സ്റ്റാംഫോഡ് ബ്രിഡ്ജിൽ സമൂഹ ഇഫ്താറൊരുക്കി ചെൽസി; പ്രിമിയർ ലീഗിൽ പുതുചരിത്രം

നാട്ടുകാരെ സ്വന്തം മൈതാനത്തേക്ക് നോമ്പുതുറക്ക് ക്ഷണിച്ച് നീലക്കുപ്പായക്കാർ. ഞായറാഴ്ച വൈകുന്നേരമാണ് സ്റ്റാംഫോഡ് ബ്രിഡ്ജിൽ സമൂഹ ഇഫ്താറുമായി ചെൽസി ക്ലബ് വേറിട്ട മാതൃക തീർത്തത്. പ്രിമിയർ ലീഗിൽ ആദ്യമായാണ് ഒരു ക്ലബ് സമൂഹ ഇഫ്താർ ഒരുക്കുന്നത്. കുട്ടികളും മുതിർന്നവരുമടക്കം ജീവിതത്തിന്റെ വിവിധ തുറകളിൽനിന്നായി നിരവധി പേർ ചടങ്ങിനെത്തി. ചെൽസി ജഴ്സിയിലെ ആദ്യ കറുത്ത വംശജനായിരുന്ന ഇതിഹാസ താരം പോഹ കനോവിൽ പരിപാടിയിൽ മുഖ്യ അതിഥിയായി. ഫുൾഹാമിലെ ജനങ്ങൾക്കൊപ്പം സ്കൂൾ വിദ്യാർഥികൾ, ആരാധകർ എന്നിവരും ചെൽസി ജീവനക്കാരും നോമ്പുതുറയിൽ പങ്കാളികളായി. ഒരു ഫുട്ബാൾ ക്ലബ് ആത്മീയതയും ഒപ്പം പാരമ്പര്യവും പൈതൃകവും മനസ്സിലാക്കണമെന്നും ഈ ഇഫ്താർ അതിന്റെ ആഘോഷമാണെന്നും പരിപാടിയിൽ സംസാരിച്ച ചെൽസി ഫൗണ്ടേഷൻ അധ്യക്ഷൻ ഡാനിയൽ ഫി​ങ്കെൽസ്റ്റീൻ പറഞ്ഞു.

എൻഗോളോ കാന്റെ, ഹകീം സിയെഷ്, വെസ്ലി ഫൊഫാന, മാലാങ് സർ, ഖാലിദു കൗലിബാലി തുടങ്ങി നിരവധി മുസ്‍ലിം താരങ്ങൾ ചെൽസി ജഴ്സിയിൽ ഇറങ്ങുന്നവരാണ്. ഇവരെ കൂടി ആദരിച്ചാണ് ‘റമദാൻ ടെന്റ് പ്രോജക്റ്റ്’ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചത്.

റമദാൻ നാളുകളിൽ കളി നടക്കുമ്പോൾ ഇഫ്താർ സമയത്ത് മുസ്‍ലിം താരങ്ങൾക്കായി ഇടവേള നൽകാൻ പ്രിമിയർ ലീഗ് ഉന്നതാധികാര സമിതി നിർദേശം നൽകിയിരുന്നു. ചെൽസി മാതൃക പിന്തുടർന്ന് മുൻനിര ക്ലബുകളായ ബ്രൈറ്റൺ, ആസ്റ്റൺ വില്ല ക്ലബുകളടക്കം വരുംദിവസങ്ങളിൽ പരിപാടി നടത്തുന്നുണ്ട്. സ്റ്റാംഫോഡ് ബ്രിഡ്ജിലെ പരിപാടിയിൽ ‘ഇസ്‍ലാമിക് റിലീഫ്’ സംഘടനയുടെ യു.കെ ഡയറക്ടർ തുഫൈൽ ഹുസൈൻ, പ്രദേശത്തെ ഇമാം സഫ്‍വാൻ ഹുസൈൻ എന്നിവരും സംസാരിച്ചു. ഇംറാൻ അബൂ ഹുസൈൻ നമസ്കാരത്തിന് നേതൃത്വം നൽകി. 

Tags:    
News Summary - English football club Chelsea hosted the open iftar event at Stamford Bridge for the first time in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.