ലണ്ടൻ: കോപ്പ അമേരിക്കയുടെ ലഹരി നുണഞ്ഞുതീരും മുേമ്പ വെംബ്ലിയിൽ മഹാഫൈനലിന് കളമൊരുങ്ങുന്നു. കാൽപന്തുകളത്തിൽനിന്ന് ഒരു കിരീടത്തിനായുള്ള ഇംഗ്ലണ്ടിെൻറ അരനൂറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിന് സ്വന്തം കളിമുറ്റമായ വെംബ്ലി സ്റ്റേഡിയത്തിൽ വിരാമമിടാൻ ഹാരി കെയ്നിനും സംഘത്തിനുമാവുമോ? അതോ ഒന്നര പതിറ്റാണ്ടിനുശേഷമുള്ള പ്രധാന ട്രോഫിയുമായി ജോർജിയോ കെല്ലിനിയും ടീമും ഇറ്റലിയിലേക്ക് മടങ്ങുമോ? ഫുട്ബാൾ ലോകം കാത്തിരിക്കുകയാണ്. ആര് കിരീടം നേടിയാലും 53 വർഷത്തിനിടെ യൂറോ കപ്പിൽ പുതിയ ജേതാക്കളുടെ പേരെഴുതിച്ചേർക്കേണ്ടിവരും ട്രോഫിയിൽ. ഇംഗ്ലണ്ട് ഇതുവരെ യൂറോയിൽ ജേതാക്കളായിട്ടില്ല. ഫൈനലിലെത്തുന്നതു തന്നെ ആദ്യം. 1968ലും 1966ലും മൂന്നാം സ്ഥാനം നേടിയതാണ് മികച്ച നേട്ടം. ഇറ്റലിയാവട്ടെ 1968ൽ ചാമ്പ്യന്മാരായ ശേഷം യൂറോയിൽ കപ്പുയർത്തിയിട്ടില്ല. പിന്നീട് രണ്ടു തവണ (2000, 2012) ഫൈനലിലെത്തിയെങ്കിലും തോറ്റു. ഇംഗ്ലണ്ടിന് 1966ലെ ലോകകപ്പാണ് ഏക പ്രധാന കിരീടനേട്ടം.
തോൽവിയറിയാത്ത ടീമുകൾ
പരാജയമറിയാതെയാണ് ഇറ്റലിയും ഇംഗ്ലണ്ടും കലാശപ്പോരിനെത്തിയിരിക്കുന്നത്. എ ഗ്രൂപ്പിൽ മൂന്നിൽ മൂന്നും ജയിച്ച ഇറ്റലി പ്രീക്വാർട്ടറിൽ അധികസമയത്ത് 2-1ന് ഓസ്ട്രിയയെയും ക്വാർട്ടറിൽ 2-1ന് ബെൽജിയത്തെയും സെമിയിൽ ഷൂട്ടൗട്ടിൽ 4-2ന് (നിശ്ചിതസമയത്തും അധികമസയത്തും 1-1) സ്പെയ്നിനെയും മറികടന്നു. 12 ഗോളുകൾ സ്കോർ ചെയ്തപ്പോൾ വഴങ്ങിയത് മൂന്നെണ്ണം.
ഇംഗ്ലണ്ട് ഡി ഗ്രൂപ്പിൽ രണ്ടു ജയവും ഒരു സമനിലയുമായാണ് നോക്കൗട്ട് ഘട്ടത്തിലെത്തിയത്. പ്രീക്വാർട്ടറിൽ 2-0ത്തിന് ജർമനിയെയും ക്വാർട്ടറിൽ 4-0ത്തിന് യുക്രെയ്നെയും അധികസമയത്തേക്ക് നീണ്ട സെമിയിൽ 2-1ന് ഡെന്മാർക്കിനെയും തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. പത്ത് ഗോളുകൾ അടിച്ച ഇംഗ്ലണ്ട് തിരിച്ചുവാങ്ങിയത് ഒന്നുമാത്രം.
ഇറ്റലി പഴയ ഇറ്റലിയല്ല
പതിവ് ഇറ്റലിയല്ല ഇത്തവണ യൂറോയിൽ. അടച്ചുറപ്പുള്ള പ്രതിരോധത്തിലൂന്നിയുള്ള കളിയല്ല മൻസീനിയുടെ ടീമിേൻറത്. ജോർജിയോ കെല്ലിനി-ലിയനാർഡോ ബൊനൂചി സഖ്യം പൂട്ടിടുന്ന പ്രതിരോധവും പിറകിൽ ജിയാൻലുയിജി ഡോണറുമ്മയുടെ ഗോൾകീപ്പിങ്ങും മികച്ചതാണെങ്കിലും അതിൽ തൂങ്ങിനിൽക്കാതെ ആക്രമിച്ചുകയറുന്ന ശൈലിയാണ് ടീമിന്. മധ്യനിരയിൽ ജോർജീന്യോയും നികോള ബറേല്ലയും മാർകോ വെറാറ്റിയും മികച്ച പാസിങ് ഗെയിം കളിക്കുന്നതോടൊപ്പം വിങ്ങുകളിൽ ലോറൻസോ ഇൻസീന്യേയും ഫെഡറികോ കിയേസയും കുതിച്ചുകയറുന്നതും ടീമിന് മികവ് നൽകുന്നു. പ്രധാന സ്ട്രൈക്കർ ചീറോ ഇമ്മൊബിലെ ഗോളടി മികവ് വീണ്ടെടുക്കുക കൂടി ചെയ്താൽ ഇറ്റലിക്ക് നേട്ടമാവും. പരിക്കേറ്റ ലിയനാർഡോ സ്പിനസോളക്ക് പകരമെത്തിയ എമേഴ്സൺ പാൽമിയേറി തന്നെ വലതുബാക്ക് സ്ഥാനത്ത് കളിക്കും, ഇടത്ത് ജിയോവാനി ഡിലോറൻസോയും.
ഇംഗ്ലീഷ് ടീം ഗെയിം
കെട്ടുറപ്പുള്ള പ്രതിരോധവും മൂർച്ചയേറിയ മുൻനിരയുമാണ് ഇംഗ്ലണ്ടിെൻറ കരുത്ത്. ഗോളി ജോർഡൻ പിക്ഫോഡ് ടൂർണമെൻറിൽ ആദ്യമായി ഗോൾ വഴങ്ങിയത് സെമിയിൽ ഡെന്മാർക്കിനെതിരെയാണ്.
ഹാരി മഗ്വയറും ജോൺ സ്റ്റോൺസും ലൂക് ഷോയും കെയ്ൽ വാൽക്കറുമടങ്ങുന്ന പ്രതിരോധം മികച്ച ഫോമിലാണ് പന്തുതട്ടുന്നത്. ജോർഡൻ ഹെൻഡേഴ്സണെപ്പോലുള്ളവരെ പുറത്തിരുത്തുന്ന മികവാണ് ഡിഫൻസീവ് മിഡ്ഫീൽഡർമാരായ കാൽവിൻ ഫിലിപ്സും ഡെക്ലൻ റൈസും കാഴ്ചവെക്കുന്നത്. പ്ലേമേക്കർ മാസൻ മൗണ്ടും വിങ്ങുകളിൽ ബുകായോ സാകയും റഹീം സ്റ്റെർലിങ്ങും നൽകുന്ന പിന്തുണ സ്കോറിങ് ബൂട്ടുകൾ തിരിച്ചുപിടിച്ച സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്നിന് പ്രധാനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.