ലണ്ടൻ: ഇടവേളക്കു ശേഷം ഇംഗ്ലണ്ട് ഫുട്ബാൾ സ്റ്റേഡിയങ്ങളിലേക്ക് കാണികൾ തിരികെയെത്തുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ബ്രിട്ടീഷ് സർക്കാർ ഇളവ് നൽകി തുടങ്ങിയതിനു പിന്നാലെയാണ് ഫുട്ബാൾ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ എത്തിക്കാനും നടപടിയായത്.
പൊതു പരിപാടികൾക്കും സ്പോർട്സ് മത്സരങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ സർക്കാർ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ ഏപ്രിൽ 18ന് വെംബ്ലിയിൽ നടക്കുന്ന എഫ്.എ കപ്പ് സെമിഫൈനലിൽ 4000 കാണികളെ പ്രവേശിപ്പിക്കും.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മേയ് 17 മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുഴുവൻ മത്സരങ്ങൾക്കും നിയന്ത്രിത അളവിൽ കാണികൾക്ക് പ്രവേശനം നൽകും. ഈ വർഷം നടക്കുന്ന യൂറോകപ്പ് മത്സരങ്ങളിൽ കാണികളെ എത്തിക്കുന്നതിെൻറ ആദ്യ പടിയായാണ് ലീഗ് മത്സരങ്ങൾ 'ഫാൻ ഓപൺ' ആക്കുന്നത്. ലെസ്റ്റർ സിറ്റി -സതാംപ്ടൺ മത്സരമാണ് ഏപ്രിൽ 18ന് നടക്കുന്നത്. ലണ്ടനിലുള്ള ആരാധകർക്ക് മാത്രമാവും സെമിയിൽ പ്രവേശനം. ലെസ്റ്റർ, സതാംപ്ടൺ നഗരങ്ങളിലെ ആരാധകരുടെ വരവ് ഒഴിവാക്കാനാണ് ഈ നീക്കം.
കഴിഞ്ഞ ഡിസംബറിലാണ് കോവിഡിെൻറ രണ്ടാം വരവിനെ തുടർന്ന് ഇംഗ്ലണ്ടിൽ വീണ്ടും സ്റ്റേഡിയങ്ങൾ അടച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.