യുനൈറ്റഡിന് രക്ഷയില്ല! ലീഡ് നേടിയിട്ടും ടോട്ടൻഹാമിനോട് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്-ടോട്ടൻഹാം ആവേശപോര് സമനിലയിൽ പിരിഞ്ഞു. ക്ലബിന്‍റെ പുതിയ ഉടമയായതിനുശേഷം സർ ജിം റാറ്റ്ക്ലിഫ് ആദ്യമായി കാണാനെത്തിയ മത്സരത്തിൽ രണ്ടു തവണ യുനൈറ്റഡ് ലീഡ് നേടിയിട്ടും സമനിലയിൽ അവസാനിക്കാനായിരുന്നു ഹെറിക് ടെൻ ഹാഗിന്‍റെയും സംഘത്തിന്‍റെയു വിധി.

ഇരുടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് മത്സരം പിരിഞ്ഞത്. റാസ്മസ് ഹോജ്ലാൻഡിലൂടെ മൂന്നാം മിനിറ്റിൽ തന്നെ യുനൈറ്റഡ് മുന്നിലെത്തി. 19ാം മിനിറ്റിൽ ബ്രസീൽ താരം റിച്ചാർലിസൺ ടോട്ടൻഹാമിനെ ഒപ്പമെത്തിച്ചു. സീസണിലെ ആറാം ഗോളാണ് താരം നേടിയത്. ഏഷ്യ കപ്പിൽ പങ്കെടുക്കുന്നതിനാൽ നായകൻ സൺ ഹ്യൂങ് മിൻ ഇല്ലാതെയാണ് ടോട്ടാൻഹാം കളത്തിലിറങ്ങിയത്. 40ാം മിനിറ്റിൽ മാർകസ് റാഷ്ഫോർഡിലൂടെ യുനൈറ്റഡ് വീണ്ടും ലീഡെടുത്തു.

രണ്ടാം പകുതി ആരംഭിച്ചതും യുറുഗ്വായ് താരം റോഡ്രിഗോ ബെന്‍റാൻകറിലൂടെ (46ാം മിനിറ്റിൽ) ടോട്ടൻഹാം സമനില പിടിച്ചു. പന്തു കൈവശം വെക്കുന്നതിലും ഷോട്ട് തൊടുക്കുന്നതിലും ടോട്ടൻഹാമിനായിരുന്നു മത്സരത്തിൽ മുൻതൂക്കം. ടോട്ടൻഹാം താരങ്ങൾ 16 ഷോട്ടുകൾ തൊടുത്തപ്പോൾ, യുനൈറ്റഡിന്‍റെ അക്കൗണ്ടിൽ ഒമ്പതെണ്ണം മാത്രം. ജയിച്ചിരുന്നെങ്കിൽ പോയന്‍റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് ടോട്ടൻഹാമിന് നാലാം സ്ഥാനത്ത് എത്താമായിരുന്നു.

ഡയറക്ടർമാരുടെ ബോക്സിൽ സർ അലക്സ് ഫെർഗുസണൊപ്പം ഇരുന്നാണ് റാറ്റ്ക്ലിഫ് കളി കണ്ടത്. നിലവിൽ 32 പോയന്‍റുമായി ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്. 31 പോയന്‍റുള്ള ബ്രൈറ്റണും ചെൽസിയും അടുത്ത മത്സരം ജയിക്കുകയാണെങ്കിൽ യുനൈറ്റഡ് പത്താം സ്ഥാനത്തേക്ക് വീഴും.

Tags:    
News Summary - English Premier League: Manchester United 2-2 Tottenham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.