ലണ്ടൻ: ഞായറാഴ്ച വൈകീട്ട് ഇത്തിഹാദിൽ സ്വന്തം കാണികൾക്കു മുന്നിൽ വമ്പന്മാരായ ചെൽസിയെ വീഴ്ത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹാട്രിക് കിരീടം സ്വന്തമാക്കണമെന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ആഗ്രഹം. അതിനുള്ള അവസരം പക്ഷേ രണ്ടാം സ്ഥാനക്കാരായ ആഴ്സനൽ ‘നിഷേധിച്ചു’. ശനിയാഴ്ചതന്നെ സിറ്റിയെ ജേതാക്കളാക്കി ആഴ്സനൽ ഒറ്റ ഗോളിന് നോട്ടിങ്ഹാമിനോട് കീഴടങ്ങി. മൂന്നു മത്സരങ്ങൾ ബാക്കിയിരിക്കെ ചാമ്പ്യന്മാർ. ഇതോടെ താരങ്ങളും ആരാധകരും ആഘോഷവും തുടങ്ങി. കിരീടനേട്ടത്തിന്റെ ആരവങ്ങൾക്കിടെ ചെൽസിക്കെതിരായ മത്സരം 1-0ത്തിന് ജയിച്ചു സിറ്റി. 12ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് ഗോൾ നേടിയത്. ജയത്തോടെ 36 മത്സരങ്ങളിൽ 88 പോയന്റായി. രണ്ടാമതുള്ള ആഴ്സനലിന് 37 കളികളിൽ 81ഉം.
ആറു സീസണിനിടെ സിറ്റിയുടെ അഞ്ചാം കിരീടമാണിത്. 2017-18നും 2022-23നും ഇടയിൽ ഒരു പ്രാവശ്യം മാത്രമാണ് കിരീടം കൈയിൽനിന്ന് വഴുതിയത്. 2019-20ൽ ലിവർപൂളായിരുന്നു ചാമ്പ്യന്മാർ. 2022-23 സീസണിലെ സുപ്രധാനമായ മൂന്നു കിരീടങ്ങളായിരുന്നു സിറ്റിയുടെ കൈയരികത്തുണ്ടായിരുന്നത്. പ്രീമിയർ ലീഗ് ജേതാക്കളായതോടെ ഒരെണ്ണം കിട്ടി. ഇനി എഫ്.എ കപ്പ് ഫൈനലിൽ ജൂൺ മൂന്നിന് മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ. തൊട്ടടുത്തയാഴ്ച ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാനെതിരായ കലാശക്കളി. ഇതുവരെ സിറ്റിയുടെ ഷെൽഫിലൊരു ചാമ്പ്യൻസ് ലീഗ് ട്രോഫിയില്ല. ഒമ്പതാമത്തെ ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് (പ്രീമിയർ ലീഗ്) കിരീടമാണിത്. 1936-37, 1967-68, 2011-12, 2013-14, 2017-18, 2018-19, 2020-21, 2021-22, 2022-23 സീസണുകളിലായിരുന്നു നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.