റോം: സ്വന്തം കളിമുറ്റമായ വെംബ്ലി സ്റ്റേഡിയത്തിൽനിന്ന് മാറിയുള്ള യൂറോയിലെ ഇംഗ്ലണ്ടിെൻറ ആദ്യ കളിയാണിത്, അവസാനത്തെയും. റോം ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കുന്ന യുക്രെയ്നെതിരായ ക്വാർട്ടർ ഫൈനൽ ജയിച്ചുകയറിയാൽ മുമ്പത്തെ നാലു മത്സരങ്ങളിലെ പോലെ സെമിയും ഫൈനലും വെംബ്ലിയിൽ ആർത്തുവിളിക്കുന്ന സ്വന്തം കാണികൾക്കുമുന്നിൽ കളിക്കാം ഗാരെത് സൗത്ത്ഗെയ്റ്റിെൻറ ടീമിന്.
സമീപകാലത്തെ ഏറ്റവും മികച്ച ടീമുമായാണ് ഇംഗ്ലണ്ട് യൂറോക്കെത്തിയത്. ഓരോ പൊസിഷനിലും ആദ്യ ഇലവനിലും പകരംവരാനുള്ളവരും ഒന്നിനൊന്ന് മികച്ചവർ. ഗംഭീര പ്രകടനമൊന്നും ഇതുവരെ പുറത്തെടുത്തിട്ടില്ലെങ്കിലും ജയിക്കാനാവശ്യമായ കളി കളിക്കാൻ ടീമിനറിയാം. ജർമനിക്കെതിരായ മത്സരത്തിൽ അവരത് തെളിയിക്കുകയും ചെയ്തു.
ടൂർണമെൻറിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ടീമാണ് ഇംഗ്ലണ്ട്. നാലു കളികളിൽ ഗോൾ വഴങ്ങാത്ത രണ്ടു ടീമുകളേ യൂറോയുടെ ചരിത്രത്തിലുള്ളൂ. കഴിഞ്ഞ തവണത്തെ ജർമനിയും ഇത്തവണത്തെ ഇംഗ്ലണ്ടും. ലോകകപ്പും യൂറോ കപ്പുംകൂടി നോക്കിയാൽ 1990 ലോകകപ്പിൽ അഞ്ചു കളികളിൽ ക്ലീൻ ഷീറ്റ് നിലനിർത്തിയ ഇറ്റലിയാണ് മുന്നിൽ.
അവസാന മൂന്നു വട്ടം ക്വാർട്ടറിലെത്തിയപ്പോഴും ഇംഗ്ലണ്ടിെൻറ കളികൾ ഷൂട്ടൗട്ടിലെത്തിയിരുന്നു. 1996ൽ സ്പെയ്നിനെതിരെ ജയിച്ചപ്പോൾ 2004ൽ പോർചുഗലിനെതിരെയും 2012ൽ ഇറ്റലിക്കെതിരെയും തോറ്റു.
എ.സി. മിലാെൻറ ഇതിഹാസ താരങ്ങളിലൊരാളായ യുക്രെയ്ൻ കോച്ച് ആന്ദ്രി ഷെവ്ചെങ്കോക്ക് ഇറ്റലിയിലേക്കുള്ള വരവ് ഗൃഹാതുരതയുണർത്തുന്നതാണ്. കടലാസിൽ കരുത്ത് ഇംഗ്ലണ്ടിനാണെങ്കിലും അവസാനം വരെ പൊരുതിനിൽക്കാൻ കെൽപ്പുള്ള യുക്രെയ്ൻ പോരാടാനുറച്ചുതന്നെയാണ്. ആന്ദ്രി യർമലെങ്കോ, റസ്ലാൻ മലിനോവ്സ്കി, അലക്സാണ്ടർ ഷിൻചെങ്കോ തുടങ്ങിയവരാണ് ടീമിെൻറ നട്ടെല്ല്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.