ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ നോട്ടമിട്ട് ലോക സമ്പന്നൻ ഇലോൺ മസ്കും. 4.5 ബില്യൻ പൗണ്ട് (ഏകദേശം 45,182 കോടി രൂപ) ആണ് മസ്‌കിന്‍റെ ഓഫറെന്നാണ് പുറത്തുവരുന്ന വിരം. ഉടമകളായ ഗ്ലേസർ സഹോദരങ്ങൾ കഴിഞ്ഞ നവംബറിലാണ് ക്ലബ് വിൽക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഒരുകൂട്ടം വ്യവസായികളും ബ്രിട്ടനിലെ അതിസമ്പന്നനായ സർ ജിം റാറ്റ്ക്ലിഫും ക്ലബിനെ സ്വന്തമാക്കാനായി രംഗത്തുണ്ട്. ഇതിനിടെ ഖത്തറിലെ ഒരുകൂട്ടം നിക്ഷേപകരും യുനൈറ്റഡിനായി താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. ഫെബ്രുവരി 17 ആണ് ഗ്ലേസർ കുടുംബം മുന്നോട്ടുവെച്ച ഡെഡ് ലൈൻ. ഇത് തീരാനിക്കെയാണ് ഒരു ഡസനോളം കക്ഷികൾ ക്ലബിനായി താൽപര്യം പ്രകടിപ്പിച്ച് രംഗത്തുവന്നിരിക്കുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡ് വാങ്ങുമെന്ന് നേരത്തെയും മസ്‌ക് സൂചന നൽകിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് മസ്‌ക് താൽപര്യം പരസ്യമാക്കിയത്. ഏതെങ്കിലും ടീമിനെ വാങ്ങുകയാണെങ്കിൽ അത് യുനൈറ്റഡായിരിക്കുമെന്നും കുട്ടിക്കാലം മുതലുള്ള തന്‍റെ ഇഷ്ടടീമാണെന്നുമാണ് മസ്‌ക് അന്ന് വ്യക്തമാക്കിയത്. പിന്നീട് അതൊരു തമാശയായിരുന്നുവെന്ന് മസ്ക തന്നെ വ്യക്തമാക്കി. ‘ഇല്ല, ഇത് ട്വിറ്ററിൽ വളരെക്കാലമായി നടക്കുന്ന തമാശയാണ്. ഞാൻ സ്‌പോർട്‌സ് ടീമുകളൊന്നും വാങ്ങുന്നില്ല’ എന്നായിരുന്നു ട്വീറ്റ്.
2005ൽ 942 മില്യൺ ഡോളറിനാണ് ഗ്ലേസേഴ്‌സ് കുടുംബം മാഞ്ചസ്റ്റർ യുനൈറ്റഡിനെ വാങ്ങിയത്. സീസണിൽ ലീഗ് കിരീട പോരിൽ യുനൈറ്റഡും മുന്നിലുണ്ട്. നിലവിൽ 23 മത്സരങ്ങളിൽനിന്ന് 14 ജയവും അഞ്ചു തോൽവിയും നാലു സമനിലയുമായി 46 പോയന്‍റുള്ള യുനൈറ്റഡ് മൂന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.