മാഞ്ചസ്റ്റർ: പുതിയ പരിശീലകൻ റാൽഫ് റാങ്നിക്കിനു കീഴിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ആദ്യ തോൽവി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സാണ് ഏകപക്ഷീയമായ ഒരു ഗോളിന് യുനൈറ്റഡിനെ വീഴ്ത്തിയത്. 82ാം മിനിറ്റിൽ ജാവോ മൗടീന്യോയുടെ ബൂട്ടിൽനിന്നായിരുന്നു നിർണായക ഗോൾ.
40 വർഷത്തിനുശേഷമാണ് യുനൈറ്റഡ് സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡിൽ വോൾവ്സിനോട് തോൽക്കുന്നത്. മത്സരത്തിലുടനീളം ബാക്ക്ഫൂട്ടിലായിരുന്ന യുനൈറ്റഡിനെതിരെ അർഹിക്കുന്ന വിജയമായിരുന്നു വോൾവ്സിന്റേത്. മത്സരത്തിൽ വോൾവ്സ് ഗോൾ തേടി 19 ഷോട്ടുകൾ പായിച്ചു. ഇതിൽ 15ഉം ആദ്യ പകുതിയിലായിരുന്നു. 2003ൽ ഇത്തരം കണക്കുകൾ റെക്കോഡ് ചെയ്യപ്പെട്ടുതുടങ്ങിയശേഷം 'തിയറ്റർ ഓഫ് ഡ്രീംസി'ൽ സന്ദർശക ടീമിന്റെ ഏറ്റവും കൂടുതൽ ഷോട്ടുകളാണിത്.
റാങ്നിക് ചുമതലയേറ്റതുമുതൽ നടപ്പാക്കിത്തുടങ്ങിയ പ്രസിങ് ശൈലി യുനൈറ്റഡിന് വോൾവ്സിനെതിരെ പുറത്തെടുക്കാനായതേയില്ല. 19 മത്സരങ്ങളിൽ 31 പോയന്റുമായി ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്. 28 പോയന്റുള്ള വോൾവ്സ് തൊട്ടുപിന്നിലുണ്ട്.
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ രണ്ടാമതുള്ള സെവിയ്യ ജയവുമായി ഒന്നാമതുള്ള റയൽ മഡ്രിഡിന്റെ ലീഡ് അഞ്ചു പോയന്റാക്കി കുറച്ചു. കാഡിസിനെയാണ് സെവിയ്യ 1-0ത്തിന് തോൽപിച്ചത്. റയൽ കഴിഞ്ഞദിവസം ഗെറ്റാഫെയോട് തോറ്റിരുന്നു. 20 കളികളിൽ റയലിന് 46ഉം 19 മത്സരങ്ങളിൽ സെവിയ്യക്ക് 41ഉം പോയന്റാണുള്ളത്.
ലൂകാസ് ഒകാംപോസിന്റെ ഗോളാണ് കാഡിസിനെതിരെ സെവിയ്യക്ക് ജയം സമ്മാനിച്ചത്. ഒയ്ഹാൻ സാൻസെറ്റിന്റെ ഹാട്രിക് മികവിൽ അത്ലറ്റികോ ബിൽബാവോ 3-1ന് ഒസാസുനയെ തോൽപിച്ചപ്പോൾ ജെറാഡ് മൊറേനോയുടെ ഇരട്ട ഗോൾ കരുത്തിൽ വിയ്യ റയൽ 5-0ത്തിന് ലെവന്റെയെ തകർത്തു. ലൂക് ഡി യോങ്ങിന്റെ ഗോളിൽ ബാഴ്സലോണ 1-0ത്തിന് മയ്യോർകയെ തോൽപിച്ചു.
പാരിസ്: സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപെയുടെ ഹാട്രിക് മികവിൽ ഫ്രഞ്ച് കപ്പിൽ നിലവിലെ ജേതാക്കളായ പി.എസ്.ജി നാലാം റൗണ്ടിൽ ജയം നേടി. നാലാം ഡിവിഷൻ ക്ലബായ വാന്നെസിനെ 4-0ത്തിനാണ് പി.എസ്.ജി തകർത്തത്. ഒരു ഗോൾ പ്രസ്നൽ കിംപെംബെ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.