ദോഹ: വിശ്വം കൊതിക്കുന്ന വിജയമുദ്രയിൽ കണ്ണുനട്ട് വമ്പന്മാർ എത്തിത്തുടങ്ങുന്നു. ഖത്തറിന്റെ മണ്ണിൽ നടക്കുന്ന ലോകപോരാട്ടത്തിൽ അന്തിമ വിജയത്തിലേക്ക് സാധ്യത കൽപിക്കപ്പെടുന്നവരിൽ ഉൾപ്പെടുന്ന ഇംഗ്ലണ്ടും നെതർലൻഡ്സും ചൊവ്വാഴ്ച ദോഹയിൽ പറന്നിറങ്ങും. യൂറോപ്യൻ ഫുട്ബാളിലെ കരുത്തുറ്റ നിരകളായ ഇരുടീമും ഏറെ പ്രതീക്ഷകളോടെയാണ് ഖത്തറിലെത്തുന്നത്.
പരമ്പരാഗതമായി മികച്ച കളി കെട്ടഴിക്കുന്നവയാണ് ഇരുടീമും. വമ്പൻ പോരാട്ടങ്ങളിൽ കപ്പിനരികെ അടിതെറ്റിവീഴുന്ന പതിവു കഥകൾക്ക് വിരാമം കുറിക്കുകയെന്ന പ്രതീക്ഷയോടെയാവും ഇംഗ്ലീഷ്, ഡച്ചുസംഘങ്ങൾ പോരാട്ടവേദിയിലിറങ്ങുക. ഈ ലോകകപ്പിൽ കറുത്ത കുതിരകളായേക്കാവുന്ന ഡെന്മാർക്കും ഖത്തറിനെതിരെ അൽബെയ്ത്ത് സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ ബൂട്ടുകെട്ടുന്ന എക്വഡോറും ചൊവ്വാഴ്ച ഖത്തറിലെത്തും.
നാലു ടീമുകളാണ് തിങ്കളാഴ്ച ഖത്തറിലെത്തിയത്. തുനീഷ്യ, ഇറാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ് ടീമുകളും എത്തിച്ചേർന്നതോടെ ഖത്തറിലെത്തിയ ടീമുകളുടെ എണ്ണം ആറായി. ഈ മാസം 10ന് യു.എസ്.എയും ഞായറാഴ്ച മൊറോക്കോയും എത്തിയിരുന്നു. അർജന്റീനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ബുധനാഴ്ചയെത്തും. 16ന് യു.എ.ഇയിൽ സന്നാഹ മത്സരം കളിച്ചശേഷമാണ് ലയണൽ മെസ്സിയും കൂട്ടുകാരും ദോഹയിലെത്തുക. ഖത്തർ സർവകലാശാല കാമ്പസ് ഹോസ്റ്റലിലാണ് ടീമിന് താമസ-പരിശീലന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
പരിക്കിനിടയിലും ടീമിൽ ഇടംപിടിച്ച സൂപ്പർ താരം സാദിയോ മാനെയുടെ നേതൃത്വത്തിൽ സെനഗാളും ആധുനിക ഫുട്ബാളിലെ മിന്നുംതാരങ്ങളിലൊരാളായ ഗാരെത് ബെയ്ൽ നയിക്കുന്ന വെയ്ൽസും ബുധനാഴ്ച ഖത്തറിലെത്തും. ഖത്തറിന്റെ അയൽക്കാരായ സൗദി അറേബ്യ വ്യാഴാഴ്ചയാണ് ദോഹയിലിറങ്ങുക. ജർമനി, പോളണ്ട്, മെക്സികോ, കാനഡ ടീമുകളും വ്യാഴാഴ്ചയെത്തും.
മുൻ ചാമ്പ്യന്മാരായ സ്‍പെയിൻ വെള്ളിയാഴ്ച ലോകകപ്പിനെത്തും. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ബെൽജിയം, ഘാന, ജപ്പാൻ, കോസ്റ്ററീക ടീമുകളും 18ന് ഖത്തറിലെത്തും.ബ്രസീലിന്റെ മഞ്ഞപ്പടയും പോർചുഗലിന്റെ പറങ്കിപ്പടയും കിക്കോഫ് ദിനത്തിന് തലേന്നാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.