ബൈ​റോ​ൺ കാ​സി​ലോ

 ദോഹ: ലോകകപ്പ് ഫുട്ബാളിന്‍റെ ഉദ്ഘാടന മത്സരത്തിൽ കളത്തിലിറങ്ങേണ്ട എക്വഡോറിന്‍റെ ഖത്തറിലെ സ്വപ്നങ്ങൾ ഇരുട്ടിലാക്കി പുതിയ തെളിവുകളുമായി ഇംഗ്ലീഷ് മാധ്യമങ്ങൾ. തെക്കനമേരിക്കൻ രാജ്യത്തിന്‍റെ ലോകകപ്പ് യോഗ്യത ചോദ്യംചെയ്ത് ചിലി നൽകിയ പരാതിയിൽ ഫിഫ വ്യാഴാഴ്ച നിർണായക വാദം കേൾക്കാനിരിക്കെയാണ് 'സ്പോർട്സ് മെയിൽ' പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

എക്വഡോർ ടീമിലെ വിവാദ താരം ബൈറോൺ കാസിലോയുടെ ജനനം കൊളംബിയയിലാണെന്ന് ഉറപ്പാക്കുന്ന തരത്തിൽ ജനന സർട്ടിഫിക്കറ്റും മാമോദിസ ചടങ്ങുകളുടെ കൊളംബിയൻ സഭാ സാക്ഷ്യപത്രവും പഴയ അഭിമുഖങ്ങളുടെ ശബ്ദരേഖയും ഉൾപ്പെടെയുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

ലോകകപ്പ് യോഗ്യത റൗണ്ടിൽ എക്വഡോറിനായി എട്ടു മത്സരങ്ങൾ കളിച്ച താരത്തിനുവേണ്ടി സമർപ്പിച്ച രേഖകളെല്ലാം വ്യാജമാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. നവംബർ 20ന് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ നേരിടാൻ എക്വഡോർ ഒരുങ്ങുന്നതിനിടെയാണ് പങ്കാളിത്തംതന്നെ അപകടത്തിലാക്കുന്ന വെളിപ്പെടുത്തൽ.

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളിലെ വിവരങ്ങൾ തെറ്റാണെന്നും എക്വഡോർ ദേശീയ ഫുട്ബാൾ അസോസിയേഷൻ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും 'സ്പോർട്സ് മെയിൽ' റിപ്പോർട്ട് ചെയ്തു. നാലു വർഷം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ താരം നൽകിയ ഉത്തരങ്ങളുടെ ശബ്ദരേഖയും പുറത്തുവിട്ടു.

തന്‍റെ ജനന തീയതി 1995 ആണെന്നും പേര് ബൈറോൺ ഹാവിയർ കാസിലോ സെഗുറ എന്നാണെന്നും ഇതിൽ വ്യക്തമാക്കുന്നു. എന്നാൽ, എക്വഡോർ എഫ്.എയുടെ രേഖകളിൽ ജനിച്ച വർഷം 1998 ആണ്. പേര് ബൈറോൺ ഡേവിഡ് കാസിലോ സെഗുറ എന്നും.

ഫുട്ബാൾ കരിയർ മെച്ചപ്പെടുത്തുന്നതിനായി കൊളംബിയയിലെ ടുമാകോയിൽ നിന്നും എക്വഡോറിലെ സാൻ ലൊറൻസോയിലേക്ക് മാറിയതായി താരം വിശദീകരിക്കുന്നണ്ട്. തനിക്ക് പുതിയൊരു മേൽവിലാസം നേടാൻ സഹായിച്ച എക്വഡോറിയൻ ബിസിനസുകാരന്‍റെ പേരും വെളിപ്പെടുത്തുന്നു.

2018ൽ എക്വഡോർ ഫുട്ബാൾ ഫെഡറേഷൻ അന്വേഷണ സമിതിക്ക് മുമ്പാകെ നൽകിയ വിവരങ്ങളുടെ ശബ്ദരേഖയാണ് പുറത്തായത്. എന്നാൽ, താരം തന്നെ ഇക്കാര്യങ്ങൾ നേരത്തേ വെളിപ്പെടുത്തിയിട്ടും വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ഫെഡറേഷൻ കളിപ്പിച്ചുവെച്ചാണ് പ്രബലമായ ആരോപണം.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് തെക്കനമേരിക്കൻയോഗ്യത റൗണ്ടിൽ നിന്നും പിന്തള്ളപ്പെട്ട ചിലി എക്വഡോറിനെതിരെ പരാതിയുമായി ഫിഫയെ സമീപിച്ചത്. ആദ്യം പരാതി തള്ളിയെങ്കിലും ശക്തമായ ഇടപെടൽ നടത്തിയ ചിലി കായിക കോടതിയെ സമീപിക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെയാണ് ഫിഫ അപ്പീൽ കമ്മിറ്റിക്ക് കൈമാറിയത്.

വ്യാഴാഴ്ച സമിതി ചെയർമാൻ നീൽ എഗ്ലസ്റ്റൺ (അമേരിക്ക), അംഗങ്ങളായ ഖത്തറിന്‍റെ സൽമാൻ അൻസാരി, ഫറോ ഐലൻഡിൽനിന്നുള ക്രിസ്റ്റ്യൻ ആൻഡ്രിയേസൺ എന്നിവർ വാദം കേൾക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകൾ. കൊളംബിയയിൽ ജനിച്ച ബൈറോണിനെ എക്വഡോറിനായി കളിപ്പിക്കുന്നതിന് ജനനതീയതിയും പൗരത്വവും സംബന്ധിച്ച തെറ്റായ രേഖകൾ സമർപ്പിച്ചുവെന്നാണ് ചിലിയുടെ വാദം.

യോഗ്യത റൗണ്ടിൽ എക്വഡോറിനായി എട്ട് മത്സരങ്ങളിൽ ബൈറോൺ കളിച്ചിട്ടുണ്ട്. ഈ ഫലങ്ങൾ തടഞ്ഞ് എതിരാളികൾക്ക് പോയന്‍റ് നൽകണമെന്നും ചിലി വാദിക്കുന്നു. അങ്ങനെയെങ്കിൽ എക്വഡോർ പുറത്താവുകയും ചിലി മേഖലയിൽ നിന്നും ലോകകപ്പിന് യോഗ്യത നേടുകയും ചെയ്യും. 

Tags:    
News Summary - Ecuador in danger zone-Evidence of disqualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.