പ്രമുഖ ടീമായ ഒളിമ്പിയാക്കോസിനൊപ്പം സീനിയർ തലത്തിൽ പ്രഫഷനൽ ഫുട്ബാളിൽ അരങ്ങേറിയ ദിമിത്രിയോസ് 261 മത്സരങ്ങളിൽ 81 ഗോളുകൾ നേടിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിന് വേണ്ടി 44 മത്സരങ്ങളിൽനിന്ന് 28 ഗോൾ നേടി. ഏഴ് അസിസ്റ്റുകളുമുണ്ട്. കഴിഞ്ഞ സീസണിൽ 17 ഐ.എസ്.എൽ മത്സരങ്ങളിൽ 13 തവണ വലകുലുക്കി ലീഗിലെ ഗോൾഡൻ ബൂട്ടും നേടി. 2014-15ൽ ഒളിമ്പിയാക്കോസിനൊപ്പം ഗ്രീസ് സൂപ്പർ ലീഗ് കിരീടമാണ് ഇതുവരെ നേടിയ പ്രധാന കിരീടം.
മോഹൻബഗാന്റെ യുവ ഫോർവേഡ് കിയാൻ നസീരി ചെന്നൈയിൻ എഫ്.സിയിൽ ചേർന്നു. 23കാരനായ കിയാൻ പ്രശസ്ത താരം ജാംഷിദ് നസീരിയുടെ മകനാണ്. 2027 വരെയാണ് കരാർ. മുഹമ്മദൻസ് സ്പോർട്ടിങ്ങിലും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.