രക്ഷയില്ല, തോൽവി തന്നെ! വെസ്റ്റ്ഹാമിനോടും തോറ്റ് യുനൈറ്റഡ് (2-0)

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ഏട്ടാം തോൽവിയുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്. വെസ്റ്റ് ഹാമാണ് ഏകപക്ഷീയമായ രണ്ടു ഗോളിന് യുനൈറ്റഡിനെ തകർത്തത്.

ലീഗിലെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് എറിക് ടെൻ ഹാഗിന്‍റെ സംഘത്തിന് ജയിക്കാനായത്. സീസണിൽ വിവിധ ചാമ്പ്യൻഷിപ്പുകളിലായി യുനൈറ്റഡിന്‍റെ പ്രകടനം നോക്കുമ്പോൾ ജയിച്ചതിനേക്കാൾ കൂടുതൽ തോൽവിയാണ് കണക്കിൽ. തോൽവിയോടെ യുനൈറ്റഡ് ലീഗ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് വീണു.

ഇംഗ്ലീഷ് താരം ജറോഡ് ബോവൻ (72ാം മിനിറ്റിൽ), ഘാനയുടെ മുഹമ്മദ് ഖുദുസ് (78ാം മിനിറ്റിൽ) എന്നിവരാണ് വെസ്റ്റ്ഹാമിനുവേണ്ടി ഗോൾ നേടിയത്. മത്സരത്തിന്‍റെ ഒന്നാം പകുതി വിരസമായിരുന്നു. കാര്യമായ നീക്കങ്ങളൊന്നും ഇരുടീമുകളും നടത്തിയില്ലെങ്കിലും പന്തടക്കത്തിൽ യുനൈറ്റഡിനായിരുന്നു മുൻതൂക്കം. എന്നാൽ, കിട്ടിയ അവസരങ്ങൾ മുതലെടുക്കാനുമായില്ല.

ആറു മിനിറ്റിനിടെ രണ്ടു തവണ വലകുലുക്കി രണ്ടാം പകുതി വെസ്റ്റ്ഹാം സ്വന്തമാക്കുന്നതാണ് കണ്ടത്. ബോക്സിനുള്ളിലേക്ക് പക്വെറ്റ ഉയർത്തി നൽകിയ പന്ത് ബോവൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പ്രതിരോധത്തിൽ കോബി മെനു വരുത്തിയ പിഴവാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. വെസ്റ്റ്ഹാമിനായി ഖുദുസിന്‍റെ സീസണിലെ പത്താം ഗോളാണിത്. സീസണിൽ വിവിധ ചാമ്പ്യൻഷിപ്പുകളിലായി 13 മത്സരങ്ങളാണ് യുനൈറ്റഡ് ഇതുവരെ തോറ്റത്.

ക്രിസ്മസിനു മുമ്പായി സീസണിൽ കൂടുതൽ മത്സരങ്ങൾ തോറ്റത് ഇതിനു മുമ്പ് 1930-31 സീസണിലാണ്. 16 മത്സരങ്ങൾ. അന്ന് ഏറ്റവും അവസാന സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്. 1992ൽ അലക്സ് ഫെർഗൂസനുശേഷം ആദ്യമായാണ് അവസാനമായി കളിച്ച നാലു മത്സരങ്ങളിലും ടീമിന് ഗോൾ നേടാനാകാത്തത്.

Tags:    
News Summary - English Premier League: West Ham United beat Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.