ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് എട്ടാം തോൽവി. വോൾവ്സാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസിയുടെ ചിറകരിഞ്ഞത്. കഴിഞ്ഞ ആറ് ലീഗ് മത്സരങ്ങളിലെ നാലാം തോൽവിയാണ് ചെൽസിയുടേത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 51ാം മിനിറ്റിൽ മാരിയോ ലെമിനയും ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ പകരക്കാരൻ മാറ്റ് ഡൊഹെർട്ടിയും വോൾവ്‌സിനായി ലക്ഷ്യംകണ്ടപ്പോൾ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ പകരക്കാരൻ ക്രിസ്റ്റഫൻ എൻകുൻകുവിലൂടെയാണ് ചെൽസി ആശ്വാസഗോൾ കണ്ടെത്തിയത്.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ബാൾ ലക്ഷ്യത്തിലെത്തിക്കുന്നതിലെ പരാജയമാണ് ചെൽസിക്ക് തിരിച്ചടിയായത്. 28ാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്തുനിന്ന് അവർക്കനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും റഹിം സ്റ്റർലിങ്ങിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. രണ്ട് മിനിറ്റിനകം വോൾവ്സിനും സമാന അവസരം ലഭിച്ചെങ്കിലും പ്രതിരോധത്തിൽ തട്ടി പുറത്തേക്ക് പോയി. ഉടൻ എതിർ പ്രതിരോധ താരത്തിൽനിന്ന് തട്ടിയെടുത്ത പന്തുമായി സ്റ്റർലിങ് കുതിച്ചെങ്കിലും ഗോളി മാത്രം മുന്നിൽനിൽക്കെ അവസരം അവിശ്വസനീയമായി തുലച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വോൾവ്സിനും സുവർണാവസരം ലഭിച്ചെങ്കിലും ഹെഡർ ചെൽസി ഗോൾകീപ്പർ മനോഹരമായി തടഞ്ഞിട്ടു.
സെറാബിയ എടുത്ത ഫ്രീകിക്കിൽനിന്നായിരുന്നു വോൾവ്സിന്റെ ആദ്യ ഗോൾ പിറന്നത്. ഉയർന്നെത്തിയ പന്ത് മരിയോ ലെമിന തകർപ്പൻ ഹെഡറിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു. 63ാം മിനിറ്റിൽ ചെൽസി തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും വോൾവ്സ് പ്രതിരോധ താരത്തിന്റെ ഗോൾലൈൻ സേവ് വഴിമുടക്കി. ഉടൻ റഹിം സ്റ്റർലിങ്ങിന്റെ ഗോൾ ശ്രമവും എതിർ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. 81ാം മിനിറ്റിൽ വോൾവ്സിന്റെ ഗോൾശ്രമം ചെൽസി ഗോൾകീപ്പർ ഡൈവ് ചെയ്ത് തട്ടിയകറ്റി.
ചെൽസിയുടെ പിഴവിൽനിന്നായിരുന്നു വോൾവ്സിന്റെ രണ്ടാം ഗോൾ. എതിർ താരത്തിൽനിന്ന് തട്ടിയെടുത്ത പന്ത് കൈമാറിക്കിട്ടിയ വോൾവ്സ് താരത്തിന്റെ ഷോട്ട് ചെൽസി പ്രതിരോധത്തിൽ തട്ടിത്തെറിച്ചപ്പോൾ പന്ത് കിട്ടിയ മാറ്റ് ഡൊഹെർട്ടി അനായാസം വലയിലേക്ക് തട്ടിയിടുകയായിരുന്നു. കളി അവസാനിക്കാനിരിക്കെ സ്റ്റർലിങ് വലതുവിങ്ങിൽനിന്ന് ഉയർത്തി നൽകിയ ക്രോസ് ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ച് എൻകുൻകു ചെൽസിയുടെ ആശ്വാസ ഗോൾ കണ്ടെത്തി.
18 കളിയിൽ ആറ് ജയം മാത്രമുള്ള ചെൽസി 22 പോയന്റുമായി പത്താംസ്ഥാനത്താണ്. അത്രയും കളിയിൽ 22 പോയന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ വോൾവ്‌സ് 11ാമതായി. 40 പോയന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്തുള്ളപ്പോൾ 39 പോയന്റ് വീതമുള്ള ലിവർപൂൾ, ആസ്റ്റൻ വില്ല ടീമുകൾ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.