റോം: പ്രതിരോധവും ആക്രമണവും തുല്യമായി മൈതാനം ഭരിക്കുകയും പന്ത് ഗോൾവല തേടി ഇരുവശത്തും പറന്നുനടക്കുകയും ചെയ്ത മൂന്നു മണിക്കൂർ പോരിൽ ജോർജിഞ്ഞോ രക്ഷകനായപ്പോൾ അസൂറികൾ യുറോ കലാശപ്പോരിന്. അധിക സമയവും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ സ്പെയിനിനെ വീഴ്ത്തിയാണ് ഇറ്റലി കലാശപ്പോര് ഉറപ്പിച്ചത്. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്- ഡെൻമാർക്ക് സെമിയിലെ ജേതാക്കളാകും ഫൈനലിൽ എതിരാളികൾ.
2008ലും അതുകഴിഞ്ഞ് 2012ലും ചുണ്ടോടുചേർത്ത കപ്പ് വീണ്ടുമൊരിക്കൽ സ്വന്തം ഷോക്കേസിലെത്തിക്കാമെന്ന ആവേശത്തോടെ 18കാരൻ പെഡ്രിയുൾപെട്ട കൗമാര നിര കളംനിറയുകയും ആദ്യാവസാനം മനോഹരമായ അവസരങ്ങളുമായി ആവേശം തിരിച്ചുവിളിക്കുകയും ചെയ്ത് സ്പെയിൻ ആയിരുന്നു മത്സരത്തിൽ ഒരു പണത്തൂക്കം മുന്നിൽ. പക്ഷേ, ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ കെട്ടുകെട്ടിച്ച അസൂറികൾക്ക് മുന്നിൽ അതും മതിയാകില്ലായിരുന്നു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം ഇറ്റലിയുടെ ഫ്രഡറികൊ ചീസയാ ആദ്യ വെടി പൊട്ടിച്ചു- 60ാം മിനിറ്റിൽ. 20 മിനിറ്റ് കാത്തിരിക്കേണ്ടിവന്നെങ്കിലും അൽവാരോ മൊറാറ്റോ സ്പെയിനിനെ ഒപ്പമെത്തിക്കുകയും ചെയ്തു. അധിക സമയം പൂർത്തിയാക്കിയിട്ടും സമനില ബാക്കിയായപ്പോൾ വിധി നിർണയിച്ച് ഷൂട്ടൗട്ട് എത്തി. കളിയെ അധിക സമയത്തേക്ക് നീട്ടി ആദ്യം ഗോളടിച്ച മൊറാറ്റോയുടെ കിക്ക് ഇറ്റാലിയൻ ഗോളിയുടെ കൈകളിലെത്തുകയും മുൻനിര താരം ഡാനി ഒൽമോ പുറത്തേക്ക് അടിച്ചുകളയുകയും ചെയ്തതോടെ ഇറ്റലിക്കായി നാലാം കിക്കെടുത്ത ജോർജീഞ്ഞോയിലായിരുന്നു കണ്ണുകൾ മുഴുവൻ. ഒന്നും സംഭവിക്കാത്ത മട്ടിൽ അനായാസം പോസ്റ്റിലേക്ക് തട്ടിയിട്ട ജോർജീഞ്ഞോ ഇറ്റലിയെ കിരീടത്തിന് ഒരു മത്സരം മാത്രം അരികെയെത്തിച്ചു.
ശരിക്കും ഫൈനലിെൻറ അത്യാവേശം നൽകിയ സെമിയായിരുന്നു അർമഡകളും അസൂറികളും തമ്മിൽ നടന്നത്. സാങ്കേതിക മികവും കളിയഴകും സമം ചാലിച്ച് ഹൃദയം പോലെ മൈതാനം മിടിച്ചുനിന്ന അത്യപൂർവ പോരാട്ടം. ഇന്നലെ രാത്രിയിൽ സ്പെയിനിനായിരുന്നു ഇത്തിരി മികവെങ്കിൽ മൊത്തം മത്സരങ്ങളിൽ ഇറ്റലിക്കായിരുന്നു മേൽക്കൈ. മൊറാറ്റയെ ആദ്യം പുറത്തിരുത്തി കളി നയിച്ച സ്പാനിഷ് കോച്ച് എൻറിക് ഇറ്റലിക്കെതിരെ പുതിയ കളിയാണ് പുറത്തെടുക്കാൻ ഉപദേശിച്ചത്. അത് അസൂറികൾക്ക് തുടക്കം പിഴച്ചെന്നുവരുത്തുകയും ചെയ്തു. പക്ഷേ, ഗോൾ വീണ 62ാം മിനിറ്റിൽ മൊറാറ്റ എത്തുന്നതോടെ സ്പെയിനിെൻറ കളി ഒന്നൂടെ മാറി. വീണ ഗോൾ അതിവേഗം മടങ്ങുകയും ചെയ്തു. അൽവാരോ തുടങ്ങിയ നീക്കത്തിൽ ഒൽമോക്ക് പന്ത് നൽകി തിരിച്ചുവാങ്ങി ഗോളിേലക്ക് അടിച്ചുപായിക്കുകയായിരുന്നു. ഷൂട്ടൗട്ട് വിധി നിർണയിച്ചതോടെ 68 ശതമാനം കളി നയിച്ചിട്ടും തോൽവിയുമായി മടങ്ങുകയെന്ന വേദനയായി അർമഡകൾക്ക്. സ്പെയിൻ ലക്ഷ്യത്തിലേക്ക് 12 തവണ ഷോട്ട് പായിച്ചപ്പോൾ മൂന്നു തവണ മാത്രമായിരുന്നു ഇറ്റലിക്ക് അവസരം ലഭിച്ചത്, അതിലൊന്ന് ഗോളാക്കി മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.