കൊൽക്കത്ത: അർജന്റീനയുടെ ലോകകപ്പ് ഹീറോയായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിന് കൊൽക്കത്തയുടെ സ്നേഹോഷ്മള വരവേൽപ്പ്. ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് തിങ്കളാഴ്ച രാത്രിയോടെയെത്തിയ താരം ചൊവ്വാഴ്ച വിവിധ പരിപാടികളിൽ പങ്കെടുത്തു.
മോഹൻബഗാൻ ക്ലബിന്റെ പെലെ-മറഡോണ-സോബേഴ്സ് ഗേറ്റ് എമിലിയാനോ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ബംഗാൾ ക്ലബിലും താരത്തിന് സ്വീകരണം നൽകി. ഖത്തർ ലോകകപ്പ് ഫൈനലിൽ എതിരാളികളുടെ കിക്കുകൾ തടഞ്ഞ് അർജന്റീനാ വിജയത്തിൽ നിർണായക സാന്നിധ്യമായത് എമിലിയാനോ ആയിരുന്നു. ലോകകപ്പ് നേട്ടത്തിനു പിന്നാലെ മെസ്സി തന്നോട് പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ താരം വിശദീകരിച്ചു. ‘ഷൂട്ടൗട്ടിന് ശേഷം മെസ്സി എന്റെ അടുത്തേക്ക് വന്ന് എന്നെ ആലിംഗനം ചെയ്തു. എന്നിട്ട് പറഞ്ഞു -‘നീ നമ്മളെ രണ്ടാം തവണയും രക്ഷിച്ചുവെന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല’. ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ അങ്ങനെ പറയുമ്പോൾ, അത് അവിശ്വസനീയ ബഹുമതിയാണ്.
ജയിക്കാനായി ജനിച്ചവനാണ് അദ്ദേഹം. ലോകകപ്പിൽ ഓരോ മത്സരങ്ങൾക്കു മുമ്പും ലിയോ ഞങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു. ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് അദ്ദേഹം പറഞ്ഞത് ഇങ്ങനെ- ‘എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും അങ്ങേയറ്റത്തെ നന്ദിയുണ്ട്’. ടീമിലെ താരങ്ങളെല്ലാവരും അദ്ദേഹത്തിനുവേണ്ടി ആ കലാശക്കളി ജയിക്കണമെന്ന് അത്രയേറെ മനസ്സിലുറപ്പിച്ചിരുന്നു.’ -മാർട്ടിനെസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.