ദോഹ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനിയും കൂടിക്കാഴ്ച നടത്തി. കസാഖ്സ്താനിലെ അസ്താനയിൽ നടന്ന അന്താരാഷ്ട്ര ഉച്ചക്കോടിക്കിടയിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വിഷയങ്ങളും പുതിയ അന്താരാഷ്ട്ര സംഭവ വികാസങ്ങളും റഷ്യ-യുക്രെയ്ൻ യുദ്ധവും ചർച്ചചെയ്തു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ഭക്ഷ്യ-ഊർജ മേഖലയെ പ്രതികൂലമായി ബാധിച്ചത് കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മേഖലയിൽ സമാധാന പുനഃസ്ഥാപിക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി ഖത്തറിന്റെ ശ്രമമുണ്ടാവുമെന്ന് അമീർ റഷ്യൻ പുടിനെ അറിയിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കേണ്ടതിന്റെയും യു.എൻ ചാർട്ടറും അന്താരാഷ്ട്ര തത്ത്വങ്ങളും പാലിക്കേണ്ടതിന്റെയും ആവശ്യകത ഖത്തർ ഉന്നയിച്ചു.
ലോകകപ്പ് ടൂർണമെന്റിന്റെ സംഘാടനത്തിൽ പ്രസിഡന്റ് പുടിൻ ഖത്തറിന് ആശംസകൾ നേർന്നു. 2018 ലോകകപ്പ് ആതിഥേയ രാജ്യം എന്ന നിലയിൽ സംഘാടനത്തിൽ റഷ്യയുടെ പരിചയം പങ്കുവെച്ച പ്രസിഡന്റ് പുടിൻ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായി മാറട്ടെ എന്ന് ആശംസിച്ചു. റഷ്യയുടെ പിന്തുണക്ക് അമീർ നന്ദിയും അറിയിച്ചു. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് റഷ്യൻ പ്രസിഡന്റും ഖത്തർ അമീറും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഗതാഗതമന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, വാണിജ്യ-വ്യവസായമന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച നടന്ന സി.ഐ.സി.എ ഉച്ചകോടിയിലും അമീർ പങ്കെടുത്തു. വിവിധ രാഷ്ട്ര തലവന്മാരും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.