കടന്നുവന്ന വഴികൾ കഠിനമായിരുന്നു...; ബ്രസീലിനെതിരെ മകൻ ഗോളടിക്കുമ്പോൾ ഗാലറിയിലിരുന്ന് പൊട്ടിക്കരഞ്ഞ് ഡയസിന്‍റെ പിതാവ്

നാഷനൽ ലിബറേഷൻ ആർമി എന്ന ഗറില്ല ഗ്രൂപ്പ് (ഇ.എൽ.എൻ) അംഗങ്ങൾ തട്ടിക്കൊണ്ടുപോയ ലിവർപൂളിന്റെ കൊളംബിയൻ ഫുട്ബാൾ താരം ലൂയിസ് ഡയസിന്റെ പിതാവിനെ കഴിഞ്ഞദിവസമാണ് മോചിപ്പിച്ചത്. മോട്ടോർ സൈക്കിളുകളിൽ എത്തിയ ആയുധധാരികൾ വടക്കൻ കൊളംബിയയിലെ ബറൻകാസ് എന്ന ചെറുനഗരത്തിൽനിന്നാണ് താരത്തിന്‍റെ രക്ഷിതാക്കളെ തട്ടിക്കൊണ്ടുപോയത്.

ഡയസിന്റെ മാതാവ് സിലേനിസ് മറുലാൻഡയെ പൊലീസ് നഗരം വളഞ്ഞ് മണിക്കൂറുകൾക്കകം മോചിപ്പിച്ചിരുന്നു. എന്നാൽ, പിതാവ് മാനുവൽ ഡയസിനെ 12 ദിവസത്തിനുശേഷമാണ് വിട്ടയച്ചത്. ഒക്ടോബർ 28നായിരുന്നു ഇരുവരെയും തട്ടിക്കൊണ്ടുപോയത്. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ കരുത്തരായ ബ്രസീലും കൊളംബിയയും തമ്മിലുള്ള മത്സരം കാണാൻ ഡയസിന്‍റെ പിതാവും എത്തിയിരുന്നു.

അഞ്ചു മിനിറ്റിനിടെ നേടിയ ഡയസിന്‍റെ ഇരട്ടഗോളിലാണ് കൊളംബിയ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയത്. 75, 79 മിനിറ്റുകളിലായിരുന്നു ഗോളുകൾ. മകൻ ടീമിനായി ആദ്യ ഗോൾ നേടിയതും ഗാലറിയിലിരുന്ന പിതാവിന് കണ്ണുനീർ നിയന്ത്രിക്കാനായില്ല. ഇതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലാണ്. കൊളംബിയൻ ദേശീയ ടീമിന്‍റെ ജഴ്സി അണിഞ്ഞാണ് മാനുവൽ ഡയസ് കളി കാണാനെത്തിയത്.

വികാരധീനനായി തളർന്നുവീണ മാനുവലിനെ നിയന്ത്രിക്കാൻ സമീപത്തുണ്ടായിരുന്നവർ ഏറെ പാടുപെട്ടു. ‘ഞാൻ ദൈവത്തിന് നന്ദി പറയുന്നു. അവൻ എല്ലാം സാധ്യമാക്കുന്നു. ഞങ്ങൾ എല്ലായ്‌പ്പോഴും ദുഷ്‌കരമായ വഴികളിലൂടെയാണ് കടന്നുവന്നത്, അതവനെ ശക്തനും ധീരനുമാക്കി. അതുപോലെയാണ് സോക്കറും ജീവിതവും. ഞങ്ങൾ ഈ വിജയം അർഹിക്കുന്നു’ -മത്സരശേഷം ലൂയിസ് ഡയസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഹെഡറിലൂടെയാണ് ഡയസ് രണ്ടു ഗോളും നേടിയത്.

15 തവണ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ബ്രസീലിനെതിരെ കൊളംബിയയുടെ ആദ്യ ജയമാണിത്. തോൽവിയോടെ ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. അഞ്ചു മത്സരങ്ങളിൽനിന്ന് ഏഴു പോയന്‍റ്. തുടർച്ചയായ രണ്ടാം തോൽവിയാണിത്. അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് യുറുഗ്വായിയോട് പരാജയപ്പെട്ടിരുന്നു. അർജന്‍റീനയാണ് അടുത്ത മത്സരത്തിൽ ബ്രസീലിന്‍റെ എതിരാളികൾ.

Tags:    
News Summary - Emotional Luis Díaz scores brace for Colombia with father in attendance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.