റിയാദ്: ലോകകപ്പ് മഹോത്സവത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കാൽപന്ത് ലഹരി ഉച്ചിയിലെത്തിച്ച് മീഡിയവൺ റിയാദ് സൂപ്പർ കപ്പ് ഫുട്ബാളിന് പരിസമാപ്തിയായി. കളിയിലുടനീളം മികവ് പുലർത്തിയ ഇംഗ്ലണ്ട് ഫാൻസ് ടീമും കരുത്തരായ പോർച്ചുഗലും ഫൈനലിൽ സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു. അതും ഡ്രോയിൽ കലാശിച്ചപ്പോൾ ടോസിലൂടെ ഇംഗ്ലണ്ട് ഫാൻസ് ടീം സൂപ്പർ കപ്പിൽ മുത്തമിട്ടു. ഇരവിന്റെ അന്ത്യയാമത്തിലും അണയാതെ ജ്വലിച്ചുനിന്ന കളിക്കാരുടെ ആവേശവും ആരവം മുഴക്കിയ കാണികളുടെ പിന്തുണയും സമ്മിശ്രമായി ലയിച്ചുചേർന്ന സൂപ്പർ കപ്പ് റിയാദിലെ ഫുട്ബാൾ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറി. ഇതാദ്യമായാണ് ഒരു ലോകകപ്പിന്റെ പശ്ചാത്തലത്തിൽ റിയാദ് ഫുട്ബാൾ അസോസിയേഷനും (റിഫ) മീഡിയവൺ ചാനലും ഒരു ഫുട്ബാൾ മേളക്ക് കൈകോർക്കുന്നത്. റിയാദ് ടാക്കീസ് നയിച്ച ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണാഭമായ മാർച്ച്പാസ്റ്റോടെയാണ് പരിപാടികൾക്ക് നാന്ദി കുറിച്ചത്.
തിങ്ങിനിറഞ്ഞ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ മുഖ്യാതിഥി ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ സെക്കൻഡ് സെക്രട്ടറി അനിൽ റാത്തോഡ് ഉദ്ഘാടനം നിർവഹിച്ചു. എംബസി സെക്കൻഡ് സെക്രട്ടറി ബീബുട്ടീ നാഥ് പാണ്ഡെ, മീഡിയവൺ ജനറൽ മാനേജർ സഊദ് അൽആരിഫ്, മീ ഫ്രൻഡ് ഓപറേഷൻ മാനേജർ അബ്ദുല്ല സൽമാൻ മശ്ഹൂദി, ഭാരതീയ പ്രവാസി പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട്, ഗൾഫ് മാധ്യമം മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ താജുദ്ദീൻ ഓമശ്ശേരി, മീഡിയവൺ മാനേജർമാരായ സലീം മാഹി, ഹസനുൽ ബന്ന, റിഫ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, അബ്ദുൽ കരീം പയ്യനാട്, ഷക്കീൽ തിരൂർക്കാട്, മീ ഫ്രൻഡ് മാനേജർ ഇംറാൻ ഹുസൈൻ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രായോജകരായ സിറ്റിഫ്ലവർ, അനലിറ്റിക്സ്, ഇ.സി കാർഗോ, റോയൽ ട്രാവൽസ്, ഫോക്കസ് ലൈൻ, ഏഷ്യൻ റസ്റ്റാറന്റ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യയെ കൂടാതെ ലോകകപ്പിൽ കളിക്കുന്ന ഏഴ് രാജ്യങ്ങളുടെയും ഫാൻസ് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടിയത്. റിഫയിൽ രജിസ്റ്റർ ചെയ്ത 20 താരങ്ങൾ വീതമാണ് ഓരോ ടീമിലും അണിനിരന്നത്. ആദ്യറൗണ്ട് മത്സരങ്ങളിൽ ഇംഗ്ലണ്ട് ഫ്രാൻസിനെയും ജർമനി അർജന്റീനയെയും ഓരോ ഗോളിന് പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രസീൽ സൗദി അറേബ്യയോടും ഇന്ത്യ പോർചുഗലിനോടും അടിയറവ് പറഞ്ഞു. വേഗമേറിയ പാസുകളും ചടുലമായ നീക്കങ്ങളും കൊണ്ട് കാണികളെ ത്രസിപ്പിച്ച സെമി ഫൈനലിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് സൗദി അറേബ്യയെയും പോർചുഗൽ 4 -3ന് ടൈബ്രേക്കറിൽ ജർമനിയെയും തോൽപിച്ച് ഫൈനലിൽ പ്രവേശിച്ചു. പുലരുവോളം നീണ്ടുനിന്ന ഫുട്ബാൾ മാമാങ്കം വിജയികൾക്കുള്ള ട്രോഫി വിതരണത്തിന് ശേഷമാണ് പിരിഞ്ഞത്.
നൗഷാദ്, ശരീഫ്, അൻസാർ, അമീർ സുഹൈൽ, അബ്ദു എന്നീ റഫറിമാരാണ് മത്സരം നിയന്ത്രിച്ചത്. അവർക്കുള്ള ഉപഹാരങ്ങൾ സൈഫു കരുളായി, ഷക്കീൽ തിരൂർക്കാട് എന്നിവർ വിതരണം ചെയ്തു. മെഡിക്കൽ ടീമംഗങ്ങളായ അഷ്റഫ്, ശൈഖ് എന്നിവർ അബ്ദുൽകരീം പയ്യനാടിൽനിന്നും ആദരഫലകം ഏറ്റുവാങ്ങി. നല്ല ഡിഫൻഡർ മുർഷിദിന് ബഷീർ ചേലേമ്പ്രയും നല്ല ഗോൾ കീപ്പർ സാലിഹിന് ശിഹാബ് കൊട്ടുകാടും ബെസ്റ്റ് പ്ലെയർ സുഹൈറിന് നൗഷാദും ടോപ് സ്കോറർ ഫാസിലിനുള്ള അവാർഡ് അഷ്റഫ് കൊടിഞ്ഞിയും നൽകി. മാർച്ച് പാസ്റ്റിലെ നല്ല പ്രകടനത്തിന് അർജന്റീന ഫാൻസ് ടീം അർഹരായി.
മീഡിയവൺ സൂപ്പർ കപ്പ് വിന്നേഴ്സ് ട്രോഫിയും കാഷ് അവാർഡും മെഡലുകളും ശിഹാബ് കൊട്ടുകാട്, ഹസനുൽ ബന്ന, സലീം മാഹി എന്നിവർ ഇംഗ്ലണ്ട് ഫാൻസ് ടീമിന് സമ്മാനിച്ചു. പോർചുഗൽ ഫാൻസ് ടീമിനുള്ള വിന്നേഴ്സ് ട്രോഫി ബഷീർ ചേലേമ്പ്ര, അബ്ദുൽകരീം പയ്യനാട് എന്നിവർ സമ്മാനിച്ചു. നബീൽ പാഴൂർ, അഹ്ഫാൻ കൊണ്ടോട്ടി, ബാസിത് കക്കോടി, അസീസ് വെള്ളില, മുഹമ്മദ് ഫൈസൽ, ഷാനിദ് അലി, അൻസീം, ആത്തിഫ്, മുഹ്സിൻ, ഷഫീഖ്, ആബിദ്, അബ്ദു കാളികാവ്, ഷംസു, ജുനൈസ്, നാസർ മാവൂർ, ബാവ, ഷാജു, അഷ്റഫ്, ഷാഹുൽ എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി. ഫവാസ് അബ്ദുറഹീം, ഫഹദ് നീലാഞ്ചേരി എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.