സീസൺ അവസാനത്തോടെ പി.എസ്.ജി വിടുന്ന അർജന്‍റൈൻ ഇതിഹാസ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാനായി പല കബ്ലുകളും താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും താരം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആദ്യ ക്ലബായ ബാഴ്സലോണയിലേക്ക് തന്നെ താരം മടങ്ങിപോകുമെന്ന അഭ്യൂഹവും ശക്തമാണ്.
ഓക്സിറെയെ 2-1ന് തോല്പിച്ച പി.എസ്.ജി ഇതിനകം ഫ്രഞ്ച് ലീഗിൽ 11ാം കിരീടം ഉറപ്പാക്കിയിട്ടുണ്ട്. രണ്ടു മത്സരം ശേഷിക്കെ രണ്ടാം സ്ഥാനക്കാരായ ലെൻസിനേക്കാൾ ആറ് പോയന്റ് ലീഡുണ്ട് നിലവിലെ ചാമ്പ്യന്മാർക്ക്. ഗോൾ വ്യത്യാസത്തിൽ ബഹുദൂരം മുന്നിലുള്ള പി.എസ്.ജിയെ സംബന്ധിച്ച് ഇനി കാത്തിരിക്കാനില്ല. ഒരു പോയന്റ് കൂടി നേടുന്നതോടെ ഇവരെ ജേതാക്കളായി പ്രഖ്യാപിക്കും.
സീസണോടെ മെസ്സിക്കൊപ്പം ബ്രസീൽ സൂപ്പർതാരം നെയ്മറും ക്ലബ് വിടും. നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ് മെസ്സിയെയും ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിച്ച് അർജന്‍റീന ദേശീയ ടീമിലെ സഹതാരവും ടീമിന് ഖത്തർ ലോകകപ്പ് നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത് എമിലിയാനോ മാർട്ടിനെസ് രംഗത്തെത്തിയത്.
നേരത്തെ ക്ലബിന്റെ അനുമതിയില്ലാതെ മെസ്സി കുടുംബത്തോടൊപ്പം സൗദി അറേബ്യ സന്ദര്‍ശിച്ചതിന് താരത്തെ രണ്ടാഴ്ചത്തേക്ക് പി.എസ്.ജി സസ്പെന്‍ഡ് ചെയ്തിരുന്നു. പി.എസ്.ജിയുടെ മത്സരങ്ങള്‍ക്കിടെ ആരാധകര്‍ മെസ്സിയെ കൂവി വിളിക്കുന്ന സാഹചര്യങ്ങളുമുണ്ടായി. ഇനിയും മെസ്സിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടായാല്‍ താരത്തെ എന്തുവില കൊടുത്തും വില്ലയിലെത്തിക്കുമെന്നും അതിനുവേണ്ടി തന്റെ സാലറി വെട്ടിക്കുറക്കാനും തയാറാണെന്ന് മാർട്ടിനെസ് വ്യക്തമാക്കി.
ഫൈനലിൽ ഫ്രാൻസിനെതിരെ മാർട്ടിനെസ് നടത്തിയ അവിശ്വസനായി സേവുകളാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ അർജന്‍റീനിക്ക് വീണ്ടുമൊരു വിശ്വകിരീടം നേടികൊടുത്തത്. പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ ഗോൾ കീപ്പറാണ് മാർട്ടിനെസ്. ഒരു മത്സരം ബാക്കി നിൽക്കെ, പോയന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ആസ്റ്റൺ വില്ല.
‘ലിയോയെ ഇനിയും കൂവിയാൽ, ഞാൻ അവനെ ആസ്റ്റൺ വില്ലയിലേക്ക് കൊണ്ടുവരും. എല്ലാ വാരാന്ത്യങ്ങളിലും ഞാൻ അവനുവേണ്ടി റോസ്റ്റുകൾ ഉണ്ടാക്കി നൽകും, മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കും. ആവശ്യമെങ്കിൽ മെസ്സിക്ക് വേണ്ടി ഞാൻ എന്റെ ശമ്പളം വരെ വെട്ടിക്കുറക്കും’ -മാർട്ടിനെസ് ഇ.എസ്.പി.എന്നിനോട് പറഞ്ഞു. ജൂണിലാണ് മെസ്സിയുടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്നത്. സൗദി ക്ലബ് അൽ ഹിലാലും അമേരിക്കൻ മേജർ സോക്കർ ലീഗിലെ ഇന്‍റർ മിയാമിയുമാണ് താരത്തിനായി താൽപര്യം പ്രകടിപ്പിച്ച് മുൻപന്തിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.