ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. മൂന്നാമതുള്ള ന്യൂകാസിൽ യുനൈറ്റഡ് 35ാം റൗണ്ടിൽ സമനിലയിൽ കുടുങ്ങിയപ്പോൾ നാലാമതുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് ജയംകണ്ടു. സ്ഥാനങ്ങളിൽ മാറ്റമില്ലെങ്കിലും ഇരുടീമുകൾക്കും 66 പോയന്റ് വീതമാണ്. മാഞ്ചസ്റ്റർ സിറ്റിയാണ് (82) മുന്നിൽ. ആഴ്സനൽ (81) തൊട്ടുപിന്നിലുണ്ട്.
മാഞ്ചസ്റ്റർ യുനൈറ്റഡ് 2-0ത്തിന് വോൾവ്സിനെയാണ് തോൽപിച്ചത്. ആന്റണി മാർസ്യാൽ (32), പകരക്കാരനായി ഇറങ്ങിയ അലെയാന്ദ്രോ ഗർനാചോ (90+4) എന്നിവരായിരുന്നു സ്കോറർമാർ. ലീഡ്സ് യുനൈറ്റഡാണ് ന്യൂകാസിലിനെ 2-2ന് തളച്ചത്. ലൂക് എയ്ലിങ് (7), റാസ്മസ് ക്രിസ്റ്റൻസൺ (79) എന്നിവർ ലീഡ്സിനും കാലം വിൽസൺ (31, 69 -രണ്ടും പെനാൽറ്റി) ന്യൂകാസിലിനും സ്കോർ ചെയ്തു.
ആറാമതുള്ള ടോട്ടൻഹാം ഹോട്സ്പർ തോൽവി വഴങ്ങിയപ്പോൾ 11ാമതുള്ള ചെൽസി സമനിലയിൽ കുടുങ്ങി. ആസ്റ്റൺവില്ലയാണ് 2-1ന് ടോട്ടൻഹാമിനെ തോൽപിച്ചത്. ജേക്കബ് റാംസിയും (8) ഡഗ്ലസ് ലൂയിസുമാണ് (72) ആസ്റ്റൺവില്ലയുടെ ഗോൾ നേടിയത്. ഹാരി കെയ്ൻ (90-പെനാൽറ്റി) ടോട്ടൻഹാമിനായി ഒരു ഗോൾ മടക്കി. നോട്ടിങ്ഹാം ഫോറസ്റ്റ് ആണ് 2-2ന് ചെൽസിയെ തളച്ചത്. ചെൽസിയുടെ ഗോളുകൾ റഹീം സ്റ്റർലിങ്ങും (51, 58) നോട്ടിങ്ഹാമിന്റേത് തൈവോ അവോനിയിയും (13, 62) നേടി. ക്രിസ്റ്റൽ പാലസ് 2-0ത്തിന് ബോൺമൗത്തിനെയും ഫുൾഹാം 2-0ത്തിന് സതാംപ്ടണിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.